പോലീസിൽ ചേരണമെന്ന് എനിക്ക്  ചെറുപ്പം മുതലേ ആ​ഗ്രഹമുണ്ടായിരുന്നു. എന്റെ അച്ഛൻ പോലീസിൽ ആയിരുന്നു. അതായിരുന്നു എന്റെ ആ​​ഗ്രഹത്തിന് പിന്നിൽ. പലപ്പോഴും തെരുവുനായ്ക്കൾക്ക് ആഹാരം കൊടുക്കാൻ പോകുമ്പോൾ അദ്ദേഹം എന്നെക്കൂടി കൊണ്ടുപോയിരുന്നു. ഒരിക്കൽ ഞങ്ങൾ റിക്ഷയിൽ സഞ്ചരിക്കുമ്പോൾ ഒരു പാർക്കിലെ പെെപ്പിൽ നിന്ന് വെള്ളം പുറത്തേക്ക് പോകുന്നത് കണ്ടു. ഉടനെത്തന്നെ റിക്ഷ അവിടെ നിർത്തിച്ച് ആ പെെപ്പ് പോയി അടച്ചിട്ട് വരാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളിൽ പോലും അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. 

പോലീസിൽ  ചേരാൻ എനിക്കും എന്റെ സഹോദരിമാർക്കും അച്ഛന്റെ ജീവിതം പ്രചോദനമായി. ഞാൻ സബ് ഇൻസ്പെക്ടറാകാൻ അപേക്ഷ നൽകി. നേരത്തെ എഴുന്നേറ്റ് പഠിച്ചും വ്യായാമം ചെയ്തും ഞാൻ എന്റെ ലക്ഷ്യത്തിലേക്ക് പരിശ്രമിച്ചുകൊണ്ടിരുന്നു. ഞാൻ എന്റെ ലക്ഷ്യം കെെവരിച്ച അന്ന് എന്റെ അച്ഛൻ എന്നെ അഭിവാദ്യം ചെയ്തു പറഞ്ഞു- ''എപ്പോഴും കാര്യത്തിന് വേണ്ടി പ്രവർത്തിക്കുക; അനുമോദനങ്ങൾക്ക് വേണ്ടിയാകരുത്''. 

എനിക്ക് നിയമനം ലഭിച്ചത് സി.എസ്.ടിയിലേക്കാണ്. സ്ത്രീകളെയും കുട്ടികളെയും മനുഷ്യക്കടത്ത് നടത്തുന്നത് തടയാനുള്ള ചുമതലയായിരുന്നു എനിക്ക്. ഒരിക്കൽ ഒരു അർധരാത്രിയിൽ 11 വയസ്സുള്ള ഒരു കുട്ടി ട്രെയിനിന്റെ ഒരു വശത്ത് മറഞ്ഞ് നിന്ന് കരയുന്നത് ഞാൻ കണ്ടു. എന്തിനാണ് കരയുന്നത് എന്ന ചോദ്യത്തിന് അച്ഛൻ തന്നെ തല്ലിയെന്നും അങ്ങനെ ഞാൻ വീടുവിട്ട് വന്നതാണെന്നും പറഞ്ഞു. അവൻ ആകെ ഭയന്നിരിക്കുകയായിരുന്നു. ഞാൻ ഭക്ഷണം വാങ്ങിക്കൊടുത്ത് അവനെ സമാധാനിപ്പിച്ചു. തുടർന്ന് അവന്റെ അമ്മയുടെ ഫോൺ നമ്പർ കണ്ടെത്തി അവരെ സ്റ്റേഷനിലെത്തിച്ചു. അമ്മയെക്കണ്ടതും അവൻ അവരുടെ കെെകളിലേക്ക്  അവൻ ഒാടിച്ചെന്നു. അവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ഞാൻ അവിടെ നിന്നും തിരിച്ചുവന്നത്. 

മറ്റൊരു സംഭവവും ഉണ്ടായി. 15 കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന ഒരു 45 വയസ്സുകാരനെ പിടികൂടാനും എനിക്ക് സാധിച്ചു. മൂന്ന് ദിവസം മുൻപ് ​ഗോവയിൽ നിന്നാണ് അവർ ഇവിടെയെത്തിയത്. ​ഗോവ പോലീസ് പെൺകുട്ടിയുടെ ഫോട്ടോ ഞങ്ങൾക്ക് അയച്ചുതന്നിരുന്നു. ഞാനും എന്റെ സംഘവും സ്റ്റേഷൻ മുഴുവൻ അരിച്ചുപെറുക്കി. ആ സമയം നല്ല ടെൻഷനിലായിരുന്നു ഞങ്ങൾ എല്ലാവരും. ആ കുറ്റവാളി രക്ഷപ്പെടരുത് എന്നായിരുന്നു ‍ഞങ്ങൾ ആ സമയത്ത് ചിന്തിച്ചത്. 

അപ്പോഴാണ് ആ പെൺകുട്ടി ട്രെയിനിൽ കയറുന്നത് കണ്ടത്. ഞാൻ അവളുടെ കെെപിടിച്ച് വലിച്ചു പുറത്തിറക്കി. അവളെ തട്ടിക്കൊണ്ടുവന്നയാളെ അപ്പോൾ തന്റെ എന്റെ സംഘം അറസ്റ്റ് ചെയ്തു. അവൾ കരഞ്ഞുകൊണ്ട് ഞങ്ങൾക്ക് നന്ദി പറഞ്ഞു. ഞാനൊരു കേസ് രജിസ്റ്റർ ചെയ്തു. അവളെ തട്ടിക്കൊണ്ടുവന്നവൻ അവളെ മാനംഭം​ഗപ്പെടുത്തി വിവാഹം ചെയ്യാൻ പദ്ധതിയിട്ടിരിക്കുകയായിരുന്നു. 

മറ്റൊരിക്കൽ ഒരു പതിനാറുകാരിയെ ഞാൻ കണ്ടെത്തി. അവൾ മുംബെെയിലേക്ക് വന്നതായിരുന്നു. അവൾ നാടുവിട്ടതിനെക്കുറിച്ച് അവളുടെ മാതാപിതാക്കൾക്ക് അറിവില്ലായിരുന്നു. അവർ എത്തിയപ്പോഴാണ് ഞങ്ങൾ മനസ്സിലാക്കിയത് അവൾ ​ഗർഭിണിയാണെന്ന്. 

2915 വരെ ഞാൻ 950 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അവരുടെ മാതാപിതാക്കൾ എന്നെ കെട്ടിപ്പിടിച്ച് അവരുടെ കുട്ടികളെ സുരക്ഷിതരാക്കിയതിന് നന്ദി പറയുകയും ചെയ്തിട്ടുണ്ട്. 

ഇത്രയൊക്കെയായിട്ടും സ്ത്രീകളായ ഒാഫീസർമാർ ​ഗ്രൗണ്ട് വർക്കിന് കൊള്ളാത്തവരാണെന്ന് എന്റെ ബന്ധുക്കൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ''നീങ്ങൾ ജോലി ചെയ്യുമ്പോൾ വീട്ടിൽ ആര് ഭക്ഷണം പാചകം ചെയ്യുന്ന ജോലികൾ ചെയ്യും'' എന്ന് ചിലർ എന്നോട് ചോദിക്കാറുണ്ട്. മറ്റെല്ലാവരെയും പോലെ തന്നെ സ്ത്രീകൾ എല്ലാത്തിനും കാര്യശേഷിയുള്ളവരാണ് എന്നാണ് എന്റെ മറുപടി.

ചിലർ എന്നോട് പറയാറുണ്ട്. മാഡം കുട്ടികളെ രക്ഷിച്ച കാര്യം അറിഞ്ഞിരുന്നു, ഒരിക്കൽ മാഡത്തെപ്പോലെ ആകണമെന്ന് എനിക്ക് അ​ഗ്രഹമുണ്ടെന്ന്. 

2017 ൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് എനിക്ക് നാരിശക്തി പുരസ്ക്കാരം സ്വീകരിക്കാനായി. സ്ത്രീ ശാക്തികരണത്തിന് മികച്ച സംഭാവനകൾ നൽകുന്നവർക്കുള്ള പുരസ്ക്കാരമാണത്. 

ഇപ്പോൾ എനിക്ക് 35 വയസ്സുണ്ട്. വിവാഹിതയാണ്. ഞാൻ ദിവസവും 12-14 മണിക്കൂർ നേരം സ്റ്റേഷനിൽ ജോലി ചെയ്യുകയാണ്. ആ ജോലിയിൽ ഞാൻ അഭിമാനം കൊള്ളുന്നു.  കുട്ടികളെ വളർത്തൽ മാത്രമല്ല ഒരു സ്ത്രീ. സ്ത്രീയെന്നാൽ അവളുടെ ആ​ഗ്രഹങ്ങളാണ്, അവളുടെ ലക്ഷ്യങ്ങളാണ്. 

പെൺകുട്ടികൾ മനസ്സിലാക്കണം, അവർക്കും അവരുടെ ജീവിതത്തിൽ ഹീറോയിനുകൾ ആകാനാകുമെന്ന്. അവരുടെ ഉള്ളിൽ ശക്തിയുണ്ട്.  സ്വന്തം കഴിവിനെക്കുറിച്ച് സംസാരിക്കാൻ അവർക്കും  സാധിക്കും. എനിക്ക് പ്രതീക്ഷയുണ്ട്.

Content Highlights: lady police officer shares her experience about her duty, Women