സ്വന്തം ശരീരം എപ്രകാരം അണിഞ്ഞൊരുങ്ങണമെന്നത് ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ്. അതിന് പ്രായമോ മറ്റു ഘടകങ്ങളോ ഒന്നും തടസ്സമല്ല. ചുവന്ന ലിപ്സ്റ്റിക് ധരിച്ചതിന്റെ പേരില്‍ കുടുംബങ്ങളുടെ രൂക്ഷവിമര്‍ശനത്തിനിരയായ ഒരു സ്ത്രീക്ക് പിന്തുണയുമായെത്തിയ മകന്റെ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കുടുംബസദസ്സില്‍ ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ് പോയ തന്റെ അമ്മയെ അധിക്ഷേപിച്ചവര്‍ക്ക് ചുട്ടമറുപടി നല്‍കുകയാണ് കൊല്‍ക്കത്ത സ്വദേശിയായ പുഷ്പക് സെന്‍. 

ചുവന്ന ലിപ്സ്റ്റിക് പൂശിയ ചിത്രംപങ്കുവച്ചുകൊണ്ടാണ് പുഷ്പക് കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയിരിക്കുന്നത്. ലിപ്സ്റ്റിക് മാത്രമല്ല കണ്‍മഷിയും പുഷ്പക് എഴുതിയിട്ടുണ്ട്. ഒപ്പം കയ്യില്‍ പിടിച്ചിരിക്കുന്ന ലിപ്സ്റ്റിക്കും കാണാം. ചിത്രത്തിനൊപ്പം പുഷ്പക് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയം. 

അമ്പത്തിനാലുകാരിയായ തന്റെ അമ്മയെ കുടുംബ വിരുന്നില്‍ പങ്കെടുക്കുന്നതിനിടെ അടുത്ത ചില ബന്ധുക്കള്‍ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചുവെന്ന് പറഞ്ഞാണ് പുഷ്പക് കുറിക്കുന്നത്. അവര്‍ക്ക് മറുപടിയായി താന്‍ ഈ ചിത്രം അയച്ചുവെന്നും ഒപ്പം ശുഭദിനം, വേഗം സുഖം പ്രാപിക്കട്ടെ എന്നു കുറിച്ചുമെന്നും പുഷ്പക് പറയുന്നു. 

My mother, a woman of 54 years, got slutshamed, by some of our nearest relatives, for wearing a red lipstick at a family...

Posted by Pushpak Sen on Monday, November 9, 2020

ഈ ബന്ധുക്കളില്‍ പലര്‍ക്കും കുട്ടികളുണ്ടെന്നും അവര്‍ സമൂഹമാധ്യമത്തില്‍ സജീവമായവരും ഈ ഗോസിപ്പ് പറയുമ്പോള്‍ അവിടെ ഉണ്ടായിരുന്നവരും ആണ്. എന്നിട്ടുപോലും അവര്‍ ഒരക്ഷരം പറഞ്ഞില്ലെന്നത് തന്നെ അമ്പരപ്പിക്കുന്നുവെന്നും പുഷ്പക് പറയുന്നു. എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും പുരുഷന്മാരല്ലാത്തവര്‍ക്കും അരക്ഷിതമായ സമൂഹത്തിന്റെ വിഷാംശം കാരണം ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്തുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് താന്‍ ഇതിലൂടെ നിലകൊള്ളുന്നതെന്ന് പുഷ്പക് കുറിക്കുന്നു. നിങ്ങള്‍ സ്‌നേഹിക്കുന്ന സ്ത്രീകള്‍ അധിക്ഷേപിക്കപ്പെടുമ്പോള്‍ തനിക്ക് ചുറ്റുമുള്ള സഹോദരങ്ങളോട് അവരറിയുന്ന സ്ത്രീകള്‍ക്കു വേണ്ടി നിലകൊള്ളാന്‍ ആവശ്യപ്പെടുകയാണ് താനെന്നും അവനവനാല്‍ കഴിയുന്ന വിധത്തില്‍ അതു പ്രകടിപ്പിക്കാനും പുഷ്പക് പറഞ്ഞു. 

സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പുഷ്പകിന്റെ നിലപാടിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം അധിക്ഷേപങ്ങള്‍ക്ക് പരസ്യമായിത്തന്നെ ചുട്ടമറുപടി നല്‍കണമെന്നും ഇത്തരക്കാരാണ് ലോകത്തിലെ ഭായനകമായ വൈറസുകളെന്നുമൊക്കെ പോകുന്നു കമന്റുകള്‍. 

Content Highlights: Man posts photo wearing red lipstick after mother’s shaming