Tomikaരോടും അധികം മിണ്ടാത്ത നാണംകുണുങ്ങിയായ പെണ്‍കുട്ടിയാണ് റ്റോമിക. സ്‌കൂളില്‍ പുതിയ ടീച്ചറെത്തുന്നതോടെ റ്റോമികയുടെ കഴിവുകള്‍ പുറത്തുവരുന്നു. റ്റോമികയെന്ന പാവം കുട്ടി ഒരു കഥാപാത്രമാണ്. അവള്‍ക്ക് വേദികളില്‍ ജീവന്‍ കൊടുക്കുന്നത് ഒരു മിടുക്കിയാണ്. അദിതി സുജിത് എന്ന അഞ്ചാം ക്ലാസുകാരി. 

ലണ്ടനിലെ ആസ്വാദകരെ അതിശയിപ്പിക്കുന്ന സൂപ്പര്‍സ്റ്റാറാണ് ഈ ഇന്ത്യക്കാരി പെണ്‍കുട്ടി. ഷോയിലെ ഏക ഏഷ്യക്കാരി. യു.കെ.യിലെ ഏറ്റവും പ്രായംകുറഞ്ഞ ശമ്പളക്കാരികൂടിയാണ് ഈ മലയാളി പെണ്‍കുട്ടി. തുക പക്ഷേ, രഹസ്യം. ഷോ ഏറ്റിരിക്കുന്ന പരസ്യ ഏജന്‍സിയുമായുള്ള കരാറനുസരിച്ച് തുക വെളിയില്‍ പറയാനാവില്ല. തഴക്കം ചെന്ന നടിമാരെ അതിശയിപ്പിക്കുന്ന പ്രകടനമാണ് അദിതിയുടേത്. നിലത്ത് നില്‍ക്കാനൊഴിവില്ലാത്ത വിധം വേദികളില്‍നിന്ന് വേദികളിലേക്ക് പറപറക്കുകയാണ് ഇവള്‍. അദിതിക്കുട്ടി മദാമ്മക്കുട്ടിയൊന്നുമല്ല, മഞ്ഞപ്രക്കാരിയാണ്.

പ്രസന്റ് ടീച്ചര്‍...

ദിവസവും ഷോ ഉണ്ടെന്നത് ശരിതന്നെ. സ്‌കൂള്‍ മുടക്കാനൊന്നും അദിതിക്കാവില്ല. രാവിലെ ഏഴ് മണിയാവുമ്പോഴേക്കും യൂണിഫോമിട്ട് വെബ്ലി പ്രെസ്റ്റണ്‍ മാനറിലെ വീട്ടില്‍നിന്ന് സ്‌കൂളിലേക്കിറങ്ങും. ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ടുവന്നാല്‍ ഷോയുടെ റിഹേഴ്‌സല്‍, രാത്രി പത്തരയെങ്കിലുമാവും തിരികെ വീട്ടിലെത്താന്‍. ആഴ്ചയില്‍ മൂന്നുദിവസം ഷോ. സ്‌കൂളധികൃതരുടെ പ്രത്യേക അനുമതിയോടെയാണിതെല്ലാം. 

സ്‌കൂള്‍ ഓഫ് റോക് ഷോ

ഇംഗ്ലണ്ടിലെ ലൈവ് ഷോ രംഗത്തെ ജനപ്രിയനായകനാണ് ആന്‍ഡ്രൂ വെബ്. അദ്ദേഹം നേതൃത്വം നല്‍കുന്ന വെസ്റ്റ് എന്‍ഡ് ഷോയില്‍ 'സ്‌കൂള്‍ ഓഫ് റോക് ഷോ' ഇതിനകം നിറഞ്ഞ സദസ്സില്‍ മാസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. ആന്‍ഡ്രൂ ലോയ്ഡ് വെബ് സംഗീതവും ജൂലിയന്‍ ഫെലോസ് രചനയും ഗ്ലെന്‍ സ്ലേറ്റര്‍ സംഗീതരചനയും നിര്‍വഹിച്ചതാണ് ഷോ. മൂന്ന് വയസ്സുതൊട്ട് അദിതിക്ക് പാട്ടിലുള്ള കമ്പം തിരിച്ചറിഞ്ഞിരുന്നു. 360 ആര്‍ട്ട് പെര്‍ഫോമന്‍സ് സ്‌കൂളില്‍ പാട്ട് പഠിക്കാന്‍ പോയിരുന്നു. ഏഴാം വയസ്സില്‍ ഒരു ക്രിസ്മസ് രാവാണ് അദിതിയുടെ കലാജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. ബാര്‍നെറ്റ് എന്ന സ്ഥലത്ത് പാടാന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണിത്. ഇതാണ് സ്‌കൂള്‍ ഓഫ് റോക്കിന്റെ ഓഡിഷനിലേക്കുള്ള വാതില്‍ തുറക്കുന്നത്. 

ഇത്തിരി വീട്ടുകാര്യം

തിരക്കിനിടയിലും പാലക്കാട്ടെ അച്ഛന്റെയും അമ്മയുടെയും വീടുകളിലേക്ക് വിളിച്ച്  കഥകള്‍ പറയാന്‍ അദിതി മറക്കാറില്ല. മഞ്ഞപ്ര 'സുരഭി'യില്‍ കീഴ് വീട്ടില്‍ വേണുഗോപാലിന്റെയും മരുതിങ്കല്‍ വസന്ത വേണുഗോപാലിന്റെയും മകനാണ് അദിതിയുടെ അച്ഛന്‍ സുജിത്. അമ്മ അര്‍ച്ചന കുത്തനൂര്‍ ആറ്റാഞ്ചേരി മുരളീധരന്റെയും ഇന്ദിരയുടെയും മകളും. ഇരുവരും ഐ.ടി. പ്രൊഫഷണലുകളായാണ് ലണ്ടനിലെത്തിയത്. അദിതിക്ക് തിരക്കായതോടെ അര്‍ച്ചന നീണ്ട അവധിയെടുത്തു. അദിതിയെ സമയത്തിന് എല്ലായിടത്തുമെത്തിക്കണം. ക്രിസ്മസ് അവധിക്ക്  അച്ഛനുമമ്മയ്ക്കുമൊപ്പം നാട്ടിലേക്ക് പറക്കാനിരുന്നതാണ്. പക്ഷേ, ലണ്ടനിലെ വെസ്റ്റ് എന്‍ഡ് ഷോയില്‍  തിയേറ്ററുകളില്‍ നിലയ്ക്കാത്ത കൈയടി നേടുന്ന 'റ്റോമിക'യുടെ ചമയങ്ങളഴിച്ച്  പാവക്കുട്ടികളെയൊന്ന് ഓമനിക്കാന്‍ പോലും സമയമില്ല, അദിതിക്ക്. ഫെബ്രുവരി അവസാനം വരെ  ഇതാണ് സ്ഥിതി.