സ്ത്രീകളെ സംബന്ധിച്ചുള്ള സാമൂഹിക വിഷയങ്ങളില്‍ എന്നും ഒച്ച ഉയര്‍ത്തിയിട്ടുള്ള താരമാണ് നടിയും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ മല്ലിക ദുവാ. ഇപ്പോഴിതാ ശാരീരിക ആരോഗ്യത്തെപ്പോലെ മാനസികാരോഗ്യത്തിനും പ്രാധാന്യം നല്‍കേണ്ടതിനെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് മല്ലിക.
മഹാമാരി ദുരിതം വിതച്ച ഈ വര്‍ഷത്തില്‍ ഒപ്പമുള്ളവരുടെ മാനസികാരോഗ്യത്തിന് വലിയ പരിഗണന നല്‍കണമെന്നു പറയുകയാണ് മല്ലിക. മാനസികാരോഗ്യം സംബന്ധിച്ച വിഷയങ്ങള്‍ ഒരിക്കലും അടക്കിവച്ച് പറയേണ്ടതല്ല. തെറാപ്പിക്ക് പോകുന്നതിനെക്കുറിച്ച് താന്‍ പരസ്യമായി പറയാറുണ്ട്. ജിമ്മില്‍ പോകുന്നതുപോലെയേ തെറാപ്പിക്ക് പോവുന്നതിന് കാണേണ്ടതുള്ളു.- മല്ലിക പറയുന്നു.
വിനോദലോകത്ത് എത്തുംമുമ്പ് ഒരിക്കലും ഇത്രത്തോളം ഉത്കണ്ഠ അനുഭവിച്ചിട്ടില്ലെന്നും മല്ലിക പറയുന്നു. പലരുടെയും യഥാര്‍ഥ മുഖം എന്തെന്ന് സമൂഹമാധ്യമത്തിലൂടെ തിരിച്ചറിഞ്ഞ വര്‍ഷമാണിത്. ജോലിയും കുടുംബവുമാണ് ഏറ്റവും അത്യാവശ്യം എന്നു തിരിച്ചറിയുക കൂടി ചെയ്ത കാലമാണ് ഇതെന്നും മല്ലിക പറയുന്നു.
സ്ത്രീ കൊമേഡിയന്മാരുടെ പങ്കാളിത്തക്കുറവിനെക്കുറിച്ചും മല്ലികയ്ക്ക് പറയാനുണ്ട്. താന്‍ ഒരിക്കലും ഒരു കൊമേഡിയന്‍ ആണെന്ന് സ്വയം തോന്നിയിട്ടില്ല, മറിച്ച് അഭിനയിക്കുകയാണെന്നേ കരുതിയിട്ടുള്ളു. വനിതാ കൊമേഡിയന്‍മാര്‍ കുറയുന്നതിനു പിന്നില്‍ വീടുകളിലെ വളര്‍ത്തലിനും പങ്കുണ്ട്. കുട്ടിക്കാലം തൊട്ട് രസികയാകുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞല്ല വളര്‍ത്താറുള്ളത്. ഈ മേഖല അഭികാമ്യമോ ലാഭകരമോ ആയി കാണുന്നില്ല. ആ മാനസികാവസ്ഥ മാറ്റണം- മല്ലിക കൂട്ടിച്ചേര്‍ത്തു.
Content Highlights: Mallika Dua on Mental Health