മൂഹമാധ്യമങ്ങളുടെ വരവോടെ ഏറ്റവും അധികം ജനപ്രീതി നേടിയ ഒന്നാണ് ട്രോളുകള്‍. എന്നാല്‍ പലപ്പോഴും അവ അതിരുകള്‍ ലംഘിക്കുകയും വ്യക്തിഹത്യകള്‍ പോലും നടക്കുന്ന രീതിയിലേക്ക് മാറുകയും ചെയ്യാറുണ്ട്. എന്തെങ്കിലും വൈകല്യമുള്ളവരോ ആപത്തില്‍ പെട്ടവരോ ആയ ആളുകളെപ്പോലും വിടാതെ പരിഹസിക്കുന്ന ട്രോളുകളുണ്ട്.  അത്തരത്തില്‍ ട്രോളുകളിലൂടെ അപമാനിക്കപ്പെയാളാണ് മഹോഗാനി ഗെറ്റര്‍ എന്ന ഇരുപത്തിമൂന്നുകാരി. 

അമേരിക്കകാരിയായ മഹോഗാനി, ലിംഫെഡിമ (lymphedema) എന്ന രോഗവുമായാണ് ജനിച്ചത്. ശരീരത്തിലെ മൃദുവായ കോശങ്ങളില്‍ അധികമായ ദ്രാവകം ശേഖരിക്കുകയും ആ ശരീരഭാഗങ്ങള്‍ അസാധാരണമാം വിധം നീരു വക്കുകയും ചെയ്യുന്ന ഒരവസ്ഥയാണിത്. മഹോഗാനിയുടെ ഇടതു കാലിനെയാണ് ഈ രോഗം ബാധിച്ചിരിക്കുന്നത്. അതോടെ കാലിന് മാത്രം 45 കിലോഗ്രാഭാരമാണ് ഉള്ളത്. എന്നാല്‍ തന്റെ വൈകല്യം ഭയന്ന് ആളുകളില്‍ നിന്ന് മറഞ്ഞിരിക്കാനൊന്നും മഹോഗാനി ശ്രമിച്ചില്ല. പകരം ഒരു മോഡലായി തിളങ്ങാനാണ് അവള്‍ ശ്രമിച്ചത്. എന്നാല്‍ ഈ കാല് മുറിച്ചു കളഞ്ഞുകൂടെ എന്ന് ചോദിച്ച് പരിഹസിക്കുന്നവരും സമൂഹമാധ്യമങ്ങളില്‍ ഉണ്ടെന്ന് മഹോഗാനി പറയുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ 'കാല് മുറിച്ചു കളയൂ, അപ്പോള്‍ കൂടുതല്‍ നന്നായിരിക്കും,കണ്ടാല്‍ അന്യഗ്രഹജീവിയെ പോലെ തോന്നുന്നു ' തുടങ്ങിയ ക്രൂരമായ പരിഹാസങ്ങളാണ് മഹോഗാനി നേരിടേണ്ടി വന്നത്. 

തന്റെ വൈകല്യത്തെ മറച്ചുവെക്കാതെ അതിനെ മറികടക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് മഹോഗാനി ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലുമെല്ലാം പങ്കു വെയ്ക്കുന്നത്. ഒപ്പം തന്റെ അവസ്ഥയെക്കുറിച്ചും ഇത്തരം രോഗം ബാധിക്കുന്നവരെകുറിച്ചും മറ്റുള്ളവര്‍ക്ക് അറിവു നല്‍കാനുമാണ് മഹോഗാനിയുടെ ശ്രമം. കളിയാക്കുന്നവര്‍ക്കൊപ്പം തന്നെ മഹോഗാനിയെ അഭിനന്ദിക്കുന്നവരും ധാരാളമുണ്ട്.

'കുട്ടിക്കാലത്ത് താന്‍ ഒരിക്കലും ഒരു സുന്ദരിയായി തോന്നിയിട്ടില്ല, ദൈവം തന്നെ ശപിച്ചതായിരിക്കുമെന്നും കരുതിയിരുന്നു, വിഷമം വരുമ്പോള്‍ ആരും കാണാതെ കരഞ്ഞിരുന്നു'വെന്നും മഹോഗാനി തുറന്നു പറയുന്നു. എന്നാല്‍ ഇപ്പോള്‍ അവല്‍ സ്വയം അംഗീകരിക്കാന്‍ പഠിച്ചു. ' എന്ന പിന്തുണക്കുന്നവര്‍ ധാരാളമുണ്ട്, എന്റെ അമ്മയടക്കം. ഞാനിപ്പോള്‍ ഒരു പ്രചോദനമാണ്. ശരീരം കൊണ്ടും മനസുകൊണ്ടും ഞാന്‍ സുന്ദരിയാണ്. എന്റെ ശരീരത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു.' ആത്മവിശ്വാസത്തോടെ തന്റെ ഇന്‍സ്റ്റഗ്രാമില്‍  മഹോഗാനി കുറിച്ചു. 

ജനിച്ചയുടന്‍ തന്നെ മഹോഗാനിയുടെ രോഗം കണ്ടെത്തിയിരുന്നു. എങ്കിലും നിലവില്‍ ഈ അവസ്ഥ മൂലമുണ്ടാകുന്ന വേദന കുറക്കാനുള്ള മരുന്നുകളെ ഉള്ളൂ, മറ്റ് ചികിത്സകളൊന്നുമില്ല. കാലിലെ നീര് കുറയ്ക്കുന്നതിന് ചെയ്യാന്‍ കഴിയുന്നത് ഫിസിയോതെറാപ്പിയും മസാജിങ്ങും മാത്രമാണ്. മഹോഗാനിന്റെ ജീവിതം വളരെ പ്രയാസം നിറഞ്ഞതാണ്. എങ്കിലും ഫാഷന്‍ മോഡലിംഗില്‍ തന്റേതായ ഒരു സ്ഥാനമുണ്ടാക്കാനാണ് അവളുടെ ശ്രമം. അമ്മയായ തിമിക്കയാണ് ഓരോ പ്രതിസന്ധിയിലും തളരാതെ പിന്തുണയുമായി കൂടെയുള്ളത്.

മസാജ്, കംപ്രഷന്‍ ഡ്രസ്സിംഗ്, ഫിസിയോതെറാപ്പി എന്നിവയാണ് മഹോഗാനിയുടെ കാലിന് പ്രധാനമായും നല്‍കുന്ന ചികിത്സ. 'ഈ രോഗവസ്ഥയില്‍ ധാരാളം വെള്ളം കുടിക്കുകയും ഉപ്പിട്ട ഭക്ഷണങ്ങളും മദ്യവും ഒഴിവാക്കുകയും വേണം.' മഹോഗാനി പറയുന്നു. പലപ്പോഴും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സയ്ക്കായി ആശുപത്രിയിലാവാറുണ്ട് മഹോഗാനി. 

Content Highlights: Mahogany Geter Model refuses to amputate swollen leg after cruel trolls call her deformed