ഗുരുവായൂര്‍: 20 വര്‍ഷംമുമ്പ് ഗുരുവായൂര്‍ നടയില്‍വെച്ച് ഓടിവന്ന് തന്നെ കെട്ടിപ്പിടിച്ച ഒരു അഞ്ചുവയസ്സുകാരനെ ഇപ്പോഴും തിരയുകയാണ് ആ 'അമ്മ'. കൈയിലുള്ളത് അവനൊപ്പം അന്നെടുത്ത ഫോട്ടോകള്‍.

കൊല്ലം ചവറ 'രോഹിണി'യില്‍ ലീനയാണ് പഴയൊരോര്‍മയുമായി കാത്തിരിക്കുന്നത്. ദര്‍ശനത്തിന് നല്ല തിരക്കുള്ളൊരു ദിവസമായിരുന്നു അത്. ഭര്‍ത്താവ് അനിലും മക്കളായ നീതുവും ഗീതുവും ഒപ്പമുണ്ട്. വരിയില്‍ നില്‍ക്കുമ്പോള്‍ തൊട്ടുമുന്നില്‍ അഞ്ച് വയസ്സുള്ള ഒരു കുട്ടിയുമായി ഒരപ്പൂപ്പനും അമ്മൂമ്മയും. കണ്ടപാടെ അമ്മൂമ്മയെ വിട്ടുവന്ന കുഞ്ഞ് ലീനയെ ചുറ്റിപ്പിടിച്ചു. എടുക്കാനായി ആംഗ്യവും കാട്ടി. മാറോടുചേര്‍ത്തപ്പോള്‍ അവന്‍ ഒട്ടിക്കിടന്നു.

ഇതുകണ്ട് കണ്ണീരോടെയാണ് അമ്മൂമ്മ പറഞ്ഞത്'. ''എന്റെ മോളുടെ കുഞ്ഞാ. ബൈക്കപകടത്തില്‍ അവള്‍ മരിച്ചു''. അവളുടെ അതേ ഛായയുള്ളതുകൊണ്ടായിരിക്കാം കുട്ടി സ്‌നേഹം കാട്ടിയതെന്നുകൂടി അമ്മൂമ്മ ലീനയെ നോക്കി പറഞ്ഞു.

അന്നവര്‍ ഒരുമിച്ചാണ് ദര്‍ശനവും തുലാഭാരവും നടത്തിയത്. കുട്ടിയും ഗീതുവും നീതുവും കുറച്ചുനേരംകൊണ്ട് നല്ല ചങ്ങാതിമാരുമായി. ഒന്നിച്ചുള്ള ഫോട്ടോ പകര്‍ത്തി. മടങ്ങുമ്പോള്‍ അമ്മൂമ്മയില്‍നിന്ന് വിലാസം വാങ്ങി, ഫോട്ടോകള്‍ പ്രിന്റെടുത്ത് അയക്കാമെന്നും പറഞ്ഞു. പക്ഷേ, പിന്നീട് ഫോട്ടോ പ്രിന്റ് ചെയ്തുവെച്ചെങ്കിലും വിലാസം എവിടെയോ നഷ്ടപ്പെട്ടിരുന്നു. അവരുടെ വീടും സ്ഥലവുമൊന്നും കൃത്യമായി അറിയില്ല. തൃശ്ശൂര്‍ ജില്ലയിലുള്ളവരാണന്നുമാത്രം അറിയാം.

നെടുമങ്ങാട് എസ്.എന്‍.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ് ലീന. മേയ് 24-ന് 'ബ്രദേഴ്സ് ഡേ'യ്ക്ക് ലീനയുടെ മൂത്തമകള്‍ നീതു അനില്‍ ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റുചെയ്തു. ആ സഹോദരനെ ഒന്നുകണ്ടിരുന്നെങ്കില്‍ എന്നായിരുന്നു പോസ്റ്റ്. മാത്രമല്ല, അമ്മ അവനെ കാത്തിരിക്കുന്നുവെന്നും നേരിട്ടുവന്നാല്‍ ഒന്നിച്ചുള്ള ഫോട്ടോകള്‍ തരാമെന്നും നീതു കൂട്ടിച്ചേര്‍ത്തു. ഒപ്പം ഫോണ്‍നമ്പറും.

കുഞ്ഞ് ഇപ്പോള്‍ യുവാവായിട്ടുണ്ടാകും. ചേച്ചിമാരും വലുതായി. പരസ്പരം തിരിച്ചറിയാന്‍പോലും കഴിഞ്ഞെന്നു വരില്ല. എങ്കിലും അവര്‍ കാത്തിരിപ്പുണ്ട്.

Content Highlights: Leena searching for 5 year old boy