പൊരിവെയിലത്ത് ഔദ്യോ​ഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോ​ഗസ്ഥ, ഒപ്പമൊരു കൈക്കുഞ്ഞും. കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണിത്. മധ്യപ്രദേശിൽ നിന്നുള്ള ഡിഎസ്പി മോണികാ സിങ് ആണ് കൈക്കുഞ്ഞുമായി ജോലിക്കെത്തിയത്. 

കുഞ്ഞിനെ ബേബി സ്ലിങ്ങിലിരുത്തി തന്റെ ഔദ്യോഗിക കൃത്യങ്ങള്‍ തടസ്സം കൂടാതെ ചെയ്ത  പോലീസ് ഉദ്യോഗസ്ഥയുടെ ആത്മാര്‍പ്പണത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.  അതേസമയം, കുഞ്ഞിനെ പൊരിവെയിലത്ത് നിർത്തിയതിനെ ചോദ്യം ചെയ്യുന്നവരുമുണ്ട്. 

 

monika

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ സിങ് ചൗഹാനും മോണിക്കയെ പ്രശംസിച്ച് ട്വീറ്റ് ചെയ്തിരുന്നു. ജോലിയോടുള്ള മോണികയുടെ അർപ്പണബോധം സ്തുത്യർഹമാണെന്നും മധ്യപ്രദേശ് ഉദ്യോ​ഗസ്ഥയെ ഓർത്ത് അഭിമാനിക്കുന്നുവെന്നുമാണ്‌ ശിവരാജ് സിങ് പറഞ്ഞത്.

പിന്നാലെ സമൂഹമാധ്യമത്തിൽ ചിത്രത്തിനുമേൽ ചര്‍ച്ചകള്‍ കൊഴുത്തു. ഇരുചേരികളായി സാമൂഹിക മാധ്യമലേകം തിരിഞ്ഞു. ചിലര്‍ മോണികയെ പിന്തുണച്ചപ്പോള്‍ മറ്റുചിലര്‍ വിമര്‍ശനവുമായെത്തി. മോണികയെ സല്യൂട്ട് ചെയ്യുന്നുവെന്നും ഇതുപോലുള്ള ഉദ്യോ​ഗസ്ഥകളാണ് സ്ത്രീകൾക്ക് അഭിമാനമെന്നുമൊക്കെയാണ് പിന്തുണക്കുന്നവർ കമന്റ് ചെയ്തത്. 

പൊരിവെയിലത്തെ ജോലിക്ക് പിഞ്ചുകുഞ്ഞിനെ കൊണ്ടുവരരുതായിരുന്നു എന്ന് വിമർശിച്ചവരും ഏറെ. കുഞ്ഞിനെ നേക്കാൻ‌ ആരെയെങ്കിലും ഏൽപിക്കാമായിരുന്നു എന്നും ഔദ്യോ​ഗിക കൃത്യവും കുഞ്ഞിനെ നോക്കലും ഒരേസമയം ചെയ്യുന്നതിനെ മഹത്വവൽക്കരിക്കുന്നതിന് പകരം അവർ അനുഭവിക്കുന്ന സമ്മർദത്തെക്കുറിച്ച് ചിന്തിക്കൂ എന്നും കമന്റ് ചെയ്യുന്നവരുണ്ട്. 

Content Highlights: Madhya Pradesh CM Lauds DSP For Bringing Her Baby To Work Viral Photo