ചുരുങ്ങിയ പ്രായത്തിനുള്ളിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് ടിവി താരവും മോഡലും സംരംഭകയുമൊക്കെയായ കെയ്ലി ജെന്നർ. ഇരുപത്തിയൊന്നാം വയസ്സിലാണ് ‘സ്വന്തം നിലയിൽ ശത കോടീശ്വരിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി’ എന്ന നേട്ടം കെയ്ലി സ്വന്തമാക്കിയത്. ഇപ്പോഴിതാ ഇരുപത്തിനാലാം വയസ്സിൽ ഇൻസ്റ്റാ ഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സിനെ നേടിയ വനിതയെന്ന നേട്ടവും കെയ്ലിക്ക് സ്വന്തം.

‌ഇൻസ്റ്റാ ഗ്രാമിൽ 300 മില്യൺ ഫോളോവേഴ്സിനെ നേടുന്ന ആദ്യവനിതയാണ് കെയ്ലി. ഇൻസ്റ്റാ ഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുണ്ടായിരുന്ന വനിതയായ അരിയാന ​ഗ്രാന്റിനെ പിന്തള്ളിയാണ് കെയ്ലി മുന്നേറിയിരിക്കുന്നത്. 289 മില്യൺ ഫോളോവേഴ്സാണ് അരിയാനയ്ക്കള്ളത്. 

ഫോളോവേഴ്സിന്റെ കാര്യത്തിൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തൊട്ടുപുറകിലാണ് കെയ്ലി. 386 മില്യൺ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോക്കുള്ളത്. ഇൻസ്റ്റാ​ഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള താരവും ക്രിസ്റ്റ്യാനോ തന്നെ. 

സാമൂഹികമാധ്യമത്തിൽ അധികം സജീവമാകാതെ ഇരിക്കുന്നതിനിടെയാണ് കെയ്ലിയുടെ ഈ നേട്ടമെന്നതും ശ്രദ്ധേയം. റാപ്പറായ ട്രാവിസ് കോർട്ടർ ആണ് കെയ്ലിയുടെ പങ്കാളി. രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭം ധരിച്ചിരിക്കുകയാണ് കെയ്ലി. നവംബറിൽ അസ്ട്രോവേൾഡ് മ്യൂസിക് ഫെസ്റ്റിവലിനു പിന്നാലെ കെയ്ലി സമൂഹമാധ്യമത്തിൽ നിന്ന് അകലം പാലിച്ചിരുന്നു. റാപ്പർ ട്രാവിസ് സ്‌കോട്ട് ഹൂസ്റ്റണിൽ സംഘടിപ്പിച്ച ആസ്ട്രോവേൾഡ് ഫെസ്റ്റിവലിലെ തിക്കിലും തിരക്കിലും 8 പേർ മരിച്ചതും 300 ലേറെ പേർക്ക് പരിക്കേറ്റതും വലിയ ചർച്ചയായിരുന്നു. എൻആർജി പാർക്കിൽ ട്രാവിസ് സ്‌കോട്ടിന്റെ പരിപാടികാണാൻ 50000 ലേറെ ആളുകളാണ് തടിച്ച് കൂടിയിരുന്നത്. സംഭവസ്ഥലത്തു നിന്ന് വീഡിയോ കെയ്ലി ജെന്നറിനെതിരേ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം ഉയരുകയും ചെയ്തിരുന്നു. 

പിന്നീട് ഇക്കഴിഞ്ഞ ക്രിസ്മസിനാണ് കെയ്ലി വീണ്ടും സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചത്. അമ്മ ക്രിസ് ജെന്നറിനൊപ്പമുള്ള ചിത്രമാണ് അന്ന് കെയ്ലി പങ്കുവെച്ചത്. തുടർന്ന് ​ഗർഭകാല ഫോട്ടോഷൂട്ടിൽ നിന്നുള്ള മറ്റു രണ്ടു ചിത്രങ്ങളും പങ്കുവെച്ചിരുന്നു. 

നേരത്തേ ഇൻസ്റ്റാ​ഗ്രാമിൽ ഏറ്റവുമധികം ലൈക് ലഭിച്ച ചിത്രം എന്ന നേട്ടവും കെയ്ലി സ്വന്തമാക്കിയിരുന്നു. 2018ൽ മകൾ സ്റ്റോമിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോൾ 18,3 മില്യൺ ലൈക്കാണ് കെയ്ലിക്ക് ലഭിച്ചത്. 

2020ൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയിട്ടുള്ള സെലിബ്രിറ്റി എന്ന നേട്ടവും കെയ്ലി നേടിയിരുന്നു. ഫോർബ്‌സ് മാസികയുടെ കണക്കുകൾ പ്രകാരം 2020ൽ 590 മില്യൺ ഡോളറായിരുന്നു കെയ്ലിയുടെ സമ്പാദ്യം. 

Content Highlights: kylie jenner, instagram followers, instagram record, kylie cosmetics, cristiano ronaldo