ടിയും അവതാരകയും മോഡലുമൊക്കെയായ മലൈക അറോറ കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതുമുതൽ ക്വാറന്റീനിൽ കഴിയുകയാണ്. ഇപ്പോഴിതാ തന്റെ ഹോംക്വാറന്റീനെക്കുറിച്ചും ഏകാന്തവാസത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും പങ്കുവെക്കുകയാണ് മലൈക. 

ക്വാറന്റീൻകാലത്ത് താൻ ഏറ്റവും ആസ്വദിച്ച് ചെയ്ത കാര്യം വായനയാണെന്നു പറയുന്നു മലൈക. മകനെ കാണാൻ കഴിയാതിരുന്നതാണ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്നും മലൈക.  ഇരുവരും ബാൽക്കണിയിൽ നിന്നാണ് പരസ്പരം സംസാരിച്ചിരുന്നത്. മകനെ ദൂരെ നിന്ന് കാണുന്നതിന്റെ ചിത്രവും മലൈക അടുത്തിടെ പങ്കുവച്ചിരുന്നു. മകനും പ്രിയപ്പെട്ട പട്ടിയുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. തന്റെ ഈ രണ്ടു കുഞ്ഞുങ്ങളെ പുണരാൻ കഴിയാത്തതോർത്ത് ഹൃദയം തകരുന്നുവെന്ന് പറഞ്ഞാണ് മലൈക ചിത്രം പങ്കുവച്ചിരുന്നത്.

കൊറോണയെ തുരത്താൻ വീട്ടിൽ സ്വീകരിച്ച മാർ​ഗങ്ങളെക്കുറിച്ചും മലൈക പങ്കുവെക്കുന്നുണ്ട്. ആരോ​ഗ്യത്തോടെയിരിക്കാൻ എല്ലാവരും ഹെൽത്തി ഡയറ്റ് പിന്തുടരുകയും വ്യായാമം ശീലമാക്കുകയും ചെയ്യണമെന്നു പറയുകയാണ് മലൈക. ഇഞ്ചിയും കുങ്കുമപ്പൂവും ബദാമുമൊക്കെ താൻ ശീലമാക്കിയിരുന്നു. ഉണർന്നാലുടൻ ചുക്കും മഞ്ഞളും ശർക്കരയും നെയ്യും ചേർത്തുള്ള മിശ്രിതം കഴിക്കുന്ന പതിവുമുണ്ടായിരുന്നെന്നും മലൈക പറയുന്നു. 

ഡാൻസ് റിയാലിറ്റി ഷോയിൽ അതിഥിയായി പങ്കെടുക്കുന്നതിനിടയിലാണ് മലൈകയ്ക്ക് കോവിഡ് പിടിപെടുന്നത്. ബിടൗൺ താരവും കാമുകനുമായ അർജുൻ കപൂറിന് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് മലൈകയും കോവിഡ് വിവരം പോസ്റ്റ് ചെയ്യുന്നത്. തനിക്ക് ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നുവെന്നും എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിരുന്നുവെന്നും മലൈക കുറിച്ചിരുന്നു. 

ഇതിനിടയിൽ മലൈക ഔദ്യോ​ഗികമായി കോവിഡ് ഫലം പുറത്തുവിടുന്നതിന് മുമ്പുതന്നെ റിസൽട്ട് സമൂ​ഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ താരത്തിന്റെ സഹോദരി അമൃത അറോറയും രം​ഗത്തെത്തിയിരുന്നു. മലൈകയുടെ കോവിഡ് റിസൽട്ട് ചർച്ചയാക്കി, എവിടെ നിന്ന് എങ്ങനെ കിട്ടിയെന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുമ്പോൾ കിട്ടുന്ന ആനന്ദമെന്താണെന്നാണ് അമൃത ചോദിച്ചത്. മലൈക ഇത് അർഹിക്കുന്നതാണെന്ന് പറയുന്നവരുടെ മനോഭാവം എന്താണെന്നും അമൃത കുറിച്ചിരുന്നു. 

Content Highlights: Malaika Arora Opens up on being COVID 19 positive