രുപത്തിയൊന്നു വർഷത്തെ കാത്തിരിപ്പിന് ഇപ്പുറമാണ് ഒരു ഇന്ത്യൻ പെൺകുട്ടി മിസ് യൂണിവേഴ്സ് കിരീടത്തിൽ മുത്തമിടുന്നത്. ചണ്ഡി​ഗഢ് സ്വദേശിയായ ഹർനാസ് സന്ധു എന്ന ഇരുപത്തിയൊന്നുകാരിയാണ് രാജ്യത്തിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. സുസ്മിത സെന്നിനും ലാറാ ദത്തയ്ക്കും ശേഷം ഇന്ത്യയിലേക്കെത്തുന്ന മൂന്നാമത് മിസ് യൂണിവേഴ്സ് പട്ടമാണിത്. ഇപ്പോഴിതാ ഹർനാസിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ മിസ് യൂണിവേഴ്സ് ലാറാ ദത്ത. 

ട്വിറ്ററിലൂടെയാണ് 2000ത്തിലെ വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയ ലാറാ ​ദത്ത ഹർനാസിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. അഭിനന്ദനങ്ങൾ ഹർനാസ് സന്ധു, വെൽകം ടു ദ ​ക്ലബ്. നമ്മൾ നീണ്ട ഇരുപത്തിയൊന്നു വർഷങ്ങളാണ് ഇതിനായി കാത്തിരുന്നത്. നിന്നെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. ഒരു ബില്യൺ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടു- ലാറ കുറിച്ചു. 

1994ൽ സുസ്മിത സെന്നിന്റെ നേട്ടത്തിനുശേഷം ഇന്ത്യയിൽ കിരീടം എത്തിച്ച സുന്ദരിയാണ് ലാറ. 2000ത്തില്‍ സൈപ്രസിലെ നികോസിയായില്‍ വച്ചാണ് മിസ് യൂണിവേഴ്‌സ് മത്സരം അരങ്ങേറിയത്. അതേ വര്‍ഷത്തില്‍ നടി പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് പട്ടവും ദിയാ മിര്‍സ മിസ് ഏഷ്യ പസഫിക് കിരീടവും സ്വന്തമാക്കി. തുടർന്ന് അന്ദാസ്, കാൽ, നോ എൻട്രി തുടങ്ങിയ ചിത്രങ്ങളിലും ലാറ ശ്രദ്ധേയ കഥാപാത്രം കാഴ്ചവച്ചിരുന്നു. 

രണ്ടായിരത്തില്‍ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഹർനാസ് ആണ് വീണ്ടും ഇന്ത്യക്കായി കിരീടം നേടുന്നത്. പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹര്‍നാസ് സന്ധുവിന്റെ കിരീടനേട്ടം.

2020 ലെ മിസ് യൂണിവേഴ്‌സ് ആയിരുന്ന മെക്‌സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. പരാഗ്വേ ഫസ്റ്റ് റണ്ണര്‍അപ്പും ദക്ഷിണാഫ്രിക്ക സെക്കന്‍ഡ് റണ്ണറപ്പുമായി.

Content Highlights: lara dutta congratulates miss universe harnaaz sandhu, miss universe indian winners