ര്‍ത്തവം സ്ത്രീകളുടെ ശരീരത്തിലെ വളരെ സാധാരണമായ ഒരു കാര്യമാണെങ്കിലും ഇപ്പോഴും സമൂഹത്തില്‍ നിന്ന് ഒളിച്ചു വയ്‌ക്കേണ്ട ഒന്നായി കരുതുന്ന നിരവധിപ്പേര്‍ നമുക്കു ചുറ്റുമുണ്ട്. പ്രത്യേകിച്ചും ഇന്ത്യയില്‍. എന്നാല്‍ വിദേശത്തും ആര്‍ത്തവമെന്നാല്‍ തൊട്ടുകൂടാത്ത എന്തോ ഒന്നായി കാണുന്നവരുണ്ടെന്ന് തെളിയിക്കുകയാണ് സമൂഹമാധ്യമമായ റെഡ്ഡിറ്റില്‍ ഒരു സ്ത്രീ പങ്കുവച്ച അനുഭവം. 

തന്റെ ലോക്കറില്‍ എല്ലാ സ്ത്രീകളെയും പോലെ അവരും ടാംപൂണ്‍ ബോക്‌സ് സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇത് കണ്ട ഒരു പുരുഷ സഹപ്രവര്‍ത്തകന്‍ തനിക്ക് അത് അസ്വസ്ഥതയുണ്ടാക്കുന്നു എന്ന് എച്ച്.ആര്‍ മാനേജര്‍ക്ക് പരാതി നല്‍കുകയായിരുന്നു. അതോടെ സീനിയര്‍ ഓഫീസര്‍ യുവതിയോട് ഇതിന് പരിഹാരം കാണണമെന്ന നിര്‍ദേശവും നല്‍കി. തുടര്‍ന്ന് നടന്ന സംഭവമാണ് രസകരം. 

ടാംപൂണ്‍ തനിക്ക് സൂക്ഷിക്കുകയും വേണം, മേലുദ്യോഗസ്ഥന്റെ നിര്‍ദേശം അനുസരിക്കുകയും വേണം, ഒപ്പം ഞരമ്പുരോഗിയായ സഹപ്രവര്‍ത്തകന് പണിയും കൊടുക്കണം. സംഭവം യുവതിയുടെ വാക്കുകളില്‍ ഇങ്ങനെയാണ്. 'ആരോഗ്യ മേഖലയായതിനാല്‍ ഞങ്ങള്‍ക്ക് എപ്പോഴും തിരക്കേറിയ ജോലികളുണ്ടാവും. ഞങ്ങളുടെ അവശ്യസാധനങ്ങള്‍ സൂക്ഷിക്കാനാണ് ലോക്കര്‍ നല്‍കുക. ഞാന്‍ ഓഫീസ് വിഭാഗത്തിലായതിനാല്‍ എപ്പോഴും എന്റെ ലോക്കര്‍ പൂട്ടി വയ്ക്കാനാവില്ല. അങ്ങനെയാവാം തൊട്ടടുത്തുള്ള എന്റെ സഹപ്രവര്‍ത്തകന്‍ ഇടയ്ക്കിടെ ടാംപൂണ്‍ ബോക്‌സ് കണ്ടത്. എന്റെ പെണ്‍സഹപ്രവര്‍ത്തകരോട് അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ടാംപൂണുകള്‍ എടുക്കാനുള്ള സമ്മതവും ഞാന്‍ നല്‍കിയിരുന്നു. ഒരു ദിവസം എന്നെ മേലധികാരി എന്നെ വിളിപ്പിച്ചു. എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു പുരുഷസഹപ്രവര്‍ത്തകന് എന്റെ ലോക്കറിലെ ടാംപൂണ്‍ ബോക്‌സ് കാണുമ്പോള്‍ അസ്വസ്ഥതയുണ്ടാകുന്നു, അത് മാറ്റണമെന്നായിരുന്നു നിര്‍ദേശം. എന്റെ 'സഹപ്രവര്‍ത്തകനെ' പ്രകോപിതനാക്കാന്‍ ഞാന്‍ ഉദേശിച്ചിരുന്നില്ല. മാത്രമല്ല എന്റെ ലോക്കറില്‍ മറ്റെന്തെങ്കിലും ആവശ്യത്തിനായി ആരെങ്കിലും തിരയുമ്പോള്‍ തെറ്റി ഈ ബോക്‌സ് എടുത്താലോ എന്ന് സംശയവും ബോസ് പ്രകടിപ്പിച്ചു. തിരിച്ചെത്തി മൂന്ന് മിനിറ്റുകൊണ്ട് എന്റെ ടാംപൂണ്‍ ബോക്‌സിന് ഒരു കവര്‍ ഞാന്‍ ഉണ്ടാക്കി.' 'Mother Earth's Bloody Nutrients Bars: with extra gooey, nutritious filling! എന്ന് ക്യാപഷനും കവറിന് മുകളില്‍ എഴുതാന്‍ യുവതി മറന്നില്ല. മാത്രമല്ല രക്തം നിറച്ച ഒരു ബാത്ത് ടബ്ബിന്റെ ചിത്രവും.

women

പിറ്റേന്ന് ആരും കാണുന്നില്ല എന്ന ഭാവത്തില്‍ പുരുഷ സഹപ്രവര്‍ത്തകന്‍ വീണ്ടും തന്റെ ലോക്കര്‍ പരിശോധിച്ചെന്നും യുവതി കുറിക്കുന്നു. പക്ഷേ പുതിയ കവര്‍ കണ്ടതോടെ അയാള്‍ അടുത്ത പരാതിയുമായി എത്തി. ഇത് തമാശയല്ല എന്നായി മേലുദ്യോഗസ്ഥന്‍. അതോടെ യുവതി വിശദമായ വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുത്തി എച്ച്.ആര്‍ വിഭാഗത്തിന് പരാതി നല്‍കിയെന്നും പറയുന്നു. ' അയാളുടെ സീറ്റ് വേറെ എങ്ങോട്ടെങ്കിലും മാറ്റൂ എന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. എന്റെ ലോക്കര്‍ കാണുമ്പോഴല്ലേ പ്രശ്‌നം. എന്നാല്‍  മറ്റ് സഹപ്രവര്‍ത്തകര്‍ ഞാന്‍ ചെയ്തതാണ് ശരിയെന്ന് പറഞ്ഞ് എന്നെ അഭിനന്ദിക്കാനെത്തി. എന്റെ പരാതിയില്‍ എച്ച്.ആര്‍ അയാള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും കത്തയക്കുകയും ചെയ്തു.' 

യുവതിയുടെ അനുഭവത്തിന് താഴെ നിരവധിപ്പേര്‍ അഭിനന്ദനങ്ങളുമായി എത്തി. ചിലര്‍ തങ്ങളുടെ ഓഫീസില്‍ ഇത്തരത്തില്‍ പുരുഷ സഹപ്രവര്‍ത്തകരില്‍ നിന്ന് ആര്‍ത്തവ കാലത്തുണ്ടായ മോശം അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

Content Highlights: Male colleague complains about tampon box in locker and she solve the problem