രാഷ്ട്രീയകുടുംബത്തില്‍ നിന്ന് സിനിമയിലേക്ക് ചേക്കേറിയ പെൺകൊടി. അഭിനയ മികവു കൊണ്ട് പ്രേക്ഷകപ്രീതി നേടിയ മനീഷ കൊയ്രാള തന്റെ ജീവിതത്തിലെ വെല്ലുവിളികളും ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് കാൻസർ പിടിമുറുക്കിയതിനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ മനീഷ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ദേശീയ അർബുദ ബോധവത്കരണ ദിനത്തോട് അനുബന്ധിച്ച് മനീഷ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. 

അർബുദ ചികിത്സയെന്ന കഠിനപാതയിലൂടെ കടന്നുപോവുന്നവർക്ക് ഒരുപാട് സ്നേഹവും വിജയവും നേരുന്നു എന്നു പറഞ്ഞാണ് മനീഷ കുറിപ്പ് ആരംഭിക്കുന്നത്. ഈ യാത്ര കടുപ്പമാണെന്ന് അറിയാം. പക്ഷേ നിങ്ങൾ അതിനേക്കാൾ കരുത്തരാണ്. അർബുദത്തിന് മുന്നിൽ കീഴടങ്ങിയവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം അതിനെ അതിജീവിച്ചവർക്കൊപ്പം ആഘോഷിക്കാനും ആ​ഗ്രഹിക്കുന്നു- മനീഷ കുറിച്ചു. 

കാൻസറിനെക്കുറിച്ച് കൂടുതൽ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും മനീഷ കുറിക്കുന്നു. പ്രതീക്ഷകൾ നിറച്ച കഥകൾ വീണ്ടും വീണ്ടും പറഞ്ഞ് ബോധവത്കരിക്കേണ്ടതുണ്ട്. അവനവനോടും ലോകത്തോടും അനുകമ്പയുള്ളവരാകാം. എല്ലാവരുടേയും ആരോ​ഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർഥിക്കുന്നു- മനീഷ പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manisha Koirala (@m_koirala)

2012-ലാണ് അണ്ഡാശയ അര്‍ബുദം എന്ന വില്ലന്‍ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അര്‍ബുദത്തെ ജയിച്ച മനീഷ ഈ രോഗത്തെ ഒരു ശാപമായല്ലാതെ, മറിച്ച് തന്റെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കുന്നതിന് നിമിത്തമായ 'സമ്മാനം' എന്നാണ് പറയാറുള്ളത്.

തളര്‍ന്നു പോകുമായിരുന്ന ഘട്ടത്തില്‍നിന്ന്, പൊരുതി ജയിക്കാനുള്ള വാശിയോടെ അര്‍ബുദം തന്നെ പഠിപ്പിച്ച പാഠങ്ങൾ മനീഷ 'ഹീല്‍ഡ്: ഹൗ കാന്‍സര്‍ ഗെവ് മി എ ന്യൂ ലൈഫ്' എന്ന തന്റെ പുസ്തകത്തിലൂടെ പങ്കുവെച്ചിരുന്നു. മുംബൈയിലും നേപ്പാളിലും അമേരിക്കയിലുമായി ചികിത്സയില്‍ ഏര്‍പ്പെട്ട മനീഷ, പടിപടിയായി തന്റെ മനസ്സും ശരീരവും സുഖപ്പെടുത്തുകയായിരുന്നു.

Content Highlights: manisha koirala cancer surviving story, manisha koirala cancer story, manisha koirala movies, bollywood news