ലോക്ഡൗണും കൊറോണയും താളം തെറ്റിച്ച ജീവിതങ്ങൾ ഏറെയുണ്ട്. തൊഴിൽ നഷ്ടമായവരും സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വന്നവരും പഠനം ഉപേക്ഷിക്കേണ്ടി വന്നയാളുകളും എല്ലാമായി ദുരിതകാലമാണ് കടന്നുപോകുന്നത്. അത്തരത്തിൽ തകിടം മറിഞ്ഞ ജീവിതമാണ്  ദേശീയ അമ്പെയ്ത്ത് താരമായ മംമ്ത തുഡു എന്ന പെൺകുട്ടിയുടേത്. 

2010 ലും 2014 ലും ജൂനിയർ, സബ് ജൂനിയർ തലങ്ങളിൽ സ്വർണ മെഡൽ നേടിയ അമ്പെയ്ത്ത് താരമാണ് മംമ്ത തുഡു. കോവിഡ് പ്രതിസന്ധിയിൽ കുടുംബം പട്ടിണിയായതോടെയാണ് ധൻബാദ് സ്വദേശിയായ മംമ്ത ദാമോദർപൂരിലെ ഗ്രാമത്തിൽ പലഹാര കച്ചവടം നടത്തുകയാണ് ഇപ്പോൾ. 

ജോലിയിൽ നിന്ന് വിരമിച്ച അച്ഛനും ഏഴ് സഹോദരങ്ങളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് മംമ്ത തുടങ്ങിയ കട. റാഞ്ചി ആർച്ചറി അക്കാഡമിയിലെ പഠനം ഉപേക്ഷിച്ചാണ് ലോക്ഡൗണായതോടെ മംമ്ത വീട്ടിലെത്തിയത്. വീട്ടിലെ സാമ്പത്തിക പരിമിതികളായിരുന്നു കാരണം. 

വീട്ടിലെ മൂത്തമകളായ ഇരുപത്തിമൂന്നുകാരിയായ മംമ്ത എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടി വന്നു. ഇളയ സഹോദരങ്ങൾക്കെല്ലാം സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിതാവിന്റെ പെൻഷൻ തുകയും ഇതുവരെ ലഭിച്ച് തുടങ്ങിയിട്ടില്ല. അതിനാൽ ഈ കുടുംബം കടയിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്. മുളപ്പിച്ച പയറുവർഗങ്ങൾ, പക്കോഡ, മറ്റ് പലഹാരങ്ങൾ എന്നിവയാണ് മംമ്തയുടെ കടയിൽ വിൽക്കുന്നത്.

തങ്ങളുടെ പരിശീലന കേന്ദ്രത്തിലെ ഏറ്റവും മികച്ച അമ്പെയ്ത്ത് താരങ്ങളിൽ ഒരാളായിരുന്നു മംമ്തയെന്ന് 2009 മുതൽ 2011 വരെ മംമ്തയ്ക്ക് പരിശീലനം നൽകിയ ടാറ്റാ സ്റ്റീൽ ജാരിയ ഡിവിഷൻ ഫീഡർ സെന്ററിലെ മംമ്തയുടെ പരിശീലകനായിരുന്ന എംഡി ഷംഷാദ്. കുടുംബത്തെ സഹായിക്കാനായി അവൾക്ക് ഗ്രാമത്തിൽ പക്കോഡ കച്ചവടം നടത്തേണ്ടി വന്നു എന്ന വാർത്ത ഏറെ വേദനാജനകമാണെന്നും അദ്ദേഹം ടെല്ഗ്രാഫിനോട് പറഞ്ഞു.

content highlights : mamta tudu national level archer jharkhand selling pakoras due to financial constraint