സ്ത്രീകളുടെ വിവാഹപ്രായം 18-ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള നിയമത്തിന് കേന്ദ്രമന്ത്രി സഭ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അടുത്ത ആഴ്ച ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ നിയമവിധേയമാക്കിയിട്ടുള്ള വിവാഹപ്രായം എത്രയെന്ന് നോക്കാം.

എസ്‌റ്റോണിയ

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കുറവ് വിവാഹപ്രായം എസ്റ്റോണിയയില്‍ ആണ്. മാതാപിതാക്കളുടെ സമ്മതത്തോടെ 15 വയസ്സില്‍ ഇവിടെ വിവാഹം കഴിക്കാം. 

യു.കെ.

18 വയസ്സാണ് ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും വിവാഹപ്രായം. എന്നാല്‍, മാതാപിതാക്കളുടെ സമ്മതത്തോടെ 16 വയസ്സിലോ 17 വയസ്സിലോ വിവാഹിതരാകാന്‍ അവിടെ നിയമം അനുവദിക്കുന്നുണ്ട്.

ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ

കരീബിയന്‍ രാജ്യമായ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ ഔദ്യോഗികമായിട്ടുള്ള വിവാഹപ്രായം സ്ത്രീയ്ക്കും പുരുഷനും 18 വയസ്സാണ്. എന്നാല്‍, മുസ്ലിം, ഹിന്ദു മതവിഭാഗങ്ങള്‍ക്ക് വെവ്വേറെ വിവാഹനിയമാണ് ഉള്ളത്. മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട സ്ത്രീയ്ക്ക് 12 വയസ്സിലും പുരുഷന് 16 വയസ്സിലും വിവാഹിതരാകാം. ഹിന്ദുമതത്തിലാകട്ടെ പുരുഷന് 18-ഉം സ്ത്രീയ്ക്ക് 14 വയസ്സും പൂര്‍ത്തിയായിരിക്കണം.

യു.എസ്.

യു.എസിലെ വിവാഹപ്രായം ഓരോ പ്രവിശ്യകളും സ്‌റ്റേറ്റുകളും അനുസരിച്ച് മാറും. ഭൂരിഭാഗം സ്റ്റേറ്റുകളിലും 18 വയസ്സാണ് കുറഞ്ഞ വിവാഹപ്രായം. എന്നാല്‍, നെബ്രാസ്‌കയില്‍ 19 വയസ്സും മിസിസ്സിപ്പിയില്‍ 21 വയസ്സും പൂര്‍ത്തിയായിരിക്കണം. 

ചൈന

ചൈനയില്‍ വിവാഹത്തിന് എപ്പോഴും പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. നിലവില്‍ പുരുഷന് 22 വയസ്സും സ്ത്രീയ്ക്ക് 20 വയസ്സും പൂര്‍ത്തിയായിരിക്കണം. എന്നാല്‍, വിവാഹപ്രായം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 

നൈഗര്‍

നൈഗറിലെ സിവില്‍ കോഡ് അനുസരിച്ച് പുരുഷന്മാരുടെ വിവാഹപ്രായം 18 വയസ്സും സ്ത്രീകളുടേത് 15 വയസ്സുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ബാലവിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യം നൈഗറാണെന്ന് യൂണിസെഫിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Content highlights: legal marriage ages across globe as india proposes to raise