പതിമൂന്നാം വയസ്സില്‍ ഗ്രനേഡ് ആക്രമണത്തില്‍ ഇരുകൈകളും നഷ്ടപ്പെട്ടതാണ് ഡോ. മാളവിക അയ്യര്‍ക്ക്. എന്നാല്‍, വീണുപോയേക്കാവുന്ന ജീവിത വഴിയില്‍ നന്നായി പോരാടി നേടിയ അവരുടെ വിജയം ഒട്ടേറെപ്പേര്‍ക്ക് പ്രചോദനമാണ്. ജീവിതത്തില്‍ നേടിയ വിജയങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നത് തന്റെ നര്‍മബോധമാണെന്ന് അവര്‍ അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി. തന്റെ വീഡിയോയ്ക്ക് വന്ന അപ്രതീക്ഷിത കമന്റിന് അവര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഭൂരിഭാഗം പേരും വിഷമിച്ചുപോയേക്കാവുന്ന ആ ട്രോളിന് മാളവിക നല്‍കിയ മറുപടി ജീവിതത്തില്‍ അവരൊരു യോദ്ധാവാണെന്ന് തെളിയിക്കുന്നു. 

ട്വിറ്ററില്‍ തന്റെ വീഡിയോയ്ക്ക് ലഭിച്ച കമന്റും അതിനുള്ള മറുപടിയും സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് മാളവിക പങ്കുവെച്ചത്. സ്‌ക്രീന്‍ ഷോട്ടിന് മാളവിക നല്‍കിയ ക്യാപ്ഷനും ഏറെ ശ്രദ്ധിക്കപ്പെട്ടു. 

'ഞങ്ങളുടെ വീട്ടിന്റെ എന്റെ കൈകളെക്കുറിച്ച് എപ്പോഴും തമാശ പറയാറുണ്ട്. ബോംബ് സ്‌ഫോടനത്തിനുശേഷം അതിന്റെ വേദനകള്‍ കുറയ്ക്കുന്നത് ഞങ്ങളെ ഏറെ സഹായിച്ചിട്ടുള്ളത് ഈ നര്‍മബോധമാണ്. മികച്ച വിദ്യാഭ്യാസം നേടിയും ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചും നല്ല രീതിയില്‍ എന്റെ തൊഴില്‍ മുന്നോട്ടു കൊണ്ടുപോയി എന്റെ ജീവിതം ഏറ്റവു മികച്ച രീതിയില്‍ ജീവിച്ചുതീര്‍ക്കുമ്പോള്‍ ആളുകള്‍ സഹതാപത്തോടെ കാണുന്നതാണ് എന്റെ ഹൃദയം തകര്‍ക്കുന്നത്'-മാളവിക കുറിച്ചു.

താന്‍ ബുള്ളിയിങ്ങിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും എന്നാല്‍, തന്റെ വീഡിയോയ്ക്ക് വന്ന കമന്റ് പ്രകോപിപ്പിക്കുന്നതല്ലെന്നും അവര്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. എനിക്ക് എന്നെത്തന്നെ കളിയാക്കാന്‍ കഴിയും. പാവം പെണ്ണ് എന്ന കമന്റിന് എനിക്ക് ആയിരം 'കൈ' തമാശകള്‍ പറയാനാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 

മാളവികയുടെ നിലപാടിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഒട്ടേറെപ്പേര്‍ അവരുടെ ട്വീറ്റ് ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തു.

Content highlights: malvika iyer who lost her hands in mishap is winning internet with her reply to a troll