കോഴിക്കോട്: കൊറോണമൂലം വീട്ടില്‍ അടച്ചിരിക്കുമ്പോള്‍ തന്റെ പഴയകാല മാന്ത്രികജീവിതത്തിലെ ആല്‍ബം വെറുതേ പൊടിതട്ടിയെടുത്തതാണ് മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്. 1977-ല്‍, ഏഴാം ക്ലാസുകാരനായ കൊച്ചുമാന്ത്രികന്‍ നിലമ്പൂര്‍ ലയണ്‍സ് ക്ലബ്ബില്‍ ഭാരവാഹികളോട് അങ്ങോട്ട് ചോദിച്ചുവാങ്ങിയ പരിപാടിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കണ്ടു. അന്ന് താന്‍വേദിയിലേക്കു വിളിച്ച കുട്ടിയുടെ ചിത്രം കണ്ടു.

ആ കുട്ടി ഇന്ന് ആരായിരിക്കും, എവിടെയായിരിക്കും- മുതുകാട് വെറുതേയോര്‍ത്തു. ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടു; പഴയ ചിത്രം സഹിതം. രണ്ടുനാള്‍ക്കകം അത് ആരോ ഇംഗ്ലീഷില്‍ തര്‍ജമ ചെയ്തു. മണിക്കൂറുകള്‍ക്കകം മുതുകാടിന്റെ വാട്സാപ്പില്‍ മറുപടിയെത്തി- ഫ്‌ളോറിഡയില്‍നിന്ന്. യു.എസ്. സ്റ്റേറ്റ് സര്‍വീസില്‍ ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥയായ റോഷ്നി സുരേഷിന്റെ മറുപടി- ''അത് ഞാനാണ്.''

വേദിയിലെത്തിച്ചതും പാല്‍ കുടിപ്പിച്ചതും ഫണലിലൂടെ മൂത്രമൊഴിപ്പിച്ചതും ഓര്‍ക്കുന്നു. അതിന്റെ പേരില്‍ ആണ്‍കുട്ടികള്‍ തന്നെ സ്‌കൂളില്‍ കണക്കിനുകളിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഡേറ്റാ അനലിസ്റ്റാണ്.

കൊറോണമരണത്തിന്റെ കണക്കുകള്‍കണ്ട് കണ്ണുതള്ളുന്ന റോഷ്നിക്ക് 43-ാം ആണ്ടത്തെ ഓര്‍മകളിലെ മടക്കയാത്ര ത്രില്ലായി. നിലമ്പൂര്‍ ജനത ആശുപത്രിയിലെ ഡോ. ജോയിക്കുട്ടി മുക്കടയുടെ മകളായിരുന്നു നാലാം ക്ലാസുകാരി. 1994-ല്‍ നിലമ്പൂര്‍ വിട്ടു. സോഫ്റ്റ്വേര്‍ എന്‍ജിനിയറും സ്വകാര്യകമ്പനിയില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ കാഞ്ഞിരപ്പള്ളി പഴയിടം കളത്തൂര്‍ സുരേഷിനെ വിവാഹം കഴിച്ചതോടെ ഫ്‌ളോറിഡയിലെത്തി. നാട്ടിലെ വീടുവിട്ട് താമസം പിന്നീട് എറണാകുളത്തായി.

ജീവിതയാത്രയില്‍ ഒരിക്കല്‍മാത്രം മുതുകാടിനെ കണ്ടു, വേദിയില്‍. 2010-ല്‍ ഫ്‌ളോറിഡ സ്പ്രിങ്‌സ് കാത്തലിക് ചര്‍ച്ചില്‍ മാജിക് അവതരിപ്പിക്കാനെത്തിയപ്പോള്‍. ആയിരത്തിലേറെ പേര്‍ പങ്കെടുത്ത പരിപാടിക്കുശേഷം തിരക്കുള്ള മാന്ത്രികന്റെ അടുത്തേക്കുപോകാന്‍ ധൈര്യം അനുവദിച്ചില്ല.

തേഞ്ഞിപ്പലം സെയ്ന്റ് പോള്‍സ് സ്‌കൂളിലും കുന്നൂര്‍ പ്രോവിഡന്‍സ് കോളേജിലുമൊക്കെ പഠിച്ച പഴയ ബാലിക ഇന്ന് രണ്ടുമക്കളുടെ അമ്മയാണ്. മണിപ്പാല്‍ കെ.എം.സി.യിലെ ഹൗസ് സര്‍ജന്‍ ഡോ. ഏബ്രഹാം കളത്തൂരിന്റെയും നോട്ടര്‍ഡാം യൂണിവേഴ്സിറ്റിയിലെ സയന്‍സ് അവസാനവര്‍ഷ വിദ്യാര്‍ഥി ജേക്കബ് കളത്തൂരിന്റെയും അമ്മ.

അടുത്ത ഫെബ്രുവരി അവസാനം ഇനി നാട്ടിലെത്തും, കുടുംബസമേതം. ഇത്തവണത്തെ വരവില്‍ മനസ്സില്‍ നിറയെ രസച്ചരടു പൊട്ടാത്ത പട്ടംപോലെ മാന്ത്രികസ്പര്‍ശമുള്ള ഈ ഓര്‍മകളുമുണ്ടാവും.

Content Highlights: Magician Muthukad Roshni Magic