ഗ്രനേഡ് പൊട്ടിത്തെറിച്ച് ഇരു കൈപ്പത്തികളും നഷ്ടപ്പെടുമ്പോള്‍ വെറും പതിമൂന്നു വയസ്സു മാത്രമായിരുന്നു മാളവിക അയ്യര്‍ എന്ന പെണ്‍കുട്ടിയുടെ പ്രായം. എന്നാല്‍ തനിക്കുണ്ടായ അപകടത്തെയോ അത് സമ്മാനിച്ച വൈകല്യത്തെയോ ഭയന്ന് പിന്നാക്കം പോവുകയല്ല അവള്‍ ചെയ്തത്. പകരം ധൈര്യത്തോടെ മുന്നോട്ടു നടന്നു.
ഇന്ന് ഒരുപാട് വിശേഷണങ്ങളുണ്ട് മാളവികയ്ക്ക്. അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍, സാമൂഹികപ്രവര്‍ത്തക, ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നവള്‍, മോഡല്‍ -അങ്ങനെ ഒന്നിലേറെ വിശേഷണങ്ങള്‍.
തമിഴ്‌നാട്ടിലെ കുംഭകോണത്താണ് മാളവികയുടെ ജനനം. പിന്നീട് രാജസ്ഥാനിലെ ബിക്കാനീറിലേക്ക് താമസം മാറി. അവിടെ വച്ചാണ് ഗ്രനേഡ് പൊട്ടിത്തെറിച്ച് അവള്‍ക്ക് ഇരുകൈപ്പത്തികളും നഷ്ടമാകുന്നത്.
വീടിനു സമീപത്ത് വച്ചായിരുന്നു അത്. നിലത്തുകിടന്ന ഗ്രനേഡ് കയ്യിലെടുത്തപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുകൈപ്പത്തികളും പൂര്‍ണമായി തകരുകയും ഞരമ്പുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ചെന്നൈയില്‍ രണ്ടുവര്‍ഷത്തോളം ചികിത്സയിലായിരുന്നു മാളവിക. കൈകളും മനസ്സും ഭേദപ്പെട്ടത് അതിനു ശേഷമായിരുന്നു.
പത്താം ക്ലാസ്സ് പരീക്ഷ പ്രൈവറ്റായാണ് മാളവിക എഴുതിയത്. മറ്റൊരാളുടെ സഹായം ഇതിന് ആവശ്യമായി വരികയും ചെയ്തു. ആ വര്‍ഷം പ്രൈവറ്റായി പരീക്ഷ എഴുതിയവരില്‍ ഒന്നാം റാങ്ക് മാളവികയ്ക്കായിരുന്നു. തുടര്‍ന്ന് ഉപരിപഠനത്തിനായി മാളവിക ഡല്‍ഹിയിലേക്ക് തിരിച്ചു. സെന്റ് സ്റ്റീഫന്‍ കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി.
തുടര്‍ന്ന് ഡല്‍ഹി സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍നിന്ന് ബിരുദാനന്തരബിരുദവും മദ്രാസ് സ്‌കൂള്‍ ഓഫ് സോഷ്യല്‍വര്‍ക്കില്‍നിന്ന് എം ഫില്ലും നേടി. നിഫ്റ്റിന്റെയും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബിലിറ്റി ഫൗണ്ടേഷന്റെയും ഫാഷന്‍ ഷോകളില്‍ ഷോ സ്‌റ്റോപ്പര്‍ ആയും മാളവിക എത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ ഐ എന്‍ എ ഡി(ഇന്റര്‍ ഏജന്‍സി നെറ്റ് വര്‍ക്ക് ഓണ്‍ യൂത്ത് ഡെവലപ്‌മെന്റ് )യുടെ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയാണ് മാളവിക.
ഭിന്നശേഷിക്കാരായ വ്യക്തികള്‍ നേരിടേണ്ടി വരുന്ന വിവേചനങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയുള്ള ബോധവത്കരണപരിപാടികളിലും മാളവിക പങ്കെടുക്കുന്നുണ്ട്. മറ്റാരുടെയും സഹായമില്ലാതെ ഇക്കഴിഞ്ഞ ദിവസം മാളവിക ഭക്ഷണം പാകം ചെയ്തിരുന്നു. അതേക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും മാളവിക പോസ്റ്റുകള്‍ ഇടുകയും ചെയ്തിരുന്നു. നിരവധി ആളുകളാണ് മാളവികയ്ക്ക് അഭിനന്ദനവുമായെത്തിയത്. പ്രശസ്ത പാചകവിദഗ്ധന്‍ വികാസ് ഖന്നയും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
Photo: Facebook/Malavika Iyer, Instagram/malvika.iyer