ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ ആയും ഫോട്ടോകളായും പങ്കുവയ്ക്കാറുണ്ട്. ചിലത് നമ്മെ കരയിപ്പിക്കും. ചിലത് സന്തോഷിപ്പിക്കും. സന്തോഷത്താല്‍ കാഴ്ചക്കാരുടെ കണ്ണുനിറഞ്ഞുപോകുന്ന ഒരു വീഡിയോ ആണ് ട്വിറ്ററില്‍ ഇപ്പോള്‍ ഹിറ്റായി കൊണ്ടിരിക്കുന്നത്. 
കാഴ്ചക്കുറവുള്ള കൊച്ചുപെണ്‍കുട്ടിക്ക് കണ്ണട ലഭിച്ചപ്പോഴുള്ള അവളുടെ മുഖഭാവമാണ് ട്വിറ്റര്‍ ഏറ്റെടുത്തിരിക്കുന്നത്. 

ജീവിതത്തിലാദ്യമായാണ് ഈ പെണ്‍കുട്ടി വ്യക്തതയോടെ കാഴ്ചകള്‍ കാണുന്നതെന്ന ക്യാപ്ഷനോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. രണ്ടു വയസ്സുകാരിയായ കൊച്ചുകുട്ടിക്ക് അവളുടെ അച്ഛന്‍ പിങ്ക് നിറമുള്ള കണ്ണട നല്‍കുന്നതാണ് വീഡിയോയുടെ തുടക്കം. കണ്ണട വെച്ച് ഏതാനും നിമിഷങ്ങള്‍ക്കുശേഷമാണ് താന്‍ ഇത്രനാളും മങ്ങിയ കാഴ്ചകളാണ് കണ്ടുകൊണ്ടിരുന്നത് എന്ന് അവള്‍ മനസ്സിലാക്കിയത്. തെളിച്ചമുള്ള കാഴ്ചകള്‍ കണ്ട് അവള്‍ സന്തോഷത്താല്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. കുറച്ച് കഴിഞ്ഞ് കണ്ണട മാറ്റിയും വെച്ചും പല തവണ അവള്‍ തന്റെ കാഴ്ചയുടെ വ്യത്യാസം മനസ്സിലാക്കുന്നതും കാണാം. 

ആറുലക്ഷത്തിലധികം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. കാഴ്ച തെളിഞ്ഞപ്പോഴുള്ള പെണ്‍കുട്ടിയുടെ മുഖഭാവം തങ്ങളുടെ ഹൃദയത്തെ തരളിതമാക്കിയെന്ന് വീഡിയോ കണ്ട ഒട്ടേറെപ്പേര്‍ കമന്റുചെയ്തു. 

തങ്ങള്‍ക്ക് ആദ്യമായി കണ്ണട ലഭിച്ചപ്പോഴുള്ള അനുഭവം ചിലര്‍ വിവരിച്ചു. 

Contentv highlights: little girls reaction after seeing clearly with glasses wins the internet viral video