നാലര വയസ്സിൽ മണ്ണെണ്ണ വിളക്കിൽനിന്ന് പിടിച്ച തീ മേലാസകലം പടർന്നപ്പോൾ കുഞ്ഞു ഷാഹിനയ്ക്ക് അതിന്റെ ​ഗൗരവത്തെക്കുറിച്ച് അത്ര പിടിയില്ലായിരുന്നു. ഇരുപത്തിയെട്ടു വർഷങ്ങൾക്കിപ്പുറം ആ നടുക്കുന്ന ദിനത്തിന്റെ മുറിപ്പാടുകളുമേന്തി ജീവിക്കുന്ന അന്നത്തെ കൊച്ചുപെൺകുട്ടി ഇന്ന് ഡോ. ഷാഹിന കുഞ്ഞുമുഹമ്മദ് ആണ്.  ജീവിതത്തെ പോസിറ്റീവായി കാണാനും ഒപ്പം അവസരങ്ങൾ ലഭിക്കാനുമൊക്കെ ഇടയായ ദിവസമായാണ് ഷാഹിന ആ ദിനത്തെ കാണുന്നത്. ഒടുവിലിതാ ഷാഹിനയെ ഞെട്ടിച്ചുകൊണ്ട് നടൻ മമ്മൂട്ടിയും ചികിത്സാ സഹായം അറിയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്.

തൃപ്പുണിത്തുറ ​ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിലെ ഹോമിയോ മെഡിക്കൽ ഓഫീസറാണ് ഷാഹിന. അടുത്തിടെ വിഷ്ണു സന്തോഷ് എന്ന ഫോട്ടോ​ഗ്രാഫർ ചെയ്ത ഫോട്ടോഷൂട്ടിലൂടെയാണ് ഷാഹിനയുടെ ജീവിതം വീണ്ടും പുറംലോകമറിഞ്ഞത്. പിന്നാലെ എറണാകുളത്തെ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ ചികിത്സാ സഹായം അറിയിക്കുകയും ചെയ്തു. ഏറെ ആരാധിക്കുന്ന നടൻ നേരിട്ട് വിളിച്ചതും ചികിത്സാ സഹായം വാഗ്ദാനം ചെയ്തതും ഷാഹിനയ്ക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.

"പതഞ്ജലിയുടെ മാനേജിങ് ഡയറക്ടറാണ് എന്നെ ബന്ധപ്പെടുന്നത്. പൊള്ളലിനുള്ള ചികിത്സയെല്ലാം അവിടെയുണ്ട്. നമുക്ക് പറ്റുന്ന സഹായം ചെയ്യണമെന്ന് മമ്മൂക്ക പറഞ്ഞത് അനുസരിച്ചാണ് അദ്ദേഹം എന്നെ വിളിക്കുന്നത് എന്നു പറഞ്ഞത്. തുടർന്ന് എറണാകുളത്തെ ക്ലിനിക്കിൽ പോയി ഡോക്ടറെ കണ്ടു. അന്ന് തൊട്ട് ചികിത്സ ആരംഭിച്ചിട്ടുണ്ട്. അന്ന് എന്റെ മുമ്പിൽ വച്ചാണ് ഡോക്ടർ മമ്മൂക്കയോട് സംസാരിച്ചത്. ശേഷം മമ്മൂക്ക എന്നോടും സംസാരിച്ചു. ഡോക്ടർ കാര്യങ്ങളെല്ലാം പറഞ്ഞുവെന്നും എന്റേത് വർഷങ്ങളുടെ പഴക്കമുള്ളതായതിനാൽ ക്രമേണയേ മാറ്റങ്ങളുണ്ടാകൂ എന്നു പറഞ്ഞിട്ടുണ്ടെന്നും മമ്മൂക്ക പറഞ്ഞു. പൊള്ളൽ അധികമാവാത്ത ചർമമാണെങ്കിൽ വേ​ഗം ഫലം കിട്ടുമായിരുന്നു എന്നും 28 വർഷത്തെ പഴക്കമുള്ളതുകൊണ്ട് പരമാവധി ശ്രമിക്കാം എന്നു പറയുകയും ചെയ്തു. മമ്മൂക്ക വിളിക്കുമെന്ന് സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചിരുന്നില്ല. സത്യമാണോ എന്നാലോചിച്ച് കുറേ ഇരുന്നു. എന്റെ ജീവിതം വളരെ പ്രചോദനാത്മകമാണ് എന്ന് അദ്ദേഹം പറഞ്ഞുവെന്നും അറിഞ്ഞു. ഇതിൽപരം എന്ത് സന്തോഷമാണു വേണ്ടത്."- ഷാഹിന പറയുന്നു.

മറക്കില്ല ആ ദിനം

മണ്ണെണ്ണ വിളക്കിന്റെ ചുറ്റുമിരുന്ന സഹോദരിമാർ പഠിക്കുന്നതിനിടയിൽ ഇരിക്കുകയായിരുന്നു ഷാഹിന. എഴുന്നേൽക്കുന്നതിനിടെ വിളക്ക് മറിഞ്ഞ്   തീ പടർന്നത്. എഴുപത്തിയഞ്ച് ശതമാനത്തോളം പൊള്ളലേറ്റതിന്റെ പിന്നാലെ എണ്ണമറ്റ ശസ്ത്രക്രിയകളാണ് ഷാഹിനയുടെ ശരീരത്തിൽ ചെയ്തത്. പിന്നീടെപ്പോഴോ ചികിത്സ മടുത്ത ഷാഹിന പതിയെ തന്റെ ശരീരത്തോട് പൊരുത്തപ്പെടുകയും ചെയ്തു. ഇപ്പോൾ വീണ്ടും പ്രതീക്ഷയോടെ മാറ്റങ്ങൾക്കായി കാത്തിരിക്കുകയാണ് ഷാഹിന.

''അന്നൊന്നും കുഞ്ഞായതുകൊണ്ട് സംഭവിച്ചതിന്റെ തീവ്രത മനസ്സിലായിരുന്നില്ല. കൗമാരമൊക്കെ ആയപ്പോഴാണ് ബാധിക്കാൻ തുടങ്ങിയത്. ഇന്നൊക്കെയാണ് അങ്ങനെ സംഭവിച്ചിരുന്നത് എങ്കിൽ ഞാനും പലരേയും പോലെ വീട്ടകങ്ങളിൽ ഒതുങ്ങിപ്പോയേനെ. അന്ന് സംഭവിച്ചതൊക്കെ നല്ലതിനാണെന്നും കരുതുന്നു, അതുകൊണ്ടാണല്ലോ എനിക്കിങ്ങനെ പല അവസരങ്ങളും ലഭിക്കുന്നത്. പലതരത്തിലും ജീവിതം മാറ്റിയ ദിനമാണത്.''

കുട്ടിക്കാലം മുതൽ ധാരാളം പേരുടെ പരിഹാസങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും ഷാഹിന പറയുന്നു." വിദ്യാസമ്പന്നർ പോലും കളിയാക്കുകയും മാറ്റിനിർത്തുകയും ചെയ്യാറുണ്ട്. ഇത്തരക്കാരെ ചേർത്തു നിർത്താനാണ് ശ്രമിക്കേണ്ടത്. സ്കൂൾ കാലത്തെല്ലാം അത്തരത്തിലുള്ള ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ആളുകൾ തുറിച്ചു നോക്കുകയും സിംപതിയോടെ നോക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. സിംപതി കാണിക്കുന്നവരെ പണ്ടുതൊട്ടേ ഇഷ്ടമല്ല. ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നുപോവുന്നവർക്ക് സിംപതിയല്ല ആവശ്യം. അവരെ ചേർത്തു നിർത്തുകയാണ് വേണ്ടത്. നമ്മൾ ഒന്നിനെയും കൊള്ളില്ലെന്ന തോന്നൽ ഒഴിവാക്കണം. അവനവനെ സ്നേഹിക്കണം, സമൂഹത്തിനു വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്നെല്ലാം ചിന്തിക്കണം. എന്നെക്കൊണ്ട് ഒന്നിനും പറ്റില്ല എന്നു കരുതി തളർന്നിരുന്നാൽ ഒന്നിനും കഴിയില്ല." - ഷാഹിന പറയുന്നു.