VijayaSreeട്ടനവധി സ്ത്രീകളുടെ രക്തത്തില്‍നിന്ന് ഉയിരെടുത്ത വ്യവസായമാണ് മലയാള സിനിമയെന്നു പറഞ്ഞാല്‍ തെറ്റില്ല.  സിനിമയുടെ മാസ്മരികതയില്‍ പണവും പ്രശസ്തിയും തേടിയെത്തുന്ന പെണ്‍കുട്ടികള്‍, അങ്ങേയറ്റം പുരുഷമേധാവിത്വം പുലര്‍ത്തുന്ന ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ ശരീരവും മനസ്സും ബലിയര്‍പ്പിക്കാന്‍ പലപ്പോഴും നിര്‍ബന്ധിതരാകുന്നുണ്ട്.

ധീരനായകന് പിറകിലെ നിഴലായി നില്‍ക്കുന്ന പാത്രസൃഷ്ടി മുതല്‍, കാഴ്ചക്കാരനെ ത്രസിപ്പിക്കുന്ന വെറുമൊരു ശരീരമായി വരെ അവള്‍ ഒതുക്കപ്പെടുന്നു. അവളുടെ നഗ്‌നത വിറ്റുകാശാക്കുന്ന ചിത്രങ്ങളുടെ ലാഭത്തിന്റെ വിഹിതം പോയിട്ട് അര്‍ഹതപ്പെട്ട പ്രതിഫലം പോലും അവള്‍ക്ക് നിഷേധിക്കപ്പെടുന്നു. തന്റെ ചിത്രങ്ങളില്‍ ആര് നായികയാകണം എന്ന് പുരുഷതാരങ്ങള്‍ കല്പിക്കുമ്പോള്‍ ഒരു വേഷത്തിനായി സഹനത്തിന്റെ പര്‍വ്വങ്ങള്‍ അവള്‍ നിശബ്ദം താണ്ടുന്നു, കാസ്റ്റിങ് കൗച്ചിന്റെ ഇരകളാകുന്നു. ഒറ്റപ്പെട്ട ശബ്ദങ്ങളായി ഉയരുന്നവള്‍ വിലക്കപ്പെടുന്നു.  

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്നു മരണത്തിന്റെ തണുത്ത ഇരുട്ടിലേക്ക് നടന്നിറങ്ങിയ അഭിനേത്രികളും നിരവധി. മലയാളത്തിന്റെ മാദകറാണിയായി എഴുപതുകളില്‍ വിശേഷിപ്പിക്കപ്പെട്ട വിജയശ്രീയില്‍നിന്ന് ആ പട്ടിക തുടങ്ങുന്നു. അവര്‍ക്ക് പിറകെ ശോഭ, സില്‍ക്ക് സ്മിത, ദിവ്യ ഭാരതി, സിമ്രന്റെ സഹോദരി മൊണാല്‍, ബോളിവുഡ് നടി ജിയ ഖാന്‍, ശിഖ ജോഷി, മയൂരി, പ്രമുഖ മോഡല്‍ വിവേക ബാബാജി, പ്രശസ്ത മോഡലായിരുന്ന കുല്‍ദീപ് രണ്‍ധവ... അങ്ങനെ ഒരു സുദിനത്തില്‍ മരണത്തെ പുല്‍കിയവര്‍ ഏറെ.

പ്രശസ്തിയുടെ ഔന്നിത്യത്തില്‍ നില്‍ക്കുമ്പോഴുളള ജീവിതവിരക്തിയായിരുന്നില്ല പൊടുന്നനെ ജീവിതമവസാനിപ്പിച്ച നടികളുടെ മരണത്തിന് പിന്നില്‍. ഗ്ലാമറിന്റെ ലോകത്ത് എത്തപ്പെട്ടെങ്കിലും ജീവിത സുരക്ഷിതത്വം നേടിയെടുക്കുന്നതില്‍ ഇവരില്‍ പലരും ദാരുണമായി പരാജയപ്പെട്ടിരുന്നു.

സിനിമയില്‍ യവനസുന്ദരിയായി തിളങ്ങി നില്‍ക്കുന്നതിനിടയില്‍ 21-ാം വയസ്സിലാണ് വിജയശ്രീ മരണത്തെ പുല്‍കുന്നത്. പൊന്നാപുരം കോട്ട എന്ന ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ ചില പ്രശ്നങ്ങളാണ് അവരുടെ മരണത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നുണ്ട്.

VijayaSree

ചിത്രത്തിന് വേണ്ടി വിജയശ്രീയുടെ നീരാട്ട് ചിത്രീകരിക്കുന്നതിനിടയില്‍ വസ്ത്രം വെള്ളത്തില്‍ ഒലിച്ചുപോയെന്നും അത് കാര്യമാക്കാതെ ചിത്രീകരണം തുടരുകയും ചെയ്തത് നടിയെ പ്രകോപിതയാക്കിയെന്നും പറയപ്പെടുന്നു. വിജയശ്രീയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി സംവിധായകന്‍ ജയരാജ് നായിക എന്ന പേരില്‍ ചിത്രമെടുക്കുകയുണ്ടായി. സിനിമക്കുള്ളിലെ കഥ പറഞ്ഞ ആ സിനിമ ചൂണ്ടുവിരലൂന്നിയത് വിജയശ്രീയുടേത് ഒരു കൊലപാതകമായിരുന്നു എന്ന വാദത്തിലേക്കാണ്.

പതിനേഴു വയസ്സിലാണ് ശോഭയെന്ന പെണ്‍താരോദയത്തെ മലയാള സിനിമയ്ക്ക് നഷ്ടപ്പെടുന്നത്. വിരിഞ്ഞുതുടങ്ങും മുമ്പേ കൊഴിയാന്‍ വിധിക്കപ്പെട്ടവള്‍. ബാലുമഹേന്ദ്രയുമായുള്ള പ്രണയത്തകര്‍ച്ചയാണ് ആ ജീവിതത്തിന് തിരശ്ശീലയിട്ടത് എന്ന് പറയപ്പെടുന്നു. 1980-ല്‍ മരണപ്പെട്ട ശോഭയുടെ ജീവിതത്തെ അടിസ്ഥാനമാക്കി 'ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്' എന്ന പേരില്‍ കെ.ജി. ജോര്‍ജ് ഒരു ചിത്രമെടുക്കുക വരെ ചെയ്തു. ദേശീയമാധ്യമങ്ങളില്‍ ആ സിനിമ ചര്‍ച്ച ചെയ്യപ്പെട്ടു. സിനിമയ്ക്കുള്ളിലെ നെറികേടുകള്‍ പുറംലോകമറിയുമെന്ന പേരില്‍ നിരവധി പേര്‍ ഈ സിനിമയെ ഭയത്തോടെയാണ് നോക്കിക്കണ്ടിരുന്നതെന്ന് ജോര്‍ജ് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സിനിമയ്ക്കുള്ളില്‍ സിനിമയുടെ കഥ പറഞ്ഞെത്തിയ ആദ്യ ചിത്രമായിരുന്നു ഫ്ളാഷ് ബാക്ക്. 
ചുരുളഴിയാത്ത രഹസ്യങ്ങളായി ഈ മരണങ്ങള്‍ ഇന്നും അവശേഷിക്കുന്നു.

Silkഒരുകാലത്ത് തെന്നിന്ത്യയുടെ രോമാഞ്ചമായിരുന്ന സില്‍ക്ക് സ്മിതയുടെ ആത്മഹത്യ ഉയര്‍ത്തിയ അലയൊലികള്‍ ചില്ലറയായിരുന്നില്ല. 1996 സെപ്റ്റംബര്‍ 23നാണ് സ്മിതയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഒരു ടച്ചപ്പ് ആര്‍ട്ടിസ്റ്റായി സിനിമാമേഖലയില്‍ കാലുകുത്തിയ സ്മിത ക്യാരക്ടര്‍ റോളുകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവെങ്കിലും അവരെ കാത്തിരുന്നത് മാദകവേഷങ്ങളായിരുന്നു. അവരുടെ ലൈംഗിക ആകര്‍ഷകത്വം തിരിച്ചറിഞ്ഞ സിനിമ ലോകം അവളെ അതിവിദഗ്ധമായി ഉപയോഗിക്കുകയായിരുന്നു എന്ന് പറയാം.

നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വിജയലക്ഷ്മി എന്ന സാധാരണപെണ്‍കുട്ടിയില്‍നിന്നും സില്‍ക്കെന്ന ചുരുക്കപ്പേരിലേക്കുള്ള അവരുടെ വളര്‍ച്ച ഞെട്ടിപ്പിക്കുന്ന വേഗത്തിലായിരുന്നു. ആരാധകമനസ്സുകളില്‍ രതിദേവതയായി അവര്‍ നിറഞ്ഞാടി. സ്മിതയുള്ള പടങ്ങള്‍ക്കേ കാണികളുള്ളൂ എന്ന അവസ്ഥയിലേക്ക് വരെ തെന്നിന്ത്യന്‍ സിനിമയെത്തിച്ചേര്‍ന്നു. സിനിമയെ തന്റെ അഴകളവുകളില്‍ തളച്ചിടുകയായിരുന്നു അവര്‍. 

പലരുടെ കൈകളിലൂടെ കടന്നു പോയ ജീവിതമായിരുന്നു സ്മിതയുടേയത്. പല പ്രമുഖരും അവരെ ചൂഷണം ചെയ്യുകയും വഞ്ചിക്കുകയും ചെയ്തു. വെള്ളിവെളിച്ചത്തില്‍ കണ്ണുമങ്ങിയ ആദ്യകാലങ്ങളില്‍ അതുതിരിച്ചറിയാന്‍ അവര്‍ മിനക്കെട്ടില്ല. പണത്തിന്റെയും ലഹരിയുടെയും വര്‍ണശബളിമയുടെയും മായാലോകത്തയാരുന്നു അവര്‍. പിന്നീട് കാലിടര്‍ച്ചകള്‍ മനസ്സിലാക്കിയപ്പോഴേക്കും ജീവിതത്തിന്റെ ഏറിയപങ്കും നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. അതില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു സ്മിതയുടെ ആത്മഹത്യ. 

ഒരു സ്ത്രീ ശരീരം മാത്രമായി അവരെ ഉപയോഗപ്പെടുത്തിയ സിനിമാലോകത്തെ അവര്‍ കണ്ണുമടച്ചുവിശ്വസിച്ചതും ഒടുവില്‍ ജീവിതം അ വസാനിപ്പിക്കാന്‍ തീരുമാനിച്ചതും പ്രമേയമാക്കി ഏക്ത കപൂര്‍ ഡേര്‍ട്ടി പിക്ചറുമായി എത്തിയപ്പോഴും ഇരു കൈയും നീട്ടിയാണ് പ്രേക്ഷകര്‍ വിദ്യ പകര്‍ന്നാടിയ സ്മിതയെ സ്വീകരിച്ചത്. 

silk smitha

പതിനാറുവയസ്സില്‍ നിലാപെണ്ണേ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദിവ്യാ ഭാരതിയുടെ മരണത്തെ ചുറ്റിപറ്റിയുള്ള ദുരൂഹതകള്‍ ഇന്നും നീങ്ങിയിട്ടില്ല. അപകടമരണമെന്നെഴുതി അന്വേഷണം അവസാനിപ്പിച്ചെങ്കിലും ദിവ്യയുടെ ആരാധകര്‍ ഇന്നും അവരുടെ മരണത്തെ അപകടമരണമായി ഉള്‍ക്കൊണ്ടിട്ടില്ല. വളരെ പെട്ടന്ന് തെന്നിന്ത്യയും ബോളിവുഡും ഒരു പോലെ കീഴടക്കിയ ദിവ്യയെ ശ്രീദേവിയോടാണ് സിനിമാലോകം ഉപമിച്ചിരുന്നത്. പത്തൊമ്പതാമത്തെ വയസ്സില്‍ അവര്‍ താമസിച്ചിരുന്ന മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാമത്തെ നിലയില്‍ നിന്നും താഴേക്ക് വീണാണ് ദിവ്യ മരണപ്പെടുന്നത്.

Unnimaryകരിയറിലുണ്ടായ തകര്‍ച്ച, പ്രണയത്തകര്‍ച്ച, സാമ്പത്തിക ക്ലേശങ്ങള്‍ എന്നിവയാണ് കാമസൂത്രയുടെ മോഡലായിരുന്ന വിവേക ബാബാജിയുടെ ആത്മഹത്യക്ക് കാരണമായി പറയപ്പെട്ടിരുന്നത്. ജീവിതത്തിലുള്ള പ്രതീക്ഷകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞു എന്ന കുറിപ്പെഴുതി വച്ചാണ് നടി മയൂരി ആത്മഹത്യ ചെയ്തതെങ്കില്‍ ജീവിതം തരുന്ന പിരിമുറുക്കങ്ങളെ മറികടക്കാന്‍ ആവുന്നില്ലെന്ന കുറിപ്പെഴുതി വച്ചാണ് ടെലിവിഷന്‍ നടിയായിരുന്ന കുല്‍ദീപ് രണ്‍ധവ മരണത്തെ സ്വീകരിച്ചത്.

ചെറുപ്പക്കാരുടെ ഹരമായ ഉണ്ണിമേരിയും ധനവും കാബൂളിവാലയും പോലുള്ള മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ചാര്‍മിളയും മരണത്തെ അതിജീവിച്ചവരാണ്. മനോഹരമായ കഥാപാത്രങ്ങള്‍ ഉണ്ടായിട്ടുകൂടി ചാര്‍മിളയെ മലയാളി ഓര്‍ക്കുന്നത് അവരുടെ ആത്മഹത്യാശ്രമത്തിന്റെ പേരിലാണ്. ഗോസിപ്പുകോളങ്ങളില്‍ പിന്നെയും നിരവധി മുന്‍നിരനടിമാരുടെ ആത്മഹത്യാശ്രമ വാര്‍ത്തകള്‍ ആഘോഷിക്കപ്പെട്ടു. 

എവിടെയാണ് ഇവര്‍ക്ക് ജീവിതം മടുത്തുതുടങ്ങുന്നത് ? തനിക്കുചുറ്റുമുള്ള വെള്ളിവെളിച്ചം മായികമാണെന്ന തിരിച്ചറിവ് വന്നുതുടങ്ങുമ്പോഴോ, പണവും പ്രശസ്തിയും നല്‍കുന്ന സംതൃപ്തിയേക്കാള്‍ പ്രധാനമാണ് ജീവിതം നല്‍കുന്ന സംതൃപ്തി എന്ന് പല നടിമാരുടെയും ജീവിതം അടിവരയിട്ടുറപ്പിക്കുന്നുണ്ട്.  കാരണം ജീവിത സംതൃപ്തിക്കായി താനെന്ത് നേടി എന്ന ചോദ്യമുയര്‍ന്നപ്പോഴാണ് ഇവരില്‍ ചിലരെങ്കിലും മരണത്തെ മനസ്സുകൊണ്ട് സ്വീകരിച്ചത്. 

പക്ഷേ മാറ്റത്തിന്റെ മാറ്റൊലികള്‍ ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു, അവരും സംഘടിതരാവുകയാണ്. ഒറ്റ രാത്രിയില്‍ ഒരു ക്വട്ടേഷനിലൂടെ നിശബ്ദയാക്കാന്‍ ശ്രമിച്ചവരെ നിലപാടിലുറച്ച് നിന്ന് നേരിടാന്‍ 'അതിജീവിച്ചവള്‍', അവളെടുത്ത തീരുമാനമുണ്ടല്ലോ അവിടെനിന്ന് തുടങ്ങുന്നു മാമൂലുകളുടെ പൊളിച്ചെഴുത്തുകള്‍. പിടക്കോഴികള്‍ കൂവുകയായിരുന്നില്ല, അവര്‍ കൂവാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.. ആ കൂവല്‍ അനിവാര്യമായിരുന്നുവെങ്കില്‍ കൂടി.