മാളവിക അയ്യര്‍. അവനവനില്‍ വിശ്വസിക്കുകയും കഠിനാധ്വാനം ചെയ്യുകയും മാത്രമാണ് വിജയത്തിലേക്കുള്ള എളുപ്പവഴിയെന്ന് തിരിച്ചറിഞ്ഞവള്‍. നിങ്ങള്‍ക്കുള്ള കുറവുകള്‍ അത് നിങ്ങളുടെ മനസ്സിന്റെ മാത്രം തോന്നലാണെന്ന് മാളവിക പറയുന്നത് സ്വന്തം ജീവിതം നല്‍കിയ അനുഭവത്തിന്റെ വെളിച്ചത്തിലാണ്. 

പതിമൂന്ന് വയസ്സുള്ളപ്പോള്‍ കൈകള്‍ നഷ്ടപ്പെട്ട മാളവിക അതിജീവനത്തിനെടുത്തത് മാസങ്ങളാണ്. പക്ഷേ അവള്‍ അതിജീവിക്കുക മാത്രമായിരുന്നില്ല അവളെ പോലെ ജീവിതത്തിന് മുന്നില്‍ പകച്ചു നിന്ന നിരവധി പേര്‍ക്ക് പ്രചോദനമാവുക കൂടിയായിരുന്നു. ഇന്ന് ലോകമറിയുന്ന മോട്ടിവേഷണല്‍ സ്പീക്കറാണ് മാളവിക. അനുഭവങ്ങളിലൂന്നിയുള്ള തന്റെ വാക്കുകള്‍ മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ നല്‍കുന്ന പ്രേരണയെപ്പോലും തനിക്ക് മുന്നോട്ട് നടക്കാനായുള്ള വെളിച്ചമായി കണ്ട് ഇവര്‍ തന്റെ ജൈത്രയാത്ര തുടരുകയാണ്. 

ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ മാളവിക പങ്കുവെച്ച അവളുടെ ജീവിതത്തിലേക്ക്. 

വളരെ ജിഞ്ജാസുവായിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. പതിമൂന്ന് വയസ്സിലാണ് എന്റെ ജീവിതം എന്നന്നേക്കുമായി മാറി മറിഞ്ഞത്. ഒരു ഗാര്യേജിലൂടെ കടന്നുപോവുകയായിരുന്നു ഞാന്‍. പെട്ടന്നാണ് അവിടെ ഒരു ഗ്രനേഡ് പതിക്കുന്നതും പൊട്ടിത്തെരിയുണ്ടാകുന്നതും. എന്നെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചു. എന്തോ അത്ഭുതശക്തിയാല്‍ അന്നു വൈകുന്നേരത്തോടെ തന്നെ ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. അപ്പോള്‍ മുതല്‍ ഡോക്ടര്‍മാര്‍ എന്നെ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമം തുടങ്ങി. 

എന്റെ കൈകള്‍ നഷ്ടപ്പെട്ടിരുന്നു, കാലുകളില്‍ ഗുരുതരമായ മുറിവുകള്‍ ഉണ്ടായിരുന്നു. ഞരമ്പുകള്‍ക്ക് ക്ഷതമേറ്റിരുന്നു, ആദ്യത്തെ ആറുമാസം നടക്കാന്‍ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. വീല്‍ച്ചെയറില്‍ ജീവിതം തളച്ചിടപ്പെട്ടു. പതിനെട്ട് മാസത്തോളം നീണ്ടു നിന്ന ആസ്പത്രിവാസത്തിനും നിരവധി ശസ്ത്രക്രിയകള്‍ക്കും ശേഷം ഞാന്‍ വീണ്ടും നടക്കാന്‍ തുടങ്ങി. കൃത്രിമക്കൈകള്‍ ഉപയോഗിക്കാനും. 

കുറേ നാള്‍ എനിക്ക് സ്‌കൂള്‍ നഷ്ടപ്പെട്ടു. പക്ഷേ വീണ്ടും നഷ്ടപ്പെടുത്താന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. എന്റെ ശ്രദ്ധ ഞാന്‍ പഠനത്തിലേക്ക് കേന്ദ്രീകരിച്ചു. ക്രാഷ് കോഴ്‌സുകളിലൂടെ പരിശീലനം ആരംഭിച്ചു. അതേ, ഞാനത് തീരുമാനിച്ചുറപ്പിച്ചിരുന്നു. ഒരു എഴുത്തുകാരന്റെ സഹായത്തോടെ പത്താംക്ലാസ് പരീക്ഷ ഞാന്‍ എഴുതി. പൊതു പരീക്ഷയില്‍ പാസ്സായി. എന്റെ ആദ്യത്തെ വലിയ വിജയം. 

ആ വിജയം ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. കാരണം ഒന്നില്‍ ലക്ഷ്യം കാണുകയും അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ എന്റെ മുന്നോട്ടുള്ള പ്രയാണം അതുപോലെത്തന്നെ തുടരാന്‍ തീരുമാനിച്ചു. അതേതുടര്‍ന്ന് എനിക്ക് സ്‌റ്റേറ്റ് റാങ്ക് തന്നെ ലഭിച്ചു. ആ വിജയത്തിന് മുമ്പത്തെ വിജയത്തേക്കാള്‍ എന്നെ പ്രചോദിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു. 

തുടര്‍ന്ന് ഞാന്‍ എക്‌ണോമിക്‌സ് പഠിക്കാന്‍ പോയി, തുടര്‍ന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തരബിരുദം എടുത്തു. കോളേജിലെ ആദ്യദിനങ്ങള്‍ പക്ഷേ കയ്‌പേറിയതായിരുന്നു. എനിക്ക് ചുറ്റുമുള്ളത് പൂര്‍ണതയുടെ ലോകം മാത്രമായി എനിക്ക് അനുഭവപ്പെട്ടു. എല്ലാം തികഞ്ഞവരുടെ ഇടയില്‍ ഞാന്‍ അപൂര്‍ണയാണെന്ന് എനിക്ക് തോന്നിത്തുടങ്ങി. ഞാന്‍ തകര്‍ന്നു. എനിക്ക് സംഭവിച്ചത് ആരോടും പറയാതെയും ഒരു തുരുത്തിനുള്ളില്‍ സ്വയം പ്രവേശിച്ച് തനിയെ ഇരിക്കാനും ഞാന്‍ ശീലിച്ചു. ഈ സമയത്താണ് എന്റെ കുടുംബം എനിക്ക് പിറകില്‍ പാറ പോലെ ഉറച്ചുനിന്നത്. അവര്‍ എന്നെ വിശ്വസിക്കുകയും എന്റെ ഓരോ വിജയത്തിലും ആഹ്ലാദിക്കുകയും ചെയ്തു. 

ഏതാണ്ട് അതേ സമയത്ത് തന്നെയാണ് ഞാന്‍ എന്റെ പ്രണയത്തെ കണ്ടെത്തുന്നത്. ആ പ്രണയം എല്ലാ തികഞ്ഞ ഒരു പൂര്‍ണവ്യക്തിയായാണ് എന്നെ നോക്കിക്കണ്ടത്. എന്റെ കുറവുകള്‍  ശ്രദ്ധിച്ചതുപോലുമില്ല. ഇത്രയും വലിയ ഒരു അപകടത്തെ അതീജിവിച്ച എനിക്ക് എന്തും സാധിക്കും എന്ന് എനിക്ക് തോന്നിത്തുടങ്ങി. അംഗപരിമിതരായ നിരവധി ആളുകളുടെ ജീവിതം ഞാന്‍ പഠിച്ചു. കുറവുകളില്‍ തങ്ങളോട് സഹതപിക്കുന്നത് എന്നെ പോലെ അവരും വെറുക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഞങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ട് അതുതന്നെ ആഘോഷമാണ്. 

ഞാനും എന്നെ ആഘോഷിക്കാന്‍ തീരുമാനിച്ചു. 2012-ല്‍ എന്റെ അപകടത്തിന്റെ വാര്‍ഷികത്തില്‍, വളരെക്കാലത്തെ അരക്ഷിതാവസ്ഥക്കൊടുവില്‍, എന്റെ ശരീരത്തെ ഒളിപ്പിച്ചുനടത്തിയതിനൊടുവില്‍, ഞാന്‍ നേരിട്ട അപരിചിത തുറിച്ചുനോട്ടങ്ങള്‍ക്കും ലക്ഷക്കണക്കിന് ചോദ്യങ്ങള്‍ക്കും ഒടുവില്‍ എനിക്ക് എന്താണ് സംഭവിച്ചതെന്ന് ഞാന്‍ തുറന്നെഴുതി. ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ചു. ആ പോസ്റ്റ് വൈറലായി. 

തുടര്‍ന്ന് ടെഡ് എക്‌സ് ടോക്ക്, അതിനും മുമ്പേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്നൂറിലധികം പ്രസംഗങ്ങള്‍ ഞാന്‍ നടത്തിയിരുന്നു. 2016-ല്‍ ന്യൂയോര്‍ക്കില്‍ വെച്ച് എമെര്‍ജിങ് ലീഡേഴ്‌സ് അവാര്‍ഡ് ലഭിച്ചു. അതേ വര്‍ഷമാണ് ഞാന്‍ എന്റെ പി.എച്ച്.ഡി കംപ്ലീറ്റ് ചെയ്തത്. യുഎന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സംസാരിക്കാന്‍ ഞാന്‍ ക്ഷണിക്കപ്പെട്ടു. ന്യൂഡെല്‍ഹിയില്‍ നടന്ന വേള്‍ഡ് എക്‌ണോമിക് സമ്മിറ്റില്‍ പങ്കെടുത്തു. 

ഇതാണ് നിറയെ ഉയര്‍ച്ചകളും താഴ്ചകളും നിറഞ്ഞ എന്റെ യാത്ര. ജീവിക്കേണ്ട എന്ന് ഞാന്‍ ആഗ്രഹിച്ച നിരവധി ദിവസങ്ങള്‍ ഉണ്ട്. കാരണം അനുഭവിച്ച വേദന അത്രത്തോളമായിരുന്നു. ഇന്നും ഇന്ത്യയിലെത്തുമ്പോള്‍ കൃത്രിമ കൈ ധരിച്ചില്ലെങ്കില്‍ എനിക്ക് വിവേചനം അനുഭവപ്പെടാറുണ്ട്. പക്ഷേ ഞാന്‍ തളരില്ല, ആ വിവേചനം അവസാനിപ്പിക്കുന്നതിനുള്ള ദൗത്യത്തിലാണ് ഞാന്‍. 

എന്റെ കൈത്തണ്ടകള്‍ മാത്രം ഉപയോഗിച്ച് ഞാന്‍ പാചകം ചെയ്തിരുന്നു. ഇത്തരത്തില്‍ പുതുതായി ഞാന്‍ ചെയ്യുന്ന എന്തുകാര്യത്തെയും സാഹസികമായാണ് ഞാന്‍ നോക്കിക്കാണാറുള്ളത്. 

ഞാന്‍ ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ആഗ്രഹിക്കുന്നത്, നിങ്ങള്‍ ആരാണെന്നുള്ളതാണ് ഈ ലോകത്തെ ഏറ്റവും വലിയ ശക്തി. നിങ്ങള്‍ കാണാന്‍ എങ്ങനെയാണെന്നുള്ളതോ, നിങ്ങള്‍ക്കുള്ള കുറവുകളോ അതില്‍ മാറ്റം വരുത്തില്ല. എന്നെ നോക്കൂ, കൈകളില്ലാത്ത എനിക്ക് പിഎച്ച്ഡി ഉണ്ട്. ഒന്നറിയുക, മോശമായ കാലഘട്ടം അല്ലെങ്കില്‍ അംഗപരിമിതി എന്നുള്ളത് നിങ്ങളുടെ പുസ്തകത്തിലെ ഒരു അധ്യായം മാത്രമാണ്. അതല്ല മുഴുവന്‍ കഥ. നിങ്ങളെ അതിമനോഹരമായി എഴുതാന്‍ സാധിക്കുന്ന ഒരേയൊരു വ്യക്തി നിങ്ങള്‍ മാത്രമാണ്. 

 

Content highlights: Malvika Iyer, Humans of Bombay,Inspirational Life, Motivational Speaker