ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന നിസാരമായ പ്രശ്നങ്ങളില്‍ മനംമടുത്ത് ജീവിതത്തോടും തന്നോട് തന്നെയും മടുപ്പ് തോന്നുന്നവര്‍ അറിയേണ്ടതാണ് പൗലമി എന്ന ഈ യുവതിയുടെ ജീവിതം. മുംബൈ നഗരത്തിലെ വിവിധ മുഖങ്ങളെയും അവരുടെ കഥകളെയും പരിചയപ്പെടുത്തുന്ന ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് പൗലമി തന്റെ കഥ പങ്കുവെച്ചിരിക്കുന്നത്. മകളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പൗലമിയുടെ അച്ഛന് ഭദ്രേഷ് പട്ടേല്‍ പോസ്റ്റിനടിയില്‍ കമന്റ് ചെയ്തിട്ടുണ്ട്. ഒപ്പം പൗലമി കടന്നുപോയ വെല്ലുവിളികളെ കുറിച്ചും ഭദ്രേഷ് തുറന്നെഴുതിയിട്ടുണ്ട്.
പൗലമി പറയുന്നു
വൈദ്യുതാഘാതമേല്‍ക്കുമ്പോള്‍ എനിക്ക് 12 വയസ്സാണ് പ്രായം. ഒരു ഫിഷിങ് ദണ്ഡ് ഉപയോഗിച്ച് ഞാന്‍ കളിക്കുകയായിരുന്നു. പെട്ടന്ന് ജനലിലൂടെ എന്റെ കൈയില്‍ നിന്ന് ദണ്ഡ് വീണുപോയി. അതുപിടിക്കാനുള്ള ശ്രമത്തില്‍ ഞാന്‍ പിടിച്ചത് ഒരു ഇലക്ട്രിക് വയറിലാണ്. 11,000 വോള്‍ട്ട് എന്റെ കൈകളിലൂടെ പാഞ്ഞു. ഗുരുതരമായ പൊള്ളലുകളോടെ എന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഖെ കൈയിലെ മാംസക്കഷണങ്ങള്‍ കുറേയിടത്ത് കാണാതായിരുന്നു. ഒരാഴ്ചക്ക് ശേഷം പഴുപ്പ് തടയുന്നതിനായി വലതു കൈ മുറിച്ച് മാറ്റേണ്ടി വന്നു.
എനിക്ക് സംഭവിച്ചതിന്റെ ഗുരുതരാവസ്ഥ ആ പന്ത്രണ്ടുവയസ്സില്‍ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഒരു കുഞ്ഞിനെ പോലെ കാര്യങ്ങള്‍ എല്ലാം ഒന്നുമുതല്‍ ആരംഭിക്കണമെന്ന് മാത്രമാണ് ഞാന്‍ മനസ്സിലാക്കിയത്. അക്കാലത്ത് എന്റെ മാതാപിതാക്കളും സുഹൃത്തുക്കളും എനിക്ക് ചുറ്റും തൂണുകള്‍ പോലെ നിലനിന്നു. എന്തിന് അധികം പറയുന്നു എന്റെ അച്ഛന് ഒരു നിയമം തന്നെയുണ്ടാക്കി. എന്നെ കാണാന്‍ വരുന്നവര്‍ എന്നോട് സംസാരിച്ച് തുടങ്ങുന്നതിന് മുമ്പ് ഒരു തമാശ പറയണം എന്നായിരുന്നു അത്. അത് വളരെയേറെ സഹായിച്ചു. ഞാന്‍ ചിരിക്കാന്‍ തുടങ്ങി. യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ട് ലോകത്തെ അഭിമുഖീകരിക്കാന്‍ ഞാന്‍ പഠിച്ചു.
എന്റെ കൃത്രിമക്കൈ ഉപയോഗിച്ച് എഴുതാന്‍ പരിശീലിക്കുക എന്നുള്ളതായിരുന്നു എന്റെ ആദ്യ കഠിന ജോലി. ആദ്യം അതുബുദ്ധിമുട്ടായി തോന്നിയെങ്കിലും എന്റെ ആയുര്‍വേദ ചികിത്സ തുടര്‍ന്നത് പോലെ ഞാന്‍ എല്ലാ ദിവസവും പേന പിടുത്തവും തുടര്‍ന്നു. ഒരു ദിവസം അതുസംഭവിച്ചു. ഞാന്‍ എന്റെ ആദ്യവാക്ക്് എഴുതി. ചികിത്സയുടെ അവസാനമായപ്പോഴേക്കും ഒരു പുസ്തകം തന്നെ ഞാന്‍ രണ്ടാമത് എഴുതിയിരുന്നു. 'മറ്റില്‍ഡ' എന്തൊരു വിജയമായിരുന്നു അത്.
അങ്ങനെയാണ് പരിവര്‍ത്തനം സംഭവിച്ചത്. ഞാന്‍ അനുഭവിക്കുന്ന പ്രയാസങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഞാന്‍ എന്റെ ജീവിതത്തിന്റെ രണ്ടാമത്തെ ഘട്ടത്തെ ആഘോഷത്തോടെ നോക്കിക്കാണുകയാണ് ചെയ്തത്. എന്റെ ബാഗിന്റെ സിബ്ബ് ആദ്യമായിട്ടത്, എന്റെ വസ്ത്രങ്ങള്‍ തനിച്ച് ധരിച്ചത്, വാതില്‍ പൂട്ടിയത്, പരീക്ഷ തനിച്ചെഴുതിയത്..എല്ലാം എന്നെ സംബന്ധിച്ച് ആഘോഷമായിരുന്നു. ഞാന്‍ ബികോം ചെയ്യാനായി പോയി, എംബിഎ നേടി.തനിച്ച് രണ്ടുവര്‍ഷം ജീവിച്ചു. ഞാന്‍ ധാരാളമാണെന്ന് ഞാന്‍ മനസ്സിലാക്കിയത് അപ്പോഴാണ്. എന്റെ കുറവുകള്‍ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് ഞാന്‍ മനസ്സിലാക്കി.
ആദ്യമെല്ലാം ഉടുപ്പിന്റെ നീളമേറിയ കൈകള്‍ കൊണ്ട്, ദുപ്പട്ട കൊണ്ട് എല്ലാം ഞാനെന്റെ വൈകല്യം മറയ്ക്കാന്‍ ശ്രമിക്കുമായിരുന്നു. എന്റെ കാലുകളില്‍ പാടുകള്‍ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ല. പക്ഷേ മെല്ലെ അതെല്ലാം ഞാന്‍ വിട്ടുകളഞ്ഞു. കുറവുകളും പാടുകളും ഓര്‍ത്ത് ഞാന്‍ അഭിമാനം കൊണ്ടു. ഞാനിന്ന് എന്താണോ അതാക്കി എന്നെ മാറ്റിയത് ഈ പാടുകളാണ്. ഞാനിന്ന് ഭയമില്ലാത്തവളാണ് ജീവിതത്തെ പോസിറ്റീവായി നോക്കിക്കാണുന്നവളാണ്.
28 വയസ്സിനുള്ളില്‍ എനിക്ക് 45 സര്‍ജറികളാണ് കഴിഞ്ഞത്. എന്റെ വലതുകൈ നഷ്ടപ്പെട്ടു. എന്റെ ജീവിതത്തിലെ പ്രണയത്തെ ഞാന്‍ വിവാഹം ചെയ്തു. ജീവിതത്തില്‍ വീണ്ടും ഉയരങ്ങളിലെത്താന്‍ ആ സ്നേഹം എന്നെ സഹായിച്ചു. എന്റെ ബിസിനസ്സില്‍ ഞാന്‍ പൂര്‍ണസമയം ചെലവഴിക്കുന്നു. സ്കൈ ഡൈവ്, ബഞ്ചീ ജമ്പ് എന്നിവ ചെയ്യുന്നു. എനിക്കിനിയും കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. എന്റെ ജീവിതത്തിലെ വളരെ ചെറിയ വിജയങ്ങള്‍ പോലും ഞാന്‍ ആഘോഷിക്കും.