ബോളിവുഡ് താരം മലൈക അറോറ കോവിഡ് ബാധിതയായിരുന്നു. പിന്നീട് രോഗം സുഖമാകുകയും തന്റെ ഫിറ്റ്‌നസ്സ് ഗോളുകളുമായി താരം സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. കോവിഡ് രോഗത്തിന്റെ പിടിയില്‍ നിന്നുള്ള തിരിച്ചുവരവ് അത്ര എളുപ്പമല്ല എന്ന് പറയുകയാണ് തന്റെ ആരാധകരോട് മലൈക ഇപ്പോള്‍. 

എപ്പോഴും ആരോഗ്യത്തില്‍ വലിയ ശ്രദ്ധയുണ്ടായിരുന്നതുകൊണ്ട് കോവിഡ് തന്നെ കാര്യമായി ബാധിക്കില്ല എന്ന് കരുതിയവരോടുള്ള മറുപടി കൂടിയാണ് താരത്തിന്റെ പുതിയ ഇന്‍സ്റ്റ പോസ്റ്റ്. ' എളുപ്പമോ, ഒരിക്കലുമല്ല. സെപ്റ്റംബര്‍ അഞ്ചിനാണ് ഞാന്‍ കോവിഡ് പോസിറ്റീവായത്. നല്ല രോഗപ്രതിരോധശക്തിയുള്ളതുകൊണ്ട് വേഗം കോവിഡ് മുക്തയാവും എന്ന് പറയുന്നവരോടാണ്, ഒരിക്കലുമല്ല. ഞാനതിലൂടെ കടന്നു പോയതുകൊണ്ട് എളുപ്പം എന്ന വാക്ക് ഞാന്‍ തിരഞ്ഞെടുക്കില്ല. എന്നെ അത് ശാരീരികമായി തകര്‍ത്തു കളഞ്ഞു. രണ്ട് ചുവടുവയ്ക്കുക എന്നതു തന്നെ വലിയ അധ്വാനമായിരുന്നു. എഴുന്നേറ്റിരിക്കാം, എന്നാല്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റ് അരികിലെ ജനാലയുടെ അടുത്ത് പോയി നില്‍ക്കുന്നതു തന്നെ വലിയ ടാസ്‌കായിരുന്നു.' മലൈക കുറിക്കുന്നു. 

നെഗറ്റീവായി ആഴ്ചകള്‍ കഴിഞ്ഞിട്ടും തന്റെ പഴയ ദിനചര്യയിലേക്ക് പോകാന്‍ പറ്റിയില്ലെന്നും താരം. മനസിനനുസരിച്ച് ശരീരം പ്രവര്‍ത്തിക്കില്ലെന്നും മലൈക പറയുന്നു. പലപ്പോഴും പഴയപോലെ ആവാന്‍ കഴിയില്ല എന്ന് ഭയപ്പെട്ടിരുന്നുവെന്നും മലൈക. 

എട്ട് മാസം കഴിഞ്ഞു താരം നെഗറ്റീവ് ആയിട്ട്. ' 32 ആഴ്ച വേണ്ടി വന്നു എനിക്ക് ഞാനായി വീണ്ടും മാറാന്‍. എല്ലാ ദിവസവും ഇപ്പോള്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ട്. പോസിറ്റീവ് ആകുന്നതിന് മുമ്പുള്ള അവസ്ഥയിലേക്ക് ഞാന്‍ മാനസികമായും ശാരീരികമായും തിരിച്ചെത്തിയിരിക്കുന്നു. ' മലൈക തന്റെ കോവിഡ് അനുഭവം പങ്കുവയ്ക്കുന്നത് ഇങ്ങനെ.

Content Highlights: Malaika Arora Reveals She Struggled To Work Out After COVID