നാല്‍പതുകളിലും യുവനടിമാരെപ്പോലും വെല്ലുന്ന പോസിറ്റീവ് എനര്‍ജിയും ചുറുചുറുക്കുമാണ് നടി മലൈക അറോറയ്ക്ക്. യുവത്വം കാത്തുസൂക്ഷിക്കുന്നതിനു പിന്നിലെ രഹസ്യം ചിട്ടയായ ജീവിതശൈലിയും യോഗയുമാണെന്നു പറയുന്നു മലൈക. 

ഇന്ത്യാടുഡേക്കു നല്‍കിയ അഭിമുഖത്തിനിടെയാണ് യോഗ തന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് മലൈക മനസ്സു തുറക്കുന്നത്. യോഗയും ജീനുമാണ് തന്റെ യുവത്വത്തിന്റെ രഹസ്യമെന്നാണ് മലൈക പറയുന്നത്. പോസിറ്റിവിറ്റി വേണ്ടിയിരുന്ന ഘട്ടത്തിലാണ് താന്‍ യോഗ പരിചയിക്കുന്നത്, അതു തനിക്ക് സഹായകമായെന്നും മലൈക. 

സുശാന്ത് സിങ്ങിന്റെ മരണവാര്‍ത്തയുടെ പശ്ചാത്തലത്തില്‍ പോസിറ്റീവ് ആയിരിക്കേണ്ടതിന്റെ ആവശ്യകതയും മലൈക ചൂണ്ടിക്കാട്ടുന്നു. പനിയും മറ്റും വരുമ്പോള്‍ അതു കുറയ്ക്കാന്‍ മരുന്നു കഴിക്കുന്നതുപോലെ മാനസിക പ്രശ്‌നങ്ങള്‍ക്കും ചികിത്സ തേടാന്‍ തയ്യാറാകണമെന്നും താരം പറയുന്നു.

യോഗയിലൂടെയും വ്യായമത്തിലൂടെയും മറ്റുള്ളവരോടു സംസാരിക്കുന്നതിലൂടെയുമൊക്കെ പോസിറ്റീവ് ആകാമെങ്കിലും ആവശ്യമെങ്കില്‍ ചികിത്സ തേടണമെന്നും പറയുകയാണ് മലൈക. ഉയര്‍ച്ചതാഴ്ച്ചകള്‍ എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്നുണ്ട്. പക്ഷേ അതിനിടയിലെല്ലാം പോസിറ്റിവിറ്റി കണ്ടെത്താന്‍ ശ്രമിക്കുകയും വേണം. - മലൈക പറയുന്നു

Content Highlights: Malaika Arora reveals secret to her youth