ജീവിതപ്രാരാബ്ധങ്ങളുമേന്തി ലോട്ടറി കച്ചവടക്കാരിയായി തെരുവിലേക്കിറങ്ങിയിരിക്കുകയാണ് പതിനെട്ടുവയസ്സുകാരി കൃഷ്ണപ്രിയ. പക്ഷാഘാതത്തോടും ജീവിതത്തോടും പോരാടി അച്ഛന്‍ രമേശ് വാസുദേവന്‍ ലോട്ടറി ടിക്കറ്റുമായി റോഡിലേക്കിറങ്ങുമ്പോള്‍ തളര്‍ന്നുപോയ ഇടത് കൈക്ക് താങ്ങായി ഈ മകളുമുണ്ട്. പ്ലസ് ടു പൂര്‍ത്തിയാക്കി, ബി.എസ്.സി നേഴ്‌സിങ്ങിന് ചേരാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് ഈ മിടുക്കി ഇപ്പോള്‍. പഠിക്കണം, ജോലി നേടണം, വാടക വീടുകള്‍ തേടിയുള്ള ഓട്ടം അവസാനിപ്പിക്കണം, അച്ഛന് നല്ല ചികിത്സ നല്‍കണം. പതിനെട്ടുവയസ്സുകാരിയുടെ മോഹങ്ങള്‍ക്ക് അവളേക്കാള്‍ പക്വതയുണ്ട്..

കോവിഡ് കാലം ഞങ്ങളെ ഇങ്ങനെയാക്കി.. 

17 വര്‍ഷം എറണാകുളത്ത് ടൂറിസ്റ്റ് ബസ്സിലെ ഡ്രൈവറായിരുന്നു അച്ഛന്‍. അമ്മ കവിത. ഞങ്ങള്‍ മൂന്ന് മക്കളാണ്. എനിക്കൊരു ചേച്ചിയും അനിയനുമുണ്ട്. വാടകവീട്ടിലാണ് താമസമെങ്കിലും സമാധാനത്തോടെയും സന്തോഷത്തോടേയും ജീവിക്കുന്നതിനിടെയാണ് കോവിഡ് പിടിച്ചത്. അച്ഛനും അച്ഛനും അമ്മയ്ക്കും എനിക്കും കോവിഡ് വന്നു. അച്ഛന് രോഗം ഗുരുതരമായിപ്പോയി. കോവിഡ് മാറിയതിന്റെ കൂടെ പക്ഷാഘാതവും വന്നു. ഇടത് കൈക്കും കാലിനും സ്വാധീനം കുറഞ്ഞു. പിന്നെ സ്ഥിരം ചെയ്യുന്ന ഡ്രൈവര്‍ ജോലി ചെയ്യാന്‍ പറ്റാതെ ആയി. അമ്മ ബ്യൂട്ടീഷനായിരുന്നു. കോവിഡ് ആയതുകൊണ്ട് ആ ജോലി നഷ്ടപ്പെട്ടു. പിന്നെ ഉള്ളത് പഠിക്കുന്ന ഞങ്ങള്‍ മൂന്നുപേരാണ്. വരുമാനം നിലച്ചു. അച്ഛന്റെ ചികിത്സയ്ക്ക് മുടക്കം വന്നു. ദിവസച്ചെലവിന് പോലും കാശില്ലാതെ കഷ്ടപ്പെട്ട ദിവസങ്ങളായിരുന്നു അത്. സാമ്പത്തിക പ്രശ്‌നവും രോഗവും അച്ഛനേയും തളര്‍ത്തി. ആരോടും മിണ്ടാതെ വീട്ടില്‍ ഒതുങ്ങിയിരിക്കുകയായിരുന്നു അന്നൊക്കെ അച്ഛന്‍. ഡിപ്രഷന്റെ സ്റ്റേജ് ആയിരുന്നു അത്. അതുകൂടി ആയപ്പോഴേക്കും കുടുംബം മുഴുവനായി തകര്‍ന്ന പോലെയായി. 

krishnapriya family
കൃഷ്ണപ്രിയ കുടുംബത്തോടൊപ്പം

ജീവിതം പച്ചപിടിപ്പിക്കാന്‍ ലോട്ടറി കച്ചവടത്തിലേക്ക്

സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ടും രോഗങ്ങള്‍ കൊണ്ടും അച്ഛന്‍ മാനസികമായി തളര്‍ന്നിരുന്നു. സംസാരിക്കാന്‍ പോലും മടിച്ചു. അങ്ങനെയിരിക്കെ ഇങ്ങനെയിരുന്നാല്‍ ശരിയാവില്ല, ചെറിയ ജോലി എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞ് അച്ഛന്റെ സുഹൃത്താണ് കുറച്ച് ലോട്ടറി ടിക്കറ്റുകള്‍ കൊണ്ടുത്തന്നത്. വില്‍ക്കാന്‍ പറ്റുമോ എന്ന് നോക്ക്, ഒരു ജോലിയുമാവും, വരുമാനവും കിട്ടും. മനസ്സിനും ശരീരത്തിനും കുറച്ച് എനര്‍ജി കിട്ടുമെന്നു പറഞ്ഞു. അങ്ങനെ അച്ഛന്‍ ലോട്ടറി ടിക്കറ്റുമായി പോവാന്‍ തുടങ്ങി. ആദ്യത്തെ ഒന്നുരണ്ട് ദിവസം കൊണ്ട് പോയി നോക്കിയപ്പോള്‍ വലിയ പ്രശ്‌നമൊന്നും തോന്നിയില്ല. വാങ്ങിയ ടിക്കറ്റ് മുഴുവനും വിറ്റുപോയി. ചെറിയ വരുമാനവും കിട്ടി. ഏറ്റവും സന്തോഷും കൈക്കും കാലിനും സ്വാധീനം കുറവുള്ള അച്ഛന് ലോട്ടറിയുമായി സ്ഥിരമുള്ള നടത്തം കൊണ്ട ചെറിയ മാറ്റമുള്ളത് പോലെ തോന്നി. അച്ഛന്‍ കുറച്ചുകൂടി എനര്‍ജറ്റിക്ക് ആയി, സംസാരിക്കാന്‍ തുടങ്ങി. പിന്നെ വയ്യാത്ത അവസ്ഥയില്‍ ഒറ്റയ്ക്ക് വിടേണ്ടെന്ന് കരുതിയാണ് ഞാനും കൂടെ പോയിത്തുടങ്ങിയത്. ഒരു മാസമായി ഇപ്പോള്‍ ലോട്ടറി വില്‍പന തുടങ്ങിയിട്ട്. ആലുവ പുളിഞ്ചോടിലും ആ പരിസരത്തുമാണ് ലോട്ടറി വില്‍ക്കുന്നത്. അമ്മ ഇപ്പോള്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സിന് പോകുന്നുണ്ട്. ചേച്ചിക്ക് ക്ലാസ്സുണ്ടാവും. അനിയന്‍ ആറാം ക്ലാസ്സിലാണ് വീട്ടില്‍ ആരും ഇല്ലാത്തതുകൊണ്ട് എനിക്ക് രാവിലെ പോകാന്‍ കഴിയില്ല. അതുകൊണ്ട് വൈകുന്നേരം മാത്രമാണ് ഞാന്‍ അച്ഛന്റെ കൂടെ പോവുക. 

ലോട്ടറി വില്‍ക്കാനായി അച്ഛന്റെ കൂടെ പോവുമ്പോള്‍ ആളുകള്‍ക്ക് സ്‌നേഹമാണ്. ലോട്ടറി വാങ്ങാത്ത പലരും ഞങ്ങളെ കാണുമ്പോള്‍ ലോട്ടറി വാങ്ങും. ചിലര്‍ വാങ്ങിയിട്ട് ലോട്ടറി തിരിച്ചുതരും. ചിലര്‍ പൈസ തന്ന് സഹായിക്കും. വൈകുന്നേരം 6 മണി മുതല്‍ രാത്രി 9 മണി വരെയാണ് ലോട്ടറി വില്‍ക്കുന്നത്. ഇതുവരെ മോശം അനുഭവം ഒന്നും ഉണ്ടായിട്ടില്ല. എല്ലാവരും കരുണയോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ എന്നോട്. നമ്മുടെ അവസ്ഥ ഇതാണെന്നൊക്കെ എല്ലാര്‍ക്കും മനസ്സിലാവുന്നുണ്ട്. 

രഞ്ചു രഞ്ചിമാര്‍, ജീവിതം മാറ്റിയ കൂടിക്കാഴ്ച

ഒരു ദിവസം രാത്രി ലോട്ടറി വില്‍ക്കുന്നതിനിടെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ചു രഞ്ചുമാറിനെ കണ്ടത്. ഞാന്‍ അങ്ങോട്ട് പോയി സംസാരിക്കുകയായിരുന്നു. രാത്രി സമയമാണ്. അച്ഛനൊപ്പം ഞാന്‍ ലോട്ടറി വില്‍ക്കുന്നത് കണ്ടപ്പോള്‍ അവര്‍ക്ക് ഭയങ്കര വിഷമം തോന്നുന്നുവെന്ന് പറഞ്ഞു. എന്റെ കയ്യില്‍ ബാക്കിയുണ്ടായിരുന്ന ഒമ്പത് ടിക്കറ്റും അന്ന് അവര്‍ വാങ്ങി. എന്റെ കാര്യങ്ങളെല്ലാം ചോദിച്ചു. കൂടെ സെല്‍ഫി എടുത്തു. അന്ന് രാത്രി ഫെയ്‌സ്ബുക്കില്‍ എന്നെക്കുറിച്ച് ഒരു പോസ്റ്റ് അവര്‍ ഇട്ടിരുന്നു. അതില്‍ അച്ഛന്റെ നമ്പറും കൊടുത്തു. പോസ്റ്റില്‍ അച്ഛന്റെ നമ്പറും ഉണ്ടായിരുന്നു. ഒരുപാട് ആളുകള്‍ അതുകണ്ട് വിളിച്ചു. സഹായിക്കാമെന്ന് ചിലര്‍ പറഞ്ഞു. സന്തോഷവും അഭിനന്ദനവുമെല്ലാം അറിയിച്ചു ചിലര്‍. ഇപ്പോള്‍ നല്ല സന്തോഷം തോന്നുന്നുണ്ട്. 

രഞ്ചു രഞ്ചിമാര്‍ ചേച്ചിക്ക് വിറ്റ ടിക്കറ്റില്‍ മൂന്ന് എണ്ണത്തിന് രണ്ടായിരം രൂപ വീതം സമ്മാനം കിട്ടിയിരുന്നു. അടുത്ത ദിവസം അവര്‍ ആ ടിക്കറ്റ് എനിക്ക് തന്നെ തന്നു. എന്റെ കൈയില്‍ നിന്ന് പിന്നേയും എട്ട് ടിക്കറ്റ് വാങ്ങി. പോസ്റ്റ് കണ്ടിട്ട് എന്റെ പഠനം സ്‌പോണ്‍സര്‍ ചെയ്യാമെന്ന് പറഞ്ഞിട്ട് പലരും വന്നിട്ടുണ്ട്. വിളിക്കുന്നവരെല്ലാം എന്റെ മോളെപ്പോലെയാണ്, അല്ലെങ്കില്‍ സഹോദരിയെപ്പോലെയാണ് എന്നൊക്കെയാണ് പറയുന്നത്. എല്ലാവരോടും സ്‌നേഹം മാത്രമാണ്. എന്റെ സുഹൃത്തുക്കള്‍ പോലും ഇപ്പോഴാണ് ഞാന്‍ ലോട്ടറി വില്‍ക്കാന്‍ പോകുന്നുണ്ടെന്നൊക്കെ അറിയുന്നത്. 

krishnapriya
കൃഷ്ണപ്രിയ രഞ്ചു രഞ്ചിമാറിനൊപ്പം

പഠനം, വീട്.. സ്വപ്‌നങ്ങള്‍ അനവധി

ഓര്‍മവെച്ച കാലം മുതല്‍ വാടകവീട് തേടിയുള്ള ഓട്ടമാണ്. ഒരു മാസം മുന്‍പാണ് ഇപ്പോള്‍ താമസിക്കുന്ന വീട്ടിലെത്തിയത്. ഇതിന് ഒരു അവസാനം ഉണ്ടാക്കണം. പഠിച്ച് ഒരു ജോലി വാങ്ങണം. അച്ഛന്റെ ചികിത്സ നടത്തണം. സമാധാനത്തോടെ ജീവിക്കണം അതൊക്കെയാണ് ആഗ്രഹം. നേഴ്‌സിങ്ങിന് രജിസ്റ്റര്‍ ചെയ്തിരുന്നു. അടുത്ത മാസം റാങ്ക് ലിസ്റ്റ് വരും. അതിന്റെ ഇടയ്ക്ക് ചില കോളേജുകാരും പഠനം സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. പഠനം നല്ല രീതിയില്‍ പൂര്‍ത്തിയാക്കണം എന്നുണ്ട് ഞങ്ങള്‍ മൂന്നുപേര്‍ക്കും.