കണ്ണൂർ: പുണെയിൽ എൻജിനിയറായ മഞ്ജുളാ മുത്തുകൃഷ്ണൻ വർഷത്തിലൊരിക്കലെങ്കിലും തറവാട്ടിലെത്തിയാൽ അലമാരിയിലെ പുസ്തകങ്ങളും രേഖകളും ഒരനുഷ്ഠാനംപോലെ മറിച്ചുനോക്കുകയും പൊടിതട്ടി വെക്കുകയും ചെയ്യും. ജ്യേഷ്ഠൻ റിട്ട. കേണൽ മധുമോഹനനുംകൂടി ചേർന്ന് ഇത്തവണ അലമാര വൃത്തിയാക്കുമ്പോഴാണ് ഒരു ക്രിസ്മസ് കാർഡ് കിട്ടിയത്. അമ്മയുടെ വിലാസത്തിലുള്ള അത് ഡിയാന കുർട് ഡെലോങ്ങിന്റേതാണ്!
ആ പേര് ഓർക്കുന്നില്ലെങ്കിലും മുത്തശ്ശിയും അമ്മയും പറഞ്ഞ മദാമ്മക്കഥ അവരോർത്തു. അവർ ജനിക്കുംമുമ്പ് വീട്ടിൽ അതിഥിയായി വന്ന ഒരു 22-കാരി. ഇതേവരെ കണ്ടിട്ടില്ലാത്ത ആ അതിഥിയെ ഫേസ്ബുക്കിലൂടെ കണ്ടെത്താനായി ശ്രമം. കുർട് ഡെലോങ്ങിനെയാണ് ആദ്യം കണ്ടെത്തിയത്. ഡിയാനയെക്കുറിച്ച‌് തിരക്കിയപ്പോൾ, നിങ്ങൾക്കു തെറ്റിയിട്ടില്ല, തന്റെ മുൻഭാര്യയാണവർ എന്നായിരുന്നു മറുപടി. ഡിയാന ഇന്ത്യയിൽ താമിസിച്ചിരുന്നെന്നും അവരെ അറിയിക്കാമെന്നും മുൻഭർത്താവ് പറഞ്ഞു.
ഡിയാന ഡെലോങ് അടുത്തദിവസം വീഡിയോകോൾ വിളിച്ച് മണിക്കുട്ടന്റെ സഹോദരിയാണല്ലേ എന്നു ചോദിച്ചപ്പോൾ ശരിക്കും വല്ലാത്ത അനുഭവമായി. മൂത്ത ജ്യേഷ്ഠൻ കഴിഞ്ഞവർഷം മരിച്ച ജയശങ്കറാണ് മണിക്കുട്ടൻ. അതുപറഞ്ഞപ്പോൾ ഫോട്ടോ അയച്ചു. ജയശങ്കറിനെ കൈക്കുഞ്ഞായപ്പോൾ എടുത്തുനിൽക്കുന്ന സായിപ്പത്തി പൊടിപ്പെണ്ണ്. മുത്തശ്ശിക്കും ബന്ധുക്കൾക്കും മുൻഉപരാഷ്ട്രപതി സക്കീർ ഹുസൈൻ, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എന്നിവർക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഡിയാന മഞ്ജുളയ്ക്ക് അയച്ചുകൊടുത്തു.
1965-66ൽ കാർഷികമേഖലയിലെ അന്താരാഷ്ട്ര വിനിമയപരിപാടിയുടെ ഭാഗമായി ഇന്ത്യയിലെത്തിയ 17 അംഗസംഘാംഗമായിരുന്നു ഡിയാന. യു.പി., ഒഡിഷ, കേരളം എന്നിവിടങ്ങളിലായി ഏഴുമാസം പഠനം നടത്തി.
കേരളത്തിൽ രണ്ടു മാസവും താമസിച്ചത് തൃച്ചംബരത്ത് ലയൺസ് ക്ലബ്ബ് പ്രിസഡൻറും സി.പി.ഐ. നേതാവുമായിരുന്ന അഡ്വ. മുത്തുകൃഷ്ണ കുറുപ്പിന്റെ വീട്ടിൽ. അദ്ദേഹത്തിന്റെ അമ്മ പൊക്യാരത്ത് പാറുക്കുട്ടിയമ്മ ഡിയാനയെ മകളെപ്പോലെ നോക്കി.
മുത്തുകൃഷ്ണ കുറുപ്പിന്റെ ഭാര്യയും മഞ്ജുളയുടെ അമ്മയുമായ പാറുക്കുട്ടിയമ്മ മൂത്തേടത്ത് ഹൈസ്കൂളിൽ അധ്യാപികയായിരുന്നു. അവർ നന്നായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നതിനാലാണ് നിങ്ങളുടെ വീട്ടിൽത്തന്നെ താമസിച്ചതെന്നും മുത്തശ്ശിയുടെ വാത്സല്യം മറക്കാനാവില്ലെന്നും ഡിയാന പറഞ്ഞു.
ഡൽഹിയിൽച്ചെന്നപ്പോൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാണാൻ അവസരം ലഭിച്ചതും സാരിയുടുത്ത് അവർക്കൊപ്പം പടമെടുത്തതും അവർക്ക് ജനഗണമന പാടിക്കൊടുത്തതും ഡിയാന ഓർക്കുന്നു.
തിരിച്ചുപോയ ശേഷം കുറച്ചുകാലം എയർഹോസ്റ്റസായി ജോലിചെയ്ത ഡിയാന ഹൗ ടു ഡ്രൈ ഫുഡ്‌സ്, ഡ്രിങ്ക് വാട്ടർ ഫോർ ലൈഫ് എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്.
തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിൽ വിദ്യാർഥിയായിരുന്ന മഞ്ജുള സഹപാഠിയായ ആർക്കിടെക്റ്റ് ടി.വി. മധുകുമാറിനോട് ഈ കഥ പറഞ്ഞപ്പോൾ പൂർവ വിദ്യാർഥികളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഇക്കാര്യം പങ്കുവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
Content Highlights: manjula found american woman who lived at her house 56 years ago