ശ്രീകാര്യം: മലയാള സിനിമയിലെ ‘ദുഃഖ പുത്രി’ ശാരദയെ അനുകരിച്ച് ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയയായ ലക്ഷ്മി അതേ വേഷപ്പകർച്ചയോടെ വീണ്ടും കാര്യവട്ടത്ത് കുലുക്കി സർബത്ത് കച്ചവടത്തിനെത്തി. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം സർവകലാശാല കാമ്പസ് സജീവമായതോടെ ലക്ഷ്മിയുടെ സർബത്ത് വീണ്ടും വൈറലാകുകയാണ്.

അഞ്ചുവർഷമായി കാര്യവട്ടം കാമ്പസിനു മുന്നിലെ റോഡുവക്കിൽ കുലുക്കി സർബത്തു വിൽപ്പനയുമായി ലക്ഷ്മിയുണ്ട്. ശാരദയുടെ കടുത്ത ആരാധികയായ ലക്ഷ്മി അതേ വേഷത്തിലാണ് കച്ചവടം നടത്തുന്നത്. ജീവിതപ്രാരബ്ധങ്ങളുടെ നടുവിൽ മൂന്ന് മക്കളെ വളർത്താനാണ് കുലുക്കി സർബത്ത് വിൽപ്പനയുമായി കാര്യവട്ടത്ത് എത്തിയത്.

വേഷം കണ്ട്‌ പലരും മറുനാടൻ തൊഴിലാളിയാണോയെന്ന് ചോദിച്ചിട്ടുണ്ടെന്ന് ലക്ഷ്മി പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു അഭിനേത്രി ആകണമെന്നത്. നൃത്തവും അഭിനയവും ഒരുപോലെ ഇഷ്ടമുള്ള ലക്ഷ്മിയുടെ വീഡിയോകൾ വൈറലായതോടെ കച്ചവടവും കൂടി.

ടിക് ടോക് നിരോധിച്ചതോടെ ഇൻസ്റ്റാഗ്രാമിലേക്കും ഫെയ്‌സ്ബുക്ക് റീൽസിലേക്കും ലക്ഷ്മി മാറി. ഇവിടെയും ഈ 38-കാരിയുടെ വീഡിയോകൾ വൈറലാണ്. ശാരദയെ നേരിട്ട് കാണണമെന്നും സിനിമയിൽ അഭിനയിക്കണമെന്നുമാണ് ആഗ്രഹം. മെഡിക്കൽ കോളേജ് പി.ടി. ചാക്കോ നഗറിൽ നന്ദനഭവനിലാണ് ലക്ഷ്മിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. കൂലിപ്പണിക്കാരനായ അനിൽകുമാറാണ് ഭർത്താവ്. മക്കൾ വിദ്യാർഥികളായ അനന്തകൃഷ്ണൻ, നന്ദുകൃഷ്ണൻ, ഐശ്വര്യ.

ലക്ഷ്മി കാര്യവട്ടത്ത് ശാരദയുടെ വേഷമണിഞ്ഞ് കുലുക്കി സർബത്ത് വിൽക്കുന്നു

Content Highlights: kulukki sarbath, actress sharada fan lakshmi