കൊച്ചി: കറുപ്പ് ഒരു പ്രതിരോധവും രാഷ്ട്രീയവുമാണ് ഈ ചിത്രങ്ങളില്‍. അത്രയേറെ തീക്ഷ്ണതയോടെ കറുപ്പിന്റെ വിവിധ ഭാവങ്ങളിലൂടെ ചിത്രങ്ങള്‍ കടന്നുപോകുന്നു. കറുപ്പ് വെറും നിറം മാത്രമല്ല, നിലപാട് കൂടിയാണെന്ന് ചിത്രങ്ങളിലൂടെ ലോകത്തോട് വിളിച്ചുപറയുകയാണ് കൃഷ്ണപ്രിയ എന്ന 20-കാരി. ഇരുണ്ട നിറത്തിന്റെ പേരില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവര്‍ക്ക് പ്രചോദനവുമാണ് കൃഷ്ണപ്രിയയുടെ 'കാപ്പികോ' എന്ന ഇന്‍സ്റ്റഗ്രാം പേജ്. ഈ പേജില്‍ കൃഷ്ണപ്രിയ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഏറെ കാഴ്ചക്കാരുണ്ട്. കുറച്ച് ചിത്രങ്ങളേ കൃഷ്ണപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളു. ചുരുങ്ങിയ കാലംകൊണ്ട് കാല്‍ലക്ഷത്തോളം ഫോളോവേഴ്സിനെ നേടിയത് ചിത്രങ്ങള്‍ പറയുന്ന കറുപ്പിന്റെ രാഷ്ട്രീയം കൊണ്ടുകൂടിയാണ്.

തുടക്കം വ്യത്യസ്തതയ്ക്കു വേണ്ടി

എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിലെ ബി.കോം. വിദ്യാര്‍ഥിനിയാണ് കൃഷ്ണപ്രിയ. രണ്ടു വര്‍ഷം മുമ്പ് കൗതുകത്തിനാണ് ഇന്‍സ്റ്റയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. പുല്ലും പൂക്കളും മരവുമൊക്കെയായിരുന്നു തുടക്കം. കറുപ്പിലും ഇളം നിറങ്ങളിലും എടുത്ത ചിത്രങ്ങള്‍ നല്ലതാണെന്ന് കൂട്ടുകാരാണ് ആദ്യം പറഞ്ഞത്. കൂടുതല്‍ ചിത്രങ്ങളെടുക്കാനും അവര്‍ പ്രോത്സാഹിപ്പിച്ചു. കുറേ ചിത്രങ്ങള്‍ അവര്‍ തന്നെ എടുത്തുതന്നു. ഫൊട്ടോഗ്രഫിയോടും മോഡലിങ്ങിനോടും ഇഷ്ടമുണ്ടെന്നതില്‍ കവിഞ്ഞ് മറ്റൊരു രാഷ്ട്രീയവും താത്പര്യവും അന്നില്ലായിരുന്നു. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ എടുത്തു തുടങ്ങിയത്. ചിത്രങ്ങള്‍ക്ക് സ്വീകാര്യത കൂടിയതോടെയാണ് സംഭവം സീരിയസായതെന്ന് കൃഷ്ണപ്രിയ പറയുന്നു.

കാപ്പികോ പേജ്

''ചെറുപ്പം മുതലേ കറുത്ത നിറത്തിന്റെ പേരില്‍ കളിയാക്കലുകള്‍ കേട്ടിട്ടുണ്ട്. സമൂഹത്തിന്റെ സ്വാഭാവിക പ്രതികരണം എന്നേ കരുതിയിരുന്നുള്ളു. പക്ഷേ, നിരവധി പേര്‍ ചിത്രങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോഴാണ് നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍ ഒരുപാടുപേരുണ്ടെന്ന് മനസ്സിലായത്. അവരോടുള്ള ഐക്യപ്പെടലായി എന്റെ ചിത്രങ്ങള്‍ ഞാനറിയാതെ തന്നെ മാറുകയായിരുന്നു. കറുപ്പിലും ഇരുളിലും നിറയുന്ന എന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി 'കാപ്പികോ' എന്ന പേരില്‍ ഇന്‍സ്റ്റ അക്കൗണ്ടിലേക്ക് മാറുന്നത് അങ്ങനെയാണ്. ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ഷേഡുകളിലെടുത്ത ചിത്രങ്ങളാണ് കൂടുതല്‍. റീലുകളിലും ഹൈലൈറ്റ്സിലും കളര്‍ ചിത്രങ്ങളുമുണ്ട്. പൂര്‍ണിമ ഇന്ദ്രജിത്ത് അടക്കം നിരവധി പേര്‍ വിളിച്ച് അഭിനന്ദിച്ചു''.

മോഡലിങ്ങിനെ ഗൗരവത്തോടെ കാണാനാണ് തീരുമാനമെന്ന് കൃഷ്ണപ്രിയ പറയുന്നു. തന്റെ ചിത്രങ്ങള്‍ കണ്ട് ആത്മവിശ്വാസം കിട്ടിയെന്ന് കുറച്ചുപേരെങ്കിലും പറയുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്ന് കൃഷ്ണപ്രിയയുടെ വാക്കുകള്‍. വൈറ്റില തിലകന്‍-സേതുലക്ഷ്മി ദമ്പതിമാരുടെ മകളാണ്.

Content Highlights: Krishnapriya shares her political statement through her photos