യമനില്‍ വിശപ്പും രോഗവും മൂലം മരണത്തിന് കീഴടങ്ങിയ ഏഴുവയസുകാരിയുടെ ചിത്രം ലോകമനസാക്ഷിയെ വേദനിപ്പിക്കുന്നു. യമനിലെ യുദ്ധത്തിന്റെ ഇരയാണ് അമല്‍ ഹുസൈന്‍ എന്ന ഏഴുവയസുകാരി. ന്യൂയോര്‍ക്ക് ടൈംസ് ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ പതിഞ്ഞ ചിത്രം യമനിലെ യുദ്ധത്തിന്റെ ഭീകരതയാണ് പുറത്തുകൊണ്ടു വരുന്നത്. യമനില്‍ അവസാനമില്ലാതെ യുദ്ധം തുടരുമ്പോള്‍ ജനജീവിതം പൂര്‍ണമായും ദുരിതത്തിലാണ്. ദാരിദ്ര്യവും രോഗവും മൂലം ഇതിനോടകം യമന്‍ ജനത അവശരായിക്കഴിഞ്ഞു. അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ചായിരുന്നു അമല്‍ ഹുസൈന് ജീവന്‍ നഷ്ടമായത്.  

യുദ്ധം മൂലമുള്ള ദുരിതത്തിന്റെ നേര്‍കാഴ്ചയായാണ് എല്ലുകള്‍ ഉന്തി അങ്ങേയറ്റം ദുരിതത്തിലകപ്പെട്ട ആ ശരീരത്തെ ഇന്ന്  ലോകം കാണുന്നത്. അമലിന്റെ ചിത്രം കണ്ട് നിരവധിപേര്‍ അവള്‍ക്ക് സഹായം വാഗ്ദാനം ചെയ്തു കൊണ്ട് മുന്നോട്ടു വന്നു. വര്‍ഷങ്ങളായി തുടരുന്ന യുദ്ധത്തിന്റെ ഫലമായി 14,000,000 അതികം ആളുകളാണ് പട്ടിണിയും ദാരിദ്ര്യവും മൂലം രാജ്യത്ത് കഷ്ടപ്പെടുന്നത്. അമലിന് കൂടുതല്‍ ചികിത്സ നല്‍കേണ്ടതുണ്ടായിരുന്നു എന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ചികിത്സ നല്‍കാനുള്ള അസൗകര്യം മൂലം അമലിനെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. 'എന്റെ ഹൃദയം തകരുന്നുണ്ട്, അവള്‍ എപ്പോഴും ചിരിക്കുമായിരുന്നു. ഇനി എനിക്ക് എന്റെ മറ്റുകുട്ടികളെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ടെന്നും അമലിന്റെ അമ്മ പറയുന്നു.

യമനില്‍ 49 ശതമാനം വ്യോമാക്രമണങ്ങള്‍ക്കും ഇരയാകുന്നത് സാധാരണ ജനങ്ങളാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 56,000 കൂടുതല്‍ പൗരന്മാര്‍ക്ക് സൗദി-യമന്‍ യുദ്ധത്തില്‍ ജീവന്‍ നഷ്ട്ടപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. പൗരന്മാര്‍ക്ക് ആഹാരത്തിനും മരുന്നിനും വേണ്ട പണം യുദ്ധത്തിനുള്ള ആയുധങ്ങള്‍ വാങ്ങാനായി ചെലവഴിക്കുതിനെതിരെ വന്‍പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. യുദ്ധം തുടങ്ങിയതോടെ ഭക്ഷണസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കുമുള്ള വില കുത്തനെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് പലരും മക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ കിടപ്പാടം വരെ വിറ്റു. ഇതോടെ തുടര്‍ ജീവിതം തെരുവിലേയ്ക്ക് മാറ്റിയവരും കുറവല്ല. യമനില്‍ കൂട്ടികള്‍ ഉള്‍പ്പടെ ലക്ഷക്കണക്കിനാളുകള്‍ വെള്ളം കുടിച്ചാണ് വിശപ്പടക്കുന്നത്. 75,000 കുട്ടികള്‍ യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

content highlights: Little girl who became face of Yemen hunger crisis has died