കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് തട്ടിയെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് വീണ്ടെടുത്ത കുഞ്ഞിന് അജയ്യ എന്നുപേരിട്ടു. കുഞ്ഞിന് ഈ പേരിട്ടുകൂടെയെന്ന് എസ്.ഐ. റെനീഷ് ചോദിച്ചപ്പോള്‍ അച്ഛനമ്മമാര്‍ സമ്മതിക്കുകയായിരുന്നു.

പോരാട്ടങ്ങളെ അതിജീവിച്ചവള്‍ എന്ന അര്‍ഥത്തിലാണ് ആ പേരുനല്‍കിയത്. അച്ഛന്‍ ശ്രീജിത്ത്, പോരാട്ടങ്ങളെ അതിജീവിച്ചുവന്ന മകളെക്കുറിച്ച് പറഞ്ഞപ്പോഴാണ് റെനീഷ് പേര് നിര്‍ദേശിച്ചത്. പോലീസ് സംഘം, ഡിവൈ.എസ്.പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലെത്തി ദമ്പതിമാര്‍ക്ക് ഉപഹാരം നല്‍കി. ദമ്പതിമാര്‍ പോലീസ് സ്റ്റേഷനിലെത്തി പോലീസുകാര്‍ക്ക് കേക്കും ലഡുവും വിതരണംചെയ്ത് സന്തോഷം അറിയിച്ചു.

'ഇത് ഞങ്ങള്‍ക്ക് അഭിമാന നിമിഷമാണ്,' -ഗാന്ധിനഗര്‍ എസ്.ഐ. റെനീഷ് മാധ്യമങ്ങളോട് ഇത് പറയുമ്പോള്‍ പരിസരം നിറഞ്ഞുനിന്ന കാക്കിധാരികള്‍ക്കെല്ലാം ആനന്ദക്കണ്ണീര്‍. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് കാണാതായ കുഞ്ഞിനെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തിയ സംഘത്തില്‍ പ്രധാന പങ്കുവഹിച്ച ആളായിരുന്നു റെനീഷ്. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ പോലീസ് അസോസിയേഷന്റെ മധുരവിതരണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാഴാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രസവചികില്‍സാ വിഭാഗത്തില്‍നിന്നാണ് വണ്ടിപ്പെരിയാര്‍ സ്വദേശികളായ ശ്രീജിത്ത്-അശ്വതി ദമ്പതിമാരുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നത്. കുഞ്ഞുമായി അച്ഛനും അമ്മയും ശനിയാഴ്ച വീട്ടിലേക്ക് മടങ്ങി.

Content Highlights: kottayam medical college child missing case police named her Ajayya