രിയറിൽ നേരിടുന്ന വിവേചനങ്ങളെക്കുറിച്ച് സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി സ്ത്രീകൾ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാറുണ്ട്. അൽപം ബോൾഡ് ആകുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനവും മുൻകാലത്ത് വ്യത്യസ്തമായിരുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ് ബോളിവുഡ് താരം മല്ലിക ഷെരാവത്. സ്ക്രീനിൽ ബോൾഡ് ആയി അഭിനയിക്കുന്ന തന്നിൽ പലപുരുഷന്മാരും അമിത സ്വാതന്ത്ര്യം എടുക്കാൻ ശ്രമിച്ചിരുന്നതിനെക്കുറിച്ച് പറയുകയാണ് മല്ലിക. 

"എനിക്ക് അവസരങ്ങൾ ലഭിച്ചത് വളരെ വേ​ഗത്തിലായിരുന്നു. അധികം അലയും മുമ്പ് തന്നെ മർഡർ പോലുള്ള ഹിറ്റ് ചിത്രങ്ങൾ ലഭിച്ചു. പക്ഷേ അതിനുശേഷം എന്റെ പ്രതിച്ഛായയും മാറി. സിനിമയിൽ ബോൾഡ് ആയതുകൊണ്ട് ജീവിതത്തിൽ അമിത സ്വാതന്ത്ര്യം എടുക്കാൻ ശ്രമിച്ച പുരുഷന്മാർ നിരവധിയുണ്ട്. ഓൺസ്ക്രീനിൽ ഇത്ര ബോൾഡ് ആകാൻ കഴിയുന്നുണ്ടെങ്കിൽ വ്യക്തിജീവിതത്തിലും അങ്ങനെയായിക്കൂടേ എന്നു ചോദിച്ചവർ നിരവധിയാണ്" - മല്ലിക പറയുന്നു. 

"ഓൺസ്ക്രീനിലും ഓഫ്സ്ക്രീനിലുമുള്ള വ്യക്തികൾ രണ്ടാണെന്ന് അവർ‌ ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്നാൽ എന്നെ സമീപിച്ചവരോടെല്ലാം ശക്തമായി തന്നെ മറുപടി നൽകിയിട്ടുണ്ട്. വിട്ടുവീഴ്ച ചെയ്യാനൊരുക്കമല്ലെന്ന് തുറന്നടിച്ചു പറഞ്ഞിട്ടുണ്ട്. ബോളിവുഡിൽ കോംപ്രമൈസ് ചെയ്യാനല്ല മറിച്ച് കരിയർ ഉണ്ടാക്കാനാണ് വന്നതെന്ന് പലരോടും പറഞ്ഞിട്ടുണ്ട്" - മല്ലിക വ്യക്തമാക്കുന്നു.  

സ്ത്രീകള്‍ പലപ്പോഴും അത്തരം വേഷങ്ങളുടെ പേരിൽ വേട്ടയാടപ്പെടുകയും ഒപ്പം അഭിനയിക്കുന്ന പുരുഷതാരങ്ങൾ അത്തരമൊരു സാഹചര്യം നേരിടേണ്ടി വരാത്തതിനേക്കുറിച്ചും താരം പറയുന്നു. "പുരുഷാധിപത്യ സമൂഹമായതുകൊണ്ടാണ് ആ അവസ്ഥയുണ്ടാകുന്നത്. പുരുഷനല്ല, എന്നും സ്ത്രീയാണ് വേട്ടയാടപ്പെടുന്നത്. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും അതാണവസ്ഥ"- മല്ലിക പറയുന്നു.

നേരത്തേയും ഇത്തരം തുറന്നു പറച്ചിൽ നടത്തി ശ്രദ്ധിക്കപ്പെട്ട താരമാണ് മല്ലിക. അടുത്തിടെയാണ് മാധ്യമങ്ങൾ ഒരുകാലത്തു തന്നെ വിടാതെ പിന്തുടർന്നതിനേക്കുറിച്ച് താരം തുറന്നുപറഞ്ഞത്. ഓൺസ്ക്രീനിൽ ബിക്കിനി ധരിക്കുന്നതും ചുംബന രം​ഗങ്ങളും വിമർശിക്കപ്പെട്ടിരുന്നു. അത്തരം വേട്ടയാടലുകൾ മടുത്ത് കുറച്ചുനാളത്തേക്ക് രാജ്യം വിടുക വരെ ചെയ്തിരുന്നുവെന്നും താരം പറയുകയുണ്ടായി. 

Content Highlights: Mallika On patriarchy In Bollywood