ബോളിവു‍ഡിൽ ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് നടി മലൈക അറോറ. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചി‌‌‌ട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം പറയാറുണ്ട്. ഇപ്പോൾ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാ​ഗമായി കുടുംബാം​ഗങ്ങൾക്കൊപ്പം ​ഗോവയിലാണ് താരം. ആഘോഷങ്ങൾക്കിടയിലെ ഭക്ഷണവിരുന്നിന്റെ ചിത്രങ്ങളും മലൈക പങ്കുവച്ചിരുന്നു. കഴിക്കുമ്പോൾ ഭക്ഷണത്തെക്കുറിച്ച് ചിന്തിച്ചില്ലെങ്കിലും പിന്നീട് നന്നായി വർക്കൗട്ട് ചെയ്യുന്നയാളാണ് താനെന്ന് മലൈക പറയുന്നു. 

ഭക്ഷണത്തെ ഒരിക്കലും ശത്രുവിനെപ്പോലെ കാണുന്നയാളല്ല താൻ. ഓരോ ആഘോഷങ്ങളും ഭക്ഷണങ്ങളും താൻ ആസ്വദിക്കാറുണ്ട്. ഓണസദ്യയായാലും ക്രിസ്മസ് വിഭവങ്ങളായാലും ഓരോ തരിയും ആസ്വദിച്ചാണ് കഴിക്കാറുള്ളത്. ഇത് വണ്ണത്തെ ബാധിക്കാതിരിക്കാൻ അടുത്ത ദിവസം രാവിലെ കൂടുതൽ സമയം വർക്കൗട്ടിന് നൽകാറുണ്ടെന്നും മലൈക പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് മലൈക ഇക്കാര്യങ്ങൾ പറഞ്ഞത്. 

മഹാമാരിക്കാലത്ത് പലരുടെയും വർക്കൗട്ടും ചിട്ടയോടെയുള്ള ജീവിതവുമൊക്കെ താളം തെറ്റിയപ്പോൾ താൻ എങ്ങനെയാണ് അവയെല്ലാം തുല്യപ്രാധാന്യത്തോടെ കൊണ്ടുപോയതെന്നും മലൈക പറയുന്നു. 

കൊറോണയുടെ തുടക്കകാലത്ത് തന്റെ ഫിറ്റ്നസ് ശീലങ്ങൾ എങ്ങനെ പഴയപടി കൊണ്ടുപോകുമെന്ന് ആശങ്ക തോന്നിയിരുന്നു. അങ്ങനെ ഓൺലൈൻ യോ​ഗാ ക്ലാസ്സുകളിൽ ചേർന്നു. അത് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളുണ്ടാക്കി. - മലൈക പറയുന്നു. 

Content Highlights: malaika arora about food and fitness