കള്‍ ജയിക്കണമെങ്കില്‍ അച്ഛന്‍ തോല്‍ക്കണം അച്ഛന്‍ ജയിക്കണമെങ്കില്‍ മകള്‍ തോല്‍ക്കണം. ആന്ധ്രപ്രദേശിലെ അരക്കു ലോക്‌സഭാ മണ്ഡലത്തിലാണ് ഈ സവിശേഷാവസ്ഥ. മകൾ അഡ്വ. ശ്രുതി ദേവി കാേൺഗ്രസ് ടിക്കറ്റിലും വി. കിഷോർ ചന്ദ്രദേവ് ടി.ഡി.പി ടിക്കറ്റിലുമാണ് മത്സരിക്കുന്നത്. മുതിർന്ന കോണ്‍ഗ്രസ് നേതാവായിരുന്ന കിഷോര്‍ ചന്ദ്രദേവ് ഇയ്യിടെയാണ്  ടിഡിപിയിലേയ്ക്ക് കൂറുമാറിയത്. അഞ്ചു തവണ ലോക്‌സഭാംഗമായിരുന്ന കിഷോർ ചന്ദ്രദേവ് രണ്ടു തവണ  കേന്ദ്രമന്ത്രിയുമായിട്ടുണ്ട്.  2014 ലെ തോല്‍വിക്ക് ശേഷമാണ് കോണ്‍ഗ്രസ് വിട്ട് ടിഡിപിയിലെത്തിയത്.

1998 മുതല്‍ കോണ്‍ഗ്രസില്‍ അംഗമായിരുന്ന ശ്രുതി ഡല്‍ഹിയില്‍ അഭിഭാഷകയും സാമുഹിക പ്രവര്‍ത്തകയുമാണ്. അച്ഛന്റെ പ്രചരണത്തിന് മേല്‍നോട്ടം വഹിച്ചുകൊണ്ട് മുന്‍തിരഞ്ഞെടുപ്പുകളിൽ സജീവമായിരുന്നു ശ്രുതി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടാന്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല. 

അച്ഛനും മകളും നാമനിർദേശപത്രിക സമർപ്പിച്ചുകഴിഞ്ഞു. മണ്ഡലത്തിൽ  വൈഎസ് ആര്‍ കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ നിര്‍ത്തിട്ടുണ്ട്. അതും ഒരു വനിതയാണ്.

ഭൂപ്രകൃതിപരമായി വളരെയേറെ മലകളും കുന്നുകളുമുള്ള മണ്ഡലമാണ് അരക്ക്. മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുമെന്ന് ശ്രുതി പറഞ്ഞു. സ്ത്രീപുരുഷ സമത്വവും ലിംഗനീതിയും നോട്ടുനിരോധനവും ജിഎസ്ടിയു ഒക്കെ ചര്‍ച്ചയാക്കാനും ശ്രുതിദേവി ഉദ്ദേശിക്കുന്നുണ്ട്. പിന്നാക്കക്കാരാണ് മണ്ഡലത്തിലധികമെന്നും അവര്‍ക്ക് നീതി ലഭ്യമാക്കുകയാണ് ലക്ഷ്യം എന്നും ശ്രുതിദേവി പറയുന്നു. ആര് ജയിച്ചാലും ആര് തോറ്റാലും വീട്ടിലൊരു എം.പി ഉണ്ടാകും എന്നുതന്നെയാണ് കുടുംബത്തിന്റെ വിശ്വാസം.

Content Highlights: loksabha election tough fight between father and daughter in araku constituency