'അറിയാത്ത കുറെപ്പേരുടെ ഇന്‍സ്റ്റ സ്റ്റോറിയില്‍ തെളിഞ്ഞു നിന്നപ്പോള്‍ ഒത്തിരി സന്തോഷം തോന്നി... ഇങ്ങനെയൊരു റെസ്പോണ്‍സ് പ്രതീക്ഷിച്ചതേയില്ല'' - ഏറെ ഇഷ്ടപ്പെട്ടു ചെയ്ത ഡാന്‍സ് വീഡിയോ പെട്ടെന്നൊരു ദിവസം നാടറിഞ്ഞതിന്റെ സന്തോഷത്തിലാണ് ലക്ഷ്മി കീര്‍ത്തന.

ഒരുപക്ഷേ ലക്ഷ്മി കീര്‍ത്തനയെന്ന പേര് ലെച്ചു ദേവൂസിന്റെ ഫോളോവേഴ്സിന് അറിയണമെന്നില്ല. നോര്‍ത്ത് പറവൂര്‍ വാവക്കാട് സ്വദേശിയാണ് ഈ ഇന്‍സ്റ്റ ഫെയിം നര്‍ത്തകി.

കളിയാട്ടത്തിലെ 'വണ്ണാത്തിപ്പുഴയുടെ തീരത്ത്' എന്ന പാട്ടിനൊപ്പം ലക്ഷ്മി ചെയ്ത വീഡിയോയാണ് വൈറലായത്. ബിജു ധ്വനിതരംഗ് കൊറിയോഗ്രഫി ചെയ്ത ഡാന്‍സാണ് റീല്‍സില്‍ അവതരിപ്പിച്ചത്. 18 വര്‍ഷമായി ഡാന്‍സ് പഠിക്കുന്ന ലക്ഷ്മി കലോത്സവങ്ങളിലെയും താരമായിരുന്നു.

''എത്ര നന്നായിട്ട് പ്രാക്ടീസ് ചെയ്തുവെന്നതല്ല, എങ്ങനെ ജഡ്ജസിന്റെ മുന്നില്‍ ആ 10 മിനിറ്റ് കളിച്ചുവെന്നതാണ് കലോത്സവത്തിലെ കാര്യം. പക്ഷേ ഇപ്പോള്‍ ആ പേടി വേണ്ട. നമ്മുടെ മുന്നിലെ മൊബൈലാണ് ആദ്യ കാഴ്ചക്കാരന്‍. തൃപ്തിയായില്ലേല്‍ വീണ്ടും കളിച്ചുശരിയാക്കാം, സമ്മാനമില്ലെങ്കിലും നമ്മളെ ഇഷ്ടപ്പെടുന്ന കുറെപ്പേരുടെ കമന്റുകളാണ് സമ്പാദ്യം''- ലക്ഷ്മി പറയുന്നു.

ഭരതനാട്യം, കുച്ചിപ്പുടി, ഓട്ടന്‍തുള്ളല്‍, നാടോടിനൃത്തം എന്നിവയാണു കുഞ്ഞുനാള്‍ മുതല്‍ പരിശീലിച്ചത്. പറവൂര്‍ ശശികുമാറിന്റെ കീഴിലാണ് ആദ്യം ഡാന്‍സ് പഠിച്ചത്. ഇപ്പോള്‍ ഗീത പദ്മകുമാറിന്റെ കീഴില്‍ കുച്ചിപ്പുടിയില്‍ പ്രത്യേകം പരിശീലനം ചെയ്യുന്നു. ഡാന്‍സറായി അംഗീകരിക്കപ്പെടണം എന്നതാണ് ലക്ഷ്മിയുടെ ഏറ്റവും വലിയ ആഗ്രഹം. ഇതിനൊപ്പം ഡിസ്റ്റന്റായി എം.എസ്.ഡബ്ല്യുവും ചെയ്യുന്നു.

തമിഴ്നാട്ടില്‍ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്നോളജി പൂര്‍ത്തിയാക്കി അവിടെ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചെങ്കിലും ഡാന്‍സ് പരിശീലനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെ ജോലിയുപേക്ഷിച്ച് നാട്ടിലേക്കു മടങ്ങി. കിട്ടിയ ജോലിയും കളഞ്ഞു വീട്ടില്‍ വന്ന മകളുടെ ഇഷ്ടത്തിന് അച്ഛനും അമ്മയും കൂട്ടുനിന്നു.

Content Highlights: Lakshmi Keerthana Viral dancer from Instagram