മോഡലിങ് രംഗത്തെ സൗന്ദര്യ സങ്കല്‍പങ്ങളെ പൊളിച്ചെഴുതുകയാണ് ഹെയര്‍ സ്‌റ്റൈലിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ജസീന കടവില്‍. ഓരോ മനുഷ്യരിലും സൗന്ദര്യമുണ്ടെന്ന് തെളിയിക്കുകയാണ് ജസീന. എന്നും കാണുന്ന അതിഥി തൊഴിലാളിയായ ബേക്കറി ജോലിക്കാരന്‍ മുതല്‍ സാധാരണ വീട്ടമ്മമാര്‍ വരെ ജസീനയുടെ മോഡലുകളായി. സെലിബ്രിറ്റി മോഡലുകളെ വെല്ലുന്ന ലുക്കിലേക്കാണ് അതിഥി തൊഴിലാളിയായ വിശാലിനെ ജസീന മാറ്റിയെടുത്തത്. കാറ്റലിസ്റ്റ് സ്‌കോളേഴ്സ് എന്ന ഫെയ്സ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്ത ഈ ചിത്രങ്ങള്‍ക്ക് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. 

സൗന്ദര്യ സങ്കല്‍പങ്ങളുമായി ചേര്‍ത്ത് പറയുന്ന നിറം, പ്രായം, ജോലി, ക്ലാസ് ഡിഫറന്‍സ് ഇവയൊന്നും ജസീനയുടെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാറില്ല. അതുകൊണ്ട് ജസീനയുടെ ഓരോ മെയ്‌ക്കോവറുകളും വേറിട്ട് നില്‍ക്കുന്നു. തനിക്കും ചുറ്റും എപ്പോഴും കാണുന്ന മുഖങ്ങളെയാണ് സെലിബ്രിറ്റികളേക്കാള്‍ മെയ്‌ക്കോവറിനായി ജസീന തെരഞ്ഞെടുക്കുന്നത്. അതും സ്വന്തം ചെലവില്‍. മോഡലിങ് രംഗത്ത് ലോകത്ത് തന്നെ വന്ന  മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ടാണ് ജസീന തന്റേതായ ഇടം കണ്ടെത്തുന്നത്. സിജിന്‍ നിലമ്പൂരാണ് ജസീനയ്ക്കായി ചിത്രങ്ങള്‍ പകര്‍ത്തുന്നത്. 

image

അതിഥി തൊഴിലാളി സൂപ്പര്‍ മോഡലായ കഥ

കൊച്ചിയില്‍ ഞങ്ങള്‍ സ്ഥിരം പോകുന്ന കലൂര്‍ ദേശാഭിമാനി ജങ്ഷനിലെ സൂപ്പര്‍ ബേക്കറിയിലെ തൊഴിലാളിയാണ് അസം സ്വദേശിയായ വിശാല്‍. ഒന്നര വര്‍ഷമായി സ്ഥിരം കാണുന്ന മുഖം. കാണുമ്പോഴൊക്കെ വിശാലിന്റ ചിരിക്ക് ഒരു പ്രത്യേകതയുള്ളതായി തോന്നും. ആ തോന്നലില്‍ നിന്നാണ് വിശാലിനെ മോഡലാക്കിക്കൂടെ എന്ന ചിന്ത മനസില്‍ വന്നത്. ഞങ്ങളുടെ ടീമില്‍ സംസാരിച്ചപ്പോള്‍ എല്ലാവരും നല്ല സപ്പോര്‍ട്ട്. ആദ്യം കാമറ ഫെയ്‌സ് ചെയ്യാന്‍ അല്‍പം ബുദ്ധിമുട്ടിയെങ്കിലും വിശാല്‍ പിന്നെ തന്ന ഓരോ പോസും പ്രഫഷണല്‍ മോഡലുകള്‍ക്കൊപ്പം നിര്‍ത്താവുന്ന തരത്തിലായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇത്ര സ്വീകാര്യത ലഭിക്കുമെന്ന് കരുതിയതേയില്ല. ആ ഫോട്ടോകള്‍ കണ്ട് കുറേപേര്‍ വിളിച്ച് അഭിനന്ദിച്ചു

ഓരോ വ്യക്തിയും ഓരോ മോഡലാണ്

എല്ലാവരിലും ഒളിഞ്ഞുകിടക്കുന്ന ഒരു സൗന്ദര്യമുണ്ട്. അവനവനാണ് ആദ്യം ഇത് തിരിച്ചറിയേണ്ടത്. ഒരാളുടെ വ്യക്തിത്വമാണ് അയാളുടെ ഏറ്റവും വലിയ സൗന്ദര്യം. ആത്മവിശ്വാസം ആ സൗന്ദര്യത്തെ വര്‍ധിപ്പിക്കും. മോഡലുകള്‍ക്കായി മുഖങ്ങള്‍ തിരയുമ്പോള്‍ അതേ ആത്മവിശ്വാസമാണ് ഞാനും അന്വേഷിക്കാറ്. ആറ്റിറ്റ്യൂഡും പേഴ്‌സണാലിറ്റിയുമാണ് ചില മുഖങ്ങളെ നമ്മുടെ മനസില്‍ പിടിച്ചു നിര്‍ത്തുന്നത്. അതുപോലെ ചില നോട്ടങ്ങള്‍, ചിരി, കണ്ണുകള്‍...ഇവയൊക്കെ ആ സൗന്ദര്യത്തെ ഒന്നുകൂടി മെച്ചപ്പെടുത്താം. ചിലരെ കാണുമ്പോള്‍ അയാളുടെ കണ്ണുകള്‍ നമ്മെ ആകര്‍ഷിക്കാറില്ലേ. അതുപോലെ. നാം നമ്മെ തന്നെ സ്‌നേഹിക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ നമുക്ക് ലോകത്തോടുളള കാഴ്ചപ്പാടും മാറും. അതെ 'Love yourself and change perception'

എന്റെ മോഡലുകള്‍

നേരത്തെ പറഞ്ഞല്ലോ എന്റെ സൗന്ദര്യ സങ്കല്‍പങ്ങളെക്കുറിച്ച്. അവയെല്ലാം വെച്ച് മോഡലുകളെ ആലോചിക്കുന്ന നേരത്താണ് നടന്‍ അരിസ്‌റ്റോ സുരേഷിന്റെ പ്രൊജക്ടുമായി തേഡ് അയ് എന്റര്‍ടെയിന്‍മെന്റ് എന്നെ സമീപിക്കുന്നത്. അദ്ദേഹത്തോട് സംസാരിച്ചപ്പോഴും പോസിറ്റീവായാണ് പ്രതികരിച്ചത്. എന്റെ മെയ്‌ക്കോവര്‍ ചിത്രങ്ങളില്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടതും അരിസ്റ്റോ സുരേഷ് മോഡലായ ആ  ഫോട്ടോ ആയിരുന്നു. പിന്നീട് ഗായിക രശ്മി സതീഷിനെ വെച്ച് മറ്റൊരു പ്രൊജക്ട്.  'ലെറ്റ്‌സ്  ബ്രേക്ക് ദ റൂള്‍ ഓഫ് ബ്യൂട്ടി'എന്നാണ് ആ സീരീസിന് നല്‍കിയ പേര്. 

ശരീരമാസകലം വെള്ള നിറത്തില്‍ പാണ്ട് പോലെ തോന്നിക്കുന്ന സുദര്‍ശനന്‍ എനിക്ക് പ്രിയപ്പെട്ട എന്റെ മറ്റൊരു മോഡലാണ്. വെള്ളപ്പാണ്ട് ഉള്ളതുകൊണ്ട് തന്നെ സ്വയം ഉള്‍ വലിയുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്. മോഡലാകാമോ എന്ന ചോദ്യത്തെപ്പോലും അതേ അങ്കലാപ്പോട് കൂടിയാണ് പുള്ളി ഉള്‍കൊണ്ടത്. എന്നാല്‍ ആ മെയ്‌ക്കോവര്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റം വളരെ വലുതായിരുന്നു.

image

ആ ലുക്ക് കണ്ട് മറ്റ് വര്‍ക്കുകളിലേക്ക് അദ്ദേഹത്തിന് ക്ഷണം കിട്ടി. അത്ര കോണ്‍ഫിഡന്‍സില്‍ ഒരു ചിരി അതിന് മുന്‍പ് ഞാന്‍ അദ്ദേഹത്തില്‍ കണ്ടിട്ടില്ല. നാം കാരണം ചെറിയ ചില മാറ്റങ്ങള്‍ കുറച്ച് പേരിലെങ്കിലും ഉണ്ടാവുമ്പോള്‍ അതില്‍ പരം സ്‌ന്തോഷം വേറെന്താ.

അവസാനം ചെയ്ത വര്‍ക്ക് ആയുര്‍വേദ ഡോക്ടറായ ഡോ.ആശ ആശ വിപിന്റെയാണ്. ഞാന്‍ സ്ഥിരമായി കാണുന്ന മുഖങ്ങളിലൊരാളാണ് ആശ.  അവരെക്കാണുമ്പോള്‍ ആദ്യം കണ്ണിലുടക്കുക വലിയ കണ്ണുകളാണ്. കണ്മുകള്‍ ഹൈലൈറ്റ് ചെയ്താണ് മെയ്‌ക്കോവര്‍ നല്‍കിയതും.

jaseena

പഠിച്ചതൊന്ന്, ജോലി മറ്റൊന്ന് പാഷന്‍ വേറൊന്ന്

grihalakshmiഎം.എ ഇംഗ്ലീഷാണ് ഞാന്‍ പഠിച്ചത്. മാര്‍ക്കറ്റിങ് മേഖലയിലായിരുന്നു ജോലി. പിന്നീട് ജീവിത സാഹചര്യം അല്‍പം ബുദ്ധിമുട്ടിലായപ്പോള്‍ അപ്രതീക്ഷിതമായാണ് മെയ്ക്കപ്പ് രംഗത്തേക്ക് എത്തുന്നത്. 2014 മുതലാണ് ഈ രംഗത്ത് സജീവമായത്. സിനിമാ മേയ്ക്ക് അപ് ആര്‍ടിസ്റ്റായ രാജീവ് അങ്കമാലിയെ പരിചയപ്പെട്ടത് വഴിത്തിരിവായി.  ഇരുപതിലധികം സിനിമകളില്‍ മെയ്ക്ക് ഹെയര്‍ സ്റ്റൈലിസ്റ്റായും കോസ്റ്റിയൂം ആര്‍ടിസ്റ്റായും നിരവധി മാഗസിനുകള്‍ക്കും പ്രൊജക്ടുകള്‍ക്കുമായി മെയ്ക്ക് അപ് ആര്‍ടിസ്റ്റായും  ജോലി ചെയ്തു. മാതൃഭൂമി സ്റ്റാര്‍ & സ്‌റ്റൈലിന് വേണ്ടിയും മെയ്ക്ക്ഓവര്‍ ചെയ്തിട്ടുണ്ട്. കലൂരില്‍ ജസീന കടവില്‍ മേയ്ക്ക് അപ് സ്റ്റുഡിയോ എന്ന സ്ഥാപനത്തിനൊപ്പം ബ്രൈഡല്‍ മേയ്ക്കപ്പുകളും ഏറ്റെടുക്കുന്നുണ്ട്. 

അഡിക്ഷനാണെനിക്ക് 

ഉപജീവനത്തിനായി തെരഞ്ഞെടുത്തതായിരുന്നു ഞാനീ ജോലി. പിന്നെ അതൊരു പാഷനായി. ഇപ്പോ എനിക്കെന്റെ പ്രഫഷനോട് അഡിക്ഷനാണ്്. മറ്റൊന്നിലും എനിക്കീ ലഹരി കണ്ടെത്താനായിട്ടില്ല. ആ ലഹരി തന്നെയാണ് വ്യത്യസ്തമായി ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതും.  ലോക്ഡൗണ്‍ സമയം പോലും മെയ്‌ക്കോവറിനെ കുറിച്ചും പുതിയ തീമിനെ കുറിച്ചുമല്ലാതെ ഞാന്‍ ചിന്തിച്ചിട്ടേയില്ല. ചിന്തിക്കാന്‍ കഴിയില്ല. കാരണം ഇതെന്റെ ശ്വാസമാണ്. ലക്ഷക്കണക്കിന് രൂപതന്നാല്‍ പോലും ലഭിക്കാത്തത്ര ആനന്ദവും സംത്ൃപ്തിയും എനിക്കിതില്‍ നിന്ന് കിട്ടുന്നുണ്ട്

jASEENA KADAVIL

വലിയൊരാഗ്രഹമുണ്ട് സാധ്യമാക്കാന്‍

മലയാളത്തിന്റെ പ്രിയ നടന്‍ ഇന്ദ്രന്‍സേട്ടനെ വെച്ച് ഒരു മെയ്‌ക്കോവര്‍ പ്രൊജക്ട് എന്റെ വലിയൊരാഗ്രഹമാണ്. അദ്ദേഹത്തോട് ഇതുവരെ ഇക്കാര്യം പറഞ്ഞിട്ടില്ല. എന്തു പറയുമെന്നുമറിയില്ല. പക്ഷേ ഒരിക്കല്‍ ഞാനദ്ദേഹത്തോട് എന്റെ ആഗ്രഹം പറയും. 

' സര്‍പ്രൈസ് യുവര്‍ ലവ്ഡ് വണ്‍ വിത്ത് എ ബ്ലാസ്റ്റിങ് മെയ്ക്ക് ഓവര്‍'  എന്ന പുതിയ കണ്‍സപ്റ്റിന്റെ തിരക്കിലാണ് ജസീന ഇപ്പോള്‍. 

Content Highlights: Make over artist and hair stylist jaseena kadavil talks on modelling concepts