ജീവിതത്തില്‍ ഒരിക്കല്‍ പ്രണയം നഷ്ടപ്പെടുത്തിയാല്‍ അത് പിന്നീട് വീണ്ടെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. അങ്ങനെ കഴിഞ്ഞാന്‍ അത് മനോഹരമായ അനുഭവമായിരിക്കുകയും ചെയ്യും. ഹ്യൂമന്‍സ് ഓഫ് ബോംബേ എന്ന ഫേസ്ബുക്ക് പേജില്‍ വന്ന ഫ്രിയയുടെയും ഹനൂസിന്റെയും ജീവിതം അങ്ങനെ ഒന്നാണ്. കൗമാരത്തില്‍ നഷ്ടപ്പെട്ട പ്രണയം അവിസ്മരണീയമായി തിരിച്ചുപിടിച്ച കഥയാണ് ഫ്രിയയ്ക്കു പറയാനുള്ളത്. തന്റെ പ്രണയത്തെക്കുറിച്ച് അവള്‍ കുറിക്കുന്നത് ഇങ്ങനെ.  

കുട്ടിക്കാലം മുതല്‍ എനിക്ക് അവനെ അറിയാം. ഞങ്ങളുടെ പ്രണയം  തിരിഞ്ഞറിഞ്ഞത് നാട്ടിലെ ഒരു പരിപാടിയില്‍ വച്ചാണ്. അന്ന് എനിക്ക് 13 ഉം അവന് 17 ഉം വയസാണ്. ഭംഗിയായി ഒരുങ്ങിവന്ന എന്റെ മുഖത്ത് നിന്ന് അവന്‍ കണ്ണെടുത്തതേ ഇല്ല. ഞാനും അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ വീടിനടുത്ത് ഇരിക്കുമ്പോള്‍ അവന്‍ എന്നോട് ആദ്യമായി ചോദിച്ചു നിനക്കെന്റെ ഗേള്‍ഫ്രണ്ട് ആകാമോ? അന്ന് ഞാന്‍ ഞെട്ടിപ്പോയി. അവനെ ഒരുപാട് ഇഷ്ടമായിരുന്നെങ്കിലും മറുപടി പറഞ്ഞില്ല. നാളെ സ്‌കൂളില്‍ നിന്ന് വരുമ്പോള്‍ മറുപടി പറയാം എന്നു പറഞ്ഞ് ഞാന്‍ മടങ്ങി. പിറ്റേദിവസം വൈകുന്നേരം ഇളയ സഹോദരനെ കൊണ്ട് ഹനൂസിനൊടുള്ള ഇഷ്ടം ഞാന്‍ അറിയിച്ചു. 

പിന്നെ ഞങ്ങളുടെ ജീവിതം സ്വപ്‌ന തുല്യമായിരുന്നു. സ്‌കൂളില്‍ നിന്നു വരുന്ന ദിവസങ്ങളില്‍ ഞാന്‍ ഉറക്കെ വിസിലടിക്കും. അതുകേട്ട് അവന്‍ ജനാലയ്ക്കരില്‍ വരും. കണ്ണില്‍ കണ്ണില്‍ നോക്കി ഞങ്ങള്‍ സംസാരിച്ചു നില്‍ക്കും. സമയം കഴിഞ്ഞു പോകുന്നത് അറിയുകയേ ഇല്ല. അപ്പോള്‍ ചുറ്റുമുള്ളതൊന്നു പ്രശ്‌നമായി തോന്നിയതേയില്ല. എന്നാല്‍ കോളേജില്‍ പോയതിനു ശേഷം കാര്യങ്ങള്‍ എല്ലാം മാറി മറിഞ്ഞു. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നിരവധി പുതിയ സുഹൃത്തുക്കളെ കിട്ടി. ഞങ്ങളുടെ ലോകത്തിലേയ്ക്ക് നിരവധി പേര്‍ കടന്നുവന്നു. അതോടെ ഇരുവരുടേയും സമയം പലര്‍ക്കായി വീതിച്ചു നല്‍കേണ്ടി വന്നു. 

പൂര്‍ണമായും പരസ്പരം പങ്കിട്ടു നല്‍കിയിരുന്ന രണ്ടുപേര്‍ക്കിടയില്‍ സമയം തികയാതെ വന്നതോടെ ഇരുവര്‍ക്കുമിടയില്‍ ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളും രൂക്ഷമായി. ഒടുവില്‍ തുടര്‍ന്ന് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ പിരിയാമെന്ന തീരുമാനത്തില്‍ ഞങ്ങളെത്തി. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. തുടര്‍ന്ന് ഞങ്ങള്‍ രണ്ടുപേരും പുതിയ പ്രണയം കണ്ടെത്തി. എന്നാല്‍ അത് ഒരു വര്‍ഷം പോലും നീണ്ടുനിന്നില്ല. ഏകദേശം ആ കാലത്താണ് അവന്‍ ആദ്യമായി എന്നോട് ഇഷ്ടം പറഞ്ഞ ആ ബെഞ്ചില്‍ തന്നെ അവന്‍ വളര്‍ത്തു നായ ലിയോയ്‌ക്കൊപ്പം ഇരിക്കുന്നതു ഞാന്‍ കണ്ടത്. അപ്പോള്‍ ഞങ്ങളുടെ പ്രണയം തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.

women

അത് കണ്ടപ്പോള്‍ ഓടിച്ചെന്ന് അവന്റെ അരികില്‍ ഇരിക്കാന്‍ ഞാന്‍ കൊതിച്ചു.  അതു ചിന്തിച്ചപ്പോള്‍ തന്നെ 'മിസ് യു' എന്ന അവന്റെ സന്ദേശം എന്റെ ഫോണില്‍ വന്നു. ഇതെല്ലാം അവിചാരിതമായാണ് എനിക്കു തോന്നിയത്. അരികില്‍ ചെന്നതും അവന്‍ പറഞ്ഞു ഇനി ഒരിക്കല്‍ കൂടി നിന്നെ ഞാന്‍ നഷ്ടപ്പെടുത്തില്ല. എന്റെ മനസില്‍ അവനോട് അപ്പോഴും പ്രണയമുണ്ടായിരുന്നു. പക്ഷേ ആദ്യത്തെ അനുഭവം എന്നെ ഭയപ്പെടുത്തി. അതുകൊണ്ട് തന്നെ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന മറുപടിയാണ് ഞാന്‍ അവനു നല്‍കിയത്. പക്ഷേ ഞങ്ങളുടെ മനസുകളെ പിന്തിരിപ്പിക്കാന്‍ ഞങ്ങള്‍ക്കുപോലുമായില്ല. അതുകൊണ്ട് തന്നെ വീണ്ടും വീണ്ടും ഞങ്ങള്‍ കണ്ടുമുട്ടി. 

അപ്പോള്‍ ഞാനും അവനും ആ പഴയ കൗമാരക്കാരായിരുന്നില്ല. ആദ്യതവണ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ഒന്നും പ്രശ്‌നങ്ങളായി പോലും അപ്പോള്‍ തോന്നിയില്ല. രണ്ടാമത് കണ്ടുമുട്ടി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഞങ്ങള്‍ വിവാഹിതരായി. ഇന്ന് അവനോടൊപ്പമുള്ള ഓരോ ദിവസവും എനിക്ക് സ്‌പെഷ്യലാണ്. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ എനിക്കവനെ നഷ്ടപ്പെട്ടു എങ്കിലും അവന്‍ എന്നെന്നേക്കുമായി എനിക്കുള്ളതായിരുന്നു. എനിക്കെന്റെ പ്രണയത്തില്‍ ഒരു സെക്കന്‍ഡ് ചാന്‍സ് കിട്ടി. ഇനി ഒരിക്കല്‍ കൂടി അത് ഞാന്‍ നഷ്ടപ്പെടുത്തില്ല- ഫ്രിയ കുറിച്ചു. 

Content Highlights: love story in humans of bombay