മിടുക്കരല്ലാതെ ആരും ജനിക്കുന്നില്ലെന്ന് ഒരാള്‍ പറഞ്ഞാല്‍ ഇതൊക്കെ എത്ര കേട്ടതാണെന്ന് പറയാന്‍ വരട്ടെ! ചെന്നൈയില്‍ സ്ഥിര താമസമാക്കിയ മലയാളി മംഗള ജയചന്ദ്രനാണിത് പറയുന്നതെങ്കില്‍ ശ്രദ്ധിക്കണം. കാരണം ഇതൊന്നും വെറുതെയങ്ങ് പറയുന്നതല്ല. പറഞ്ഞത് പ്രാവര്‍ത്തികമാക്കിയതിന്റെ ആത്മവിശ്വസം ഈ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ വിദഗ്ധയ്ക്കുണ്ട്. പഠന വൈകല്യങ്ങളുടെ പേരില്‍ മണ്ടന്മാരെന്ന് മുദ്രകുത്തിയവരെ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമാക്കാനും കഴിഞ്ഞത് ദൈവനിയോഗമാണെന്ന് നര്‍ത്തകി കൂടിയായ മംഗള ജയചന്ദ്രന്‍ പറയും.

ചെന്നൈ ചെത്‌പെട്ട് ഹാരിങ്ട്ടണ്‍ റോഡിലുള്ള ലേഡി ആണ്ടാള്‍ സ്‌കൂളിലെ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ വിഭാഗം ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന മംഗള രണ്ട് പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് സജീവമാണ്. പഠന വൈകല്യം വലിയ കുറവല്ലെന്ന് സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് ദര്‍ശനമായി ഏറ്റെടുത്താണ് പ്രവര്‍ത്തിക്കുന്നത്. സ്‌പെഷ്യല്‍ എജ്യുക്കേഷന് സര്‍ക്കാര്‍ തലത്തില്‍ പ്രാധാന്യം നേടിക്കൊടുക്കാനും ഇവരുടെ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. പഠനത്തില്‍ പിന്നാക്കം പോകുന്നവര്‍ ജീവിതത്തിലും പിന്നാക്കമാകുന്നത് ഇല്ലാതാക്കുന്നതിന് സ്‌പെഷ്യല്‍ എജ്യുക്കേഷന് കഴിയുമെന്ന് തെളിയിക്കാന്‍ മംഗളയ്ക്ക് കഴിയുന്നു.

തമിഴ്‌നാട്ടില്‍ പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് പരീക്ഷയില്‍ ഇളവ് അനുവദിക്കുന്നതിന് അടക്കം ലേഡി ആണ്ടാള്‍ സ്‌കൂളിലെ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ വിഭാഗം വഹിച്ച പങ്ക് ചെറുതല്ല. ഇതിന് നേതൃത്വം നല്‍കിയത് ഈ മറുനാടന്‍ മലയാളിയാണെന്നതില്‍ ചെന്നൈ മലയാളികള്‍ക്കും അഭിമാനിക്കാം. അക്ഷരത്തെറ്റുകള്‍, ഗണിത ശാസ്ത്രത്തില്‍ കണക്ക് കൂട്ടലിലെ ക്രമം തുടങ്ങിയ കാര്യങ്ങളില്‍ പഠന പ്രശ്‌നമുള്ള വിദ്യാര്‍ഥികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ഇളവ് നല്‍കാറുണ്ട്. മുന്‍പ് ഇങ്ങനെയൊരു ചട്ടം നിലവിലുണ്ടായിരുന്നില്ല. ഇളവ് നേടിയെടുക്കാന്‍ ഏറെ പ്രയത്‌നിക്കേണ്ടിവന്നു. ഇപ്പോള്‍ ഓരോ വര്‍ഷവും ലക്ഷത്തിലേറെ കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഇത് വലിയൊരു നേട്ടമായി മംഗള കരുതുന്നു. 

ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രപ്രതിഭകളില്‍ ഒരാളായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ലോകപ്രശസ്ത ചിത്രകാരന്‍ പാബ്ലോ പിക്കാസോ, ഹോളിവുഡ് താരങ്ങളായ ടോം ക്രൂയിസ്, ജിം ക്യാരി കുട്ടികളിലെ പഠന വൈകല്യങ്ങളെ ക്കുറിച്ച് ചോദിക്കുമ്പോള്‍ മംഗള ജയചന്ദ്രന്‍ നല്‍കുന്ന ഈ പേരുകളാണ്. കാരണം ഇവരെല്ലാം പഠന വൈകല്യമുള്ളവരായിരുന്നു എന്നതാണ്. പഠനപ്രശ്‌നങ്ങള്‍ ജീവിത വിജയത്തിന് തടസ്സമല്ലെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ് ഇവരുടെ ജീവിതം. 
'പഠിക്കാന്‍ എല്ലാ കുട്ടികള്‍ക്കും സാധിക്കും. എന്നാല്‍ ഒരോരുത്തര്‍ക്കും അവരുടേതായ വഴികളുണ്ടെന്ന് മാത്രം. അത് കണ്ടെത്തിയാല്‍ ഒരാളും പരാജയപ്പെടില്ല' മംഗള ജയചന്ദ്രന്‍ തന്റെ പ്രവര്‍ത്തനശൈലിയെക്കുറിച്ച് വിശദീകരിക്കുന്നതിങ്ങനെയാണ്. പൊതുവേ അംഗീകരിക്കപ്പെടുന്ന പാഠ്യപ്രവര്‍ത്തനങ്ങള്‍ പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് യോജിക്കണമെന്നില്ല. അവര്‍ക്ക് വേണ്ട മാര്‍ഗം കണ്ടെത്തിയാല്‍ മറ്റുള്ള കുട്ടികളെക്കാള്‍ വലിയ മുന്നേറ്റമാകും കാണാനാകുക. ഇത് പലരിലും കണ്ടിട്ടുള്ളയാളാണ് മംഗള ജയചന്ദ്രന്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട്ടുനിന്ന് മുംബൈയിലേക്ക് കുടിയേറിയ കുടുംബത്തിലാണ് മംഗളയുടെ ജനനം. മുത്തച്ഛന്‍ പാലക്കാട് കുഴല്‍മന്ദം കിഴക്കേവീട്ടില്‍ കരുണാകരപ്പണിക്കര്‍ വലിയ കഥകളി കലാകാരനായിരുന്നു. അച്ഛന്‍ രാഘവന്‍നായരും കഥകളി അഭ്യസിച്ചു. മുംബൈയില്‍ ജനിച്ച് വളര്‍ന്ന മംഗളയും ചെറിയ പ്രായത്തില്‍ തന്നെ നൃത്തം പഠിച്ചു. മോഹിനിയാട്ടം, ഭരതനാട്യം, കഥകളി എന്നിവയ്‌ക്കൊപ്പം നാടകത്തിലും വേഷമിട്ടു. കുടുംബത്തിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ നൃത്ത ബോധിയെന്ന നൃത്തവിദ്യാലയം നടത്തിയിരുന്നു.

സീരിയല്‍ സംവിധായകനും ഛായാഗ്രാഹകനുമായ കെ.ആര്‍. ജയചന്ദ്രനുമായുള്ള വിവാഹത്തിനു ശേഷം മൂന്ന് വര്‍ഷത്തോളം ബഹ്‌റൈനിലായിരുന്നു താമസം. 1984ലാണ് ചെന്നൈയിലെത്തുന്നത്. മുംബൈയില്‍ നിന്ന് ബി.കോമും എല്‍എല്‍.ബി.യും പൂര്‍ത്തിയാക്കിയതിന് ശേഷം മദ്രാസ് സര്‍വകലാശാലയില്‍ നിന്നാണ് സൈക്കോളജി പഠനം നടത്തിയത്. 1994ല്‍ ആല്‍ഫ ടു ഒമേഗ ലേണിങ് സെന്ററില്‍ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ പരിശീലകയായി പ്രവര്‍ത്തനം തുടങ്ങി. 1998ല്‍ ലേഡി ആണ്ടാള്‍ സ്‌കൂളില്‍ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ വിഭാഗം ആരംഭിച്ചപ്പോള്‍ അതിന്റെ ചുമതലയേറ്റെടുത്തു.

വെറും രണ്ട് വിദ്യാര്‍ഥികളുമായി ആരംഭിച്ച ലേഡി ആണ്ടാള്‍ സ്‌കൂളിലെ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ വിഭാഗത്തില്‍ ഇപ്പോള്‍ അഞ്ഞൂറിലേറെ വിദ്യാര്‍ഥികളുണ്ട്. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും കലാകാരന്മാരുമൊക്കെയായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേര്‍ ഇവിടെ വിദ്യാര്‍ഥികളായിരുന്നു. കൃത്യമായ ഇടപെടല്‍കൊണ്ട് ജീവിതത്തിന്റെ ശരിയായ ട്രാക്കിലെത്തിയവരാണിവരെന്ന് മംഗള പറയുന്നു. പഠനത്തിന് പിന്നിലാണെന്ന പേരില്‍ ആരെയും എഴുതിത്തള്ളാനാകില്ല. അവര്‍ക്കുള്ളില്‍ വലിയ സാധ്യതകള്‍ ഉറങ്ങിക്കിടക്കുന്നു. അതിനെ കണ്ടെത്തി വെളിച്ചത്ത് കൊണ്ടുവരുകയെന്ന കര്‍ത്തവ്യം തുടരുമെന്നും ഇതാണ് തന്റെ വനിതാദിന സന്ദേശമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.