ജീവിതത്തില്‍ പ്രതിസന്ധികള്‍ മാത്രമുണ്ടായിട്ടും തോറ്റുകൊടുക്കാതെ വാശിയോടെ മുന്നേറുന്ന ഒട്ടേറെപ്പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. തിരിച്ചടികള്‍ മാത്രമുണ്ടായിട്ടും തികഞ്ഞ പോരാട്ടവീര്യത്തോടെ അവര്‍ മുന്നോട്ടു കുതിക്കുകയാണ്. അരയ്ക്കു കീഴ്‌പോട്ട് തളര്‍ന്നുപോയിട്ടും പ്രതിസന്ധികളോട് പടവെട്ടി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന കോഴിക്കോട് തലയാട് സ്വദേശി ലയജ എന്ന യുവതിയെ പരിചയപ്പെടാം. 

പോളിയോ മുടക്കിയ സ്വപ്‌നങ്ങള്‍

ഒന്നരവയസ്സിലാണ് ലയജയെ പോളിയോ പിടികൂടുന്നത്. പനി വന്നതിനുശേഷം അരയ്ക്കു താഴേക്ക് തളര്‍ന്നുപോകുകയായിരുന്നു. അതുവരെ സാധാരണകുട്ടികളെപ്പോലെ നടക്കാനും മറ്റുകാര്യങ്ങള്‍ ചെയ്യാനും ലയജയ്ക്ക് കഴിഞ്ഞിരുന്നു. പോളിയോ ബാധിച്ചതോടെ എല്ലാം തകിടം മറിഞ്ഞു. അച്ഛനും അമ്മയും അനുജത്തിയുമടങ്ങുന്നതായിരുന്നു കുടുംബം. അച്ഛന്‍ ചേര്‍ത്തിരുത്തി ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കി. പിന്നീട് സാക്ഷരതാ മിഷനു കീഴില്‍ നാലാം ക്ലാസ് തത്തുല്യ പരീക്ഷ പാസായി. മുന്നോട്ട് പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്ന് വീട്ടിലേക്ക് ഗതാഗത സൗകര്യം ലഭ്യമല്ലാതിരുന്നതിനാല്‍ ആഗ്രഹങ്ങള്‍ ചിറകറ്റുപോയി. 

വഴിമാറിയ ജീവിതം

ഏഴുവര്‍ഷങ്ങള്‍ക്കു മുമ്പ് തലയാട് അങ്ങാടിയോട് ചേര്‍ന്ന് വീടുവെക്കാന്‍ ലയജയും കുടുംബവും സ്ഥലം വാങ്ങി. സര്‍ക്കാര്‍ സഹായത്തോടെ ഇവിടെ വീട് വെച്ചതോടെയാണ് ലയജയുടെ ജീവിതത്തില്‍ പ്രകാശം വന്നു തുടങ്ങിയത്. പുതിയ വീട്ടിലെത്തിയതോടെ തങ്ങളെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയതെന്ന് ലയജ പറഞ്ഞു. ലയജയുടെ വിവരങ്ങള്‍ അറിഞ്ഞെത്തിയ അലിവ് ചാരിറ്റബിള്‍ ട്രസ്റ്റാണ് അവരുടെ ജീവിതകഥ മാറ്റി എഴുതിയത്.

ആദ്യം കുടകള്‍ നിര്‍മിക്കാനുള്ള പരിശീലനം ഇവര്‍ നല്‍കി. അതിനുശേഷം പേപ്പര്‍ പേനകളും. മൂന്നു വര്‍ഷത്തോളം കുടകളും പേപ്പര്‍ പേനകളും നിര്‍മിച്ച് നല്‍കി. ഇവ രണ്ടും നല്ല രീതിയില്‍ പോകുമ്പോഴാണ് അടുത്ത വില്ലനായി കോവിഡ് വന്നത്. സ്‌കൂളുകള്‍ അടഞ്ഞുകിടന്നതും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും വെല്ലുവിളിയായി. ഉണ്ടാക്കിയ സാധനങ്ങള്‍ വിറ്റുപോകാന്‍ ഏറെ ബുദ്ധിമുട്ടി. തുടര്‍ന്ന് അലിവ് അംഗങ്ങളുടെ ഇടപെടലില്‍ ലയജ വഴിമാറി ചിന്തിച്ചു. അനുജത്തിയുടെ പിന്തുണയോടെ നൈറ്റികള്‍ തയ്ച്ചു നല്‍കാന്‍ തുടങ്ങി. അലിവ് ചാരിറ്റബിള്‍ ട്രസ്റ്റ് തന്നെയാണ് തയ്യല്‍മെഷീന്‍ എത്തിച്ചു നല്‍കിയതും. വൈദ്യുതിയിൽ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വെച്ച തയ്യല്‍മെഷീനാണ് നല്‍കിയത്. വീട്ടില്‍ ഇരുന്നുതന്നെയാണ് ഇരുവരും നൈറ്റികള്‍ തുന്നിക്കൊടുക്കുന്നത്.

കൂട്ടായി അനുജത്തി

leena
ലീന

മാസ്‌കുകള്‍ തയ്ച്ചു നല്‍കിയാണ് ലയജ തയ്യല്‍ രംഗത്തേത്ത് എത്തിയത്. യൂട്യൂബ് നോക്കിയാണ് വിവിധ തരത്തിലുള്ള മാസ്‌കുകള്‍ തുന്നാന്‍ പഠിച്ചത്. പിന്നീടാണ് നൈറ്റികള്‍ തയ്ച്ചു നല്‍കാമെന്ന ആശയത്തിലേക്ക് കടക്കുന്നത്. തയ്യല്‍ ജോലി തുടങ്ങുമ്പോള്‍ ലയജയ്ക്ക് കൂട്ടായി അനുജത്തി ലീനയെത്തി. വിവാഹിതയായ ലീന ഒന്‍പത് കിലോമീറ്റര്‍ അപ്പുറമുള്ള വീട്ടില്‍നിന്നെത്തിയാണ് ലയജയ്‌ക്കൊപ്പം തയ്യല്‍പണി ചെയ്യുന്നത്. മുന്‍പ് ഒരു കടയില്‍ തയ്യല്‍ജോലി ചെയ്ത് ലീനയ്ക്ക് പരിചയമുണ്ടായിരുന്നു. തുണികള്‍ മുറിക്കാന്‍ ഇരുവര്‍ക്കുമറിയില്ലാത്തതിനാല്‍ ഓര്‍ഡര്‍ എടുത്തുകഴിയുമ്പോള്‍ ഒരാള്‍ വന്ന് തുണികള്‍ അളവിനനുസരിച്ച് വെട്ടിക്കൊടുക്കുകയാണ് പതിവ്. 

ആദ്യനാളുകളില്‍ അനുജത്തിയും അമ്മയുമൊക്കെ പുതിയ സംരംഭത്തോട് വലിയ താത്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍, ലയജയുടെ ആഗ്രഹവും താത്പര്യവും അവരിലും മാറ്റമുണ്ടാക്കി. നൈറ്റികളാണ് പ്രധാനമായും ഇവര്‍ തയ്ച്ചു നല്‍കുന്നത്. വീടിന് അടുത്തുള്ളവരും കോഴിക്കോട് ജില്ലയ്ക്കു പുറത്തുള്ളവരുമാണ് ഇവരുടെ പ്രധാന ഉപഭോക്താക്കള്‍. 'വാട്‌സാപ്പ് വഴിയാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നത്. സ്പീഡ് പോസ്റ്റ് വഴി ഓഡറെടുത്ത നൈറ്റികള്‍ എത്തിച്ചു നല്‍കും. ചേച്ചി നൈറ്റികള്‍ തയ്ച്ചു കൊടുക്കാമെന്ന് ആദ്യം പറഞ്ഞപ്പോള്‍ എനിക്ക് മടിയായിരുന്നു. പണം മുടക്കി സംരംഭം തുടങ്ങിയിട്ട് ആളുകള്‍ സാധനങ്ങള്‍ മേടിക്കാതെ വന്നാല്‍ എന്തു ചെയ്യുമെന്ന് ഞാന്‍ ചോദിച്ചു. പക്ഷേ, ചേച്ചിക്ക് നല്ല ഉറപ്പായിരുന്നു പുതിയസംരംഭം വിജയിക്കുമെന്ന്. ആ പ്രതീക്ഷയില്‍ മുന്നോട്ട് പോയി'-ലീന പറഞ്ഞു.

ലീനയും ഭര്‍ത്താവ് പ്രജീഷ് കുമാറുമാണ് കോഴിക്കോട് ടൗണില്‍ വന്ന് നൈറ്റികള്‍ക്കുള്ള തുണികള്‍ വാങ്ങുന്നത്. 'ആദ്യം കാറിലായിരുന്നു തുണികള്‍ വാങ്ങിക്കൊണ്ടുപോയിരുന്നത്. എണ്ണച്ചെലവ് കൂടിയതോടെ ബസിലായി യാത്ര. അതാകുമ്പോള്‍ 250 രൂപ കൊടുത്താല്‍ സാധനങ്ങള്‍ കൊണ്ടുവരാന്‍ കഴിയും'-ലയജ പറഞ്ഞു.

Layaja
ലയജ നെറ്റിപ്പട്ട നിർമാണത്തിനിടെ

270 മുതലാണ് നൈറ്റിയുടെ വില തുടങ്ങുന്നത്. അധികമായി വാങ്ങുന്നവര്‍ക്ക് 250 മുതല്‍ കൊടുക്കും. ഫാഷനില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് വിലയിലും വ്യത്യാസം വരും. നൈറ്റികള്‍ തയ്ച്ചുകൊടുക്കുന്നതിനു പുറമെ ആനയുടെ നെറ്റിപ്പട്ടവും ഈ 42-കാരി നിര്‍മിച്ചു നല്‍കുന്നുണ്ട്. ആവശ്യമനുസരിച്ചാണ് നെറ്റിപ്പട്ട നിര്‍മാണമെന്ന് മാത്രം.
ലീലയാണ് ലയജയുടെ അമ്മ. പിതാവ് പരേതനായ ശ്രീധരന്‍.