തെലങ്കാനയില്‍ നിന്നുള്ള ബിടെക് എഞ്ചിനീയര്‍ മാനസ വാരണാസിയാണ് ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത്. 2020ലെ മിസ് ഇന്ത്യപട്ടം കരസ്ഥമാക്കിയ മാനസിക്ക് പുറമെ സമൂഹമാധ്യമത്തില്‍ നിറയുന്ന മറ്റൊരാളുമുണ്ട്. റണ്ണറപ്പായ മന്യാ സിങ്,  വിജയത്തിന് ദുരിതത്തോട് മല്ലിടുന്നതിന്റെ അറിയാക്കഥ കൂടി പറയാനുണ്ട് മന്യക്ക്.

ഗ്ലാമര്‍ ലോകത്തേക്ക് ചുവടുവച്ച മന്യയുടെ വിജയത്തിളക്കത്തില്‍ ഓട്ടോഡ്രൈവര്‍ കൂടിയായ അച്ഛന്റെ കഠിനാധ്വാനം കൂടിയുണ്ട്. ഉത്തര്‍പ്രദേശില്‍ ഓട്ടോഡ്രൈവറായ അച്ഛന്റെ വിശ്രമമില്ലാത്ത ഓട്ടത്തിനുള്ള സമ്മാനമാണ് മന്യയുടെ വിജയം. ഈ പദവി തന്നെപ്പോലുള്ള നിരവധി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നാണ് മന്യയുടെ വിശ്വാസം. എന്റെ രക്തവും വിയര്‍പ്പും കണ്ണുനീരും സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ധൈര്യം പകര്‍ന്നു എന്നാണ് മന്യ പറയുന്നത്. 

ദുരിതം നിറഞ്ഞ നിരവധി അനുഭവങ്ങള്‍ തനിക്ക് പങ്കുവെക്കാനുണ്ടെന്നും മന്യ പറയുന്നു. മതിയായ ഭക്ഷണമോ ഉറക്കമോ ഇല്ലാത്ത നിരവധി രാത്രികളുണ്ടായിട്ടുണ്ട്, പണം മിച്ചം വെക്കാനായി കാതങ്ങളോളം നടന്നിട്ടുണ്ട്. മറ്റൊരാള്‍ കൈമാറാത്ത പുസ്തകങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമൊക്കെ വേണ്ടി ഒരുപാട് ആഗ്രഹിച്ച കാലമുണ്ട്,പക്ഷേ സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമല്ലായിരുന്നു.-മന്യ പറയുന്നു. 

അല്‍പമുണ്ടായിരുന്ന പൊന്ന് പണയം വച്ചാണ് മന്യയുടെ പരീക്ഷാഫീസിനുള്ള പണം മാതാപിതാക്കള്‍ കണ്ടെത്തിയത്. എല്ലാസമയത്തും കൈവശമുണ്ടാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം എന്നാണ് മന്യ പറയുന്നത്. പുസ്തകത്തിന് പണം നല്‍കാനില്ലാതെയും സ്‌കൂള്‍ ഫീസ് അടക്കാനില്ലാതെയും ഓട്ടോ ഡ്രൈവറുടെ മകള്‍ ആയതിന്റെ പേരിലുമൊക്കെ സഹപാഠികള്‍ പോലും മന്യയെ അവഗണിച്ചിരുന്നു. പകല്‍ പഠിച്ചും വൈകുന്നേരം പാത്രം കഴുകിയും കോള്‍ സെന്ററില്‍ ജോലി ചെയ്തും പണം സമ്പാദിച്ചു. ഇന്ന് തന്റെ അമ്മയെയും അച്ഛനെയും ഇളയ സഹോദരനെയും ഉന്നതിയിലേറ്റിയാണ് താന്‍ മിസ് ഇന്ത്യാ വേദിയില്‍ മത്സരിക്കാനെത്തിയത്. അവനവനോടും അവനവന്റെ സ്വപ്‌നങ്ങളോടും പ്രതിബദ്ധരായാല്‍ എന്തും സാധ്യമാണെന്നു ലോകത്തോട് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് താനെന്നും മന്യ പറയുന്നു. 

ഫെബ്രുവരി പത്തിന് രാത്രി നടന്ന മത്സരത്തിനൊടുവിലാണ് ഇരുപത്തിമൂന്നുകാരിയായ മാനസ വാരണാസിയെ വിജയിയായി പ്രഖ്യാപിച്ചത്. 2019ലെ മിസ് ഇന്ത്യാപട്ടം സ്വന്തമാക്കിയ സുമന്‍ രതന്‍ സിങ് മാനസയെ കിരീടമണിയിച്ചു. ഹരിയാന സ്വദേശിയായ മണിക ഷിയോകണ്ട് മിസ് ഗ്രാന്‍ഡ് ഇന്ത്യയായും ഉത്തര്‍പ്രദേശ് സ്വദേശിയായ മന്യാ സിംഗ് മിസ് ഇന്ത്യാ 2020 റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മാനസ വരുന്ന എഴുപതാമത് മിസ് വേള്‍ഡ് പേജന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. 2021 ഡിസംബറിലാണ് ലോകസുന്ദി മത്സരം നടക്കുന്നത്. 

വാണി കപൂര്‍, അപര്‍ശക്തി ഖുരാന തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബോളിവുഡ് താരങ്ങളായ നേഹാ ധൂപിയ, പുള്‍കിത് സാമ്രാട്ട്, പ്രശസ്ത ഡിസൈനര്‍ ഫാല്‍ഗുനി, ഷെയ്ന്‍ പീകോക്ക് തുടങ്ങിയവരാണ് മിസ് ഇന്ത്യാ ജൂറിയിലുണ്ടായിരുന്നത്. 

Content Highlights: Manya Singh, Daughter Of A Rickshaw Driver, Crowned Miss India 2020 Runner-Up