രിത്രം കുറിച്ചാണ് കമലാ ഹാരിസ് യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവയിലെത്തുന്ന ആദ്യ വനിതയാണ് ഇന്ത്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയുമായ കമലാ ഹാരിസ്. കമലയുടെ വൈസ് പ്രസിഡന്റ് പദവിയെക്കുറിച്ച് കാലങ്ങള്‍ മുമ്പ് പ്രവചിച്ചവരില്‍ ഒരു ഇന്ത്യക്കാരിയുമുണ്ടായിരുന്നു. ബോളിവുഡ് നടികൂടിയായ മല്ലികാ ഷെരാവാത്. മല്ലികയുടെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ട്വീറ്റ് ഇപ്പോൾ വൈറലാണ്. 

2009ലാണ് മല്ലികാ ഷെരാവത് ഈ ട്വീറ്റ് പങ്കുവച്ചത്. അന്ന് സാന്‍ഫ്രാസിസ്‌കോയിലെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായിരുന്നു കമലാ ഹാരിസ്. കമലയ്‌ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്തതിനു ശേഷമാണ് മല്ലിക ട്വീറ്റ് ചെയ്തത്. ഭാവിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ആയേക്കാവുന്ന വനിത എന്ന പേരിലാണ് മല്ലിക ട്വീറ്റ് പങ്കുവച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ആയേക്കാമെന്ന് അവര്‍ പറയുന്ന സ്ത്രീ, കമലാ ഹാരിസുമൊത്ത് ഒരു പരിപാടി ആസ്വദിക്കുന്നു എന്നായിരുന്നു മല്ലികയുടെ ട്വീറ്റ്. 

മല്ലികയുടെ ദീര്‍ഘവീക്ഷണത്തെ അഭിനന്ദിക്കുകയാണ് പലരും. 2010ല്‍ കമലാ ഹാരിസിനൊപ്പമുള്ള ചിത്രവും മല്ലിക പങ്കുവച്ചിരുന്നു. പൊളിറ്റിക്‌സ് ഓഫ് ലവ് എന്ന തന്റെ ചിത്രത്തിലെ കഥാപാത്രത്തിന് പ്രചോദനമായ കമലയെ പ്രശംസിച്ചുകൊണ്ടായിരുന്നു മല്ലികയുടെ ആ പോസ്റ്റ്. സാന്‍ഫ്രാന്‍സിസ്‌കോയിലെ അറ്റോര്‍ണി ജനറല്‍ കമലാ ഹാരിസിനൊപ്പം. പൊളിറ്റിക്‌സ് ഓഫ് ലവിലെ എന്റെ കഥാപാത്രം കമലയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടുണ്ട്. - എന്നാണ് മല്ലിക ചിത്രത്തിനൊപ്പം കുറിച്ചത്.

with Kamala Harris, attornry general of San Francisco. I was inspired by her for my role in Politics of Love...

Posted by Mallika Sherawat on Saturday, July 31, 2010

അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍, ആദ്യ ഏഷ്യന്‍ വംശജ എന്നീ പദവികള്‍കൂടി കമലയ്ക്കു സ്വന്തമാണ്. നിര്‍ഭയമായ നിലപാടുകളുടെ പേരിലാണ് കമലാ ഹാരിസ് ഏറെ കൈയടി നേടിയിട്ടുള്ളത്. അഭിഭാഷകയായി ജോലിചെയ്യവേ വധശിക്ഷ, സ്വവര്‍ഗവിവാഹം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ ശ്രദ്ധേയമായി. യു.എസില്‍ കറുത്ത വര്‍ഗക്കാര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളില്‍ പോലീസിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വനിതാമുഖങ്ങളില്‍ ശ്രദ്ധേയയായ കമലാ ഹാരിസിന് രാഷ്ട്രീയത്തില്‍ ഏറെ തുണയായത് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള ആത്മബന്ധമാണ്.

ചെന്നൈ സ്വദേശി ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരനായ ഡൊണാള്‍ഡ് ഹാരിസിന്റെയും മകളായി 1964ല്‍ കാലിഫോര്‍ണിയയിലെ ഓക്‌ലന്‍ഡിലാണ് കമലയുടെ ജനനം. ഹൊവാഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദവും നേടി. 2003ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഡിസ്ട്രിക്ട് അറ്റോര്‍ണിയായി തിരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലായി. 2014ല്‍ ഡഗ്ലസ് എംഹോഫിനെ വിവാഹം കഴിച്ചു.

Content Highlights: mallika sherawat tweet about kamala harris in 2009 goes viral