തിനെട്ടാം വയസ്സില്‍ വിവാഹം, വിവാഹ ബന്ധംവേര്‍പെടുത്തിയതോടെ ഒറ്റപ്പെട്ട ജീവിതം, രണ്ട് കുഞ്ഞുങ്ങളുമായി ജീവിക്കാനുള്ള തത്രപ്പാടുകള്‍, ആദ്യ ജോലി ടാക്‌സി ഡ്രൈവര്‍, ഇത് മന്‍ദീപ് കൗര്‍, ന്യൂസിലന്‍ഡിലെ ആദ്യ ഇന്ത്യന്‍ വംശജയായ വനിതാ പോലീസ് ഓഫീസര്‍. മന്‍ദീപ് മറ്റൊരു ചുവടുവയ്പൂകൂടി നടത്തിയിരിക്കുകയാണ് ഇപ്പോള്‍. ന്യൂസിലന്‍ഡ് പോലീസിലെ സീനിയര്‍ സാര്‍ജന്റ് റാങ്കിലേക്ക് മന്‍ദീപിന് സ്ഥാനകയറ്റം ലഭിച്ചത് മാര്‍ച്ചിലാണ്.

പഞ്ചാബിലെ മാല്‍വാ ജില്ലയിലാണ് മന്‍ദീപിന്റെ സ്വദേശം. യാഥാസ്ഥിതികമായ കുടുംബത്തില്‍ നിന്നാണ് മന്‍ദീപ് തന്റെ സ്വപ്‌നങ്ങളിലേക്ക് വഴികണ്ടെത്തിയത്. ഇതിനായി വളരെയധികം കഷ്ടപ്പാടുകളും അവര്‍ സഹിക്കേണ്ടി വന്നു. ചെറുപ്പം മുതലേ പോലീസ് ഓഫീസറാകണമെന്ന് ആഗ്രഹം മന്‍ദീപിനുണ്ടായിരുന്നു. എന്നാല്‍ യൂണിഫോം ജോലികള്‍ പുരുഷന്മാരുടേത് മാത്രമെന്ന്  കരുതുന്നവരായിരുന്നു മന്‍ദീപിന്റെ കുടുംബം. പതിനെട്ടാം വയസ്സില്‍ മന്‍ദീപ് വിവാഹിതയായി. 19-ാം വയസ്സില്‍ ആദ്യകുഞ്ഞിന്റെ ജനനം. ഈ സമയത്ത് ബിരുദവിദ്യാര്‍ത്ഥിനിയായിരുന്നു മന്‍ദീപ്. തുടര്‍ന്ന് പഠിക്കാനായി മന്‍ദീപിന് വളരെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നു. വിവാഹ ബന്ധത്തിലെ വിള്ളലുകള്‍ കാരണം സ്വന്തം വീട്ടിലേക്ക് തിരിച്ചു വരേണ്ടി വന്നു അവര്‍ക്ക്. ഈ സമയത്ത് രണ്ടാമത്തെ കുഞ്ഞും പിറന്നിരുന്നു. വിവാഹബന്ധം വേര്‍പെടുത്തി നില്‍ക്കുന്ന സ്വന്തമായി വരുമാനമില്ലാത്ത മകള്‍ വീട്ടുകാര്‍ക്കും ഭാരമായതോടെയാണ് മന്‍ദീപ് വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചത്. ആറും എട്ടും വയസ്സുള്ള രണ്ട് മക്കളെയും തന്റെ മാതാപിതാക്കളെ ഏല്‍പിച്ചാണ് ഇംഗ്ലീഷ് പോലും  അറിയാത്ത മന്‍ദീപ് ഓസ്‌ട്രേലിയയിലേക്ക്  കുടിയേറിയത്. 26-ാം വയസ്സിലായിരുന്നു അത്. 

ആറ് വര്‍ഷം ഓസ്‌ട്രേലിയയില്‍ ജീവിച്ചകാലത്ത് മക്കളെ ഒപ്പം വിട്ടുകിട്ടാനായി മുന്‍ഭര്‍ത്താവുമായി നിയമയുദ്ധം തന്നെ വേണ്ടി വന്നു മന്‍ദീപിന്. വീടുകള്‍ കയറി ഇറങ്ങി സാധനങ്ങള്‍ വില്‍ക്കുന്ന ജോലിയായിരുന്നു ആദ്യം. പിന്നീട് ടെലിഫോണ്‍ സര്‍വീസിലായി ജോലി. ഭാഷ അറിയാത്തതായിരുന്നു മന്‍ദീപ് നേരിട്ട ആദ്യ വെല്ലുവിളി. 

1999 ലാണ് ന്യൂസിലന്‍ഡില്‍ എത്തിയത്. ഇവിടെ ടാക്‌സിഡ്രൈവറായി ജോലി ചെയ്യുമ്പോഴാണ് തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹത്തെ മന്‍ദീപ് പൊടിതട്ടിയെടുത്തത്, പോലീസ് ഓഫീസറാവുക. സ്ഥിരമായി തന്റെ ടാക്‌സി വിളിക്കുന്ന മുന്‍പോലീസ് ഉദ്യോഗസ്ഥനോടാണ് മന്‍ദീപ് ആദ്യം തന്റെ ആഗ്രഹത്തെ പറ്റി പറഞ്ഞത്. ജോണ്‍ പെഗ്ലര്‍ എന്ന് ആ ഉദ്യോഗസ്ഥന്‍ മന്‍ദീപിന് വഴികട്ടിയായി. 

2002 ല്‍ മന്‍ദീപ് തന്റെ മക്കളെ ന്യൂസിലന്‍ഡിലേക്ക് കൊണ്ടുവന്നു. 52-കാരിയായ മന്‍ദീപിന്റെ നേട്ടം നിരവധി ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രചോദനമാകുകയാണ് ഇപ്പോള്‍. 

പതിനേഴ് വര്‍ഷം മുന്‍പാണ് മന്‍ദീപ് ന്യൂസിലന്‍ഡിലെ പോലീസ് സേനയില്‍ ഉദ്യോഗസ്ഥയായി എത്തിയത്. വെയിറ്റ്മാട്ടയിലെ ഹെന്‍ഡര്‍സണ്‍ പോലീസ് സ്‌റ്റേഷനില്‍ പീപ്പിള്‍സ് കമ്യൂണിറ്റി റിലേഷന്‍സ് ഓഫീസറായാണ് മന്‍ദീപ് ഇത്രയും കാലം സേവനമനുഷ്ഠിച്ചത്. ഇനി വെല്ലിങ്ടണ്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലാവും സീനിയര്‍ സാര്‍ജന്റായി മന്‍ദീപിന്റെ സേവനം.

Content Highlights: Mandeep Kaur, The First Indian-Born Female Police Officer In New Zealand