കൊച്ചി പഴയ കൊച്ചിയല്ലായിരിക്കും പക്ഷേ, ഞാന്‍  അന്നും ഇന്നും ഒന്ന് തന്നെയാണ്'...  പുഞ്ചിരിയോടെ പറയുകയാണ് ഷീന ജയ്‌മോന്‍. ആറ് വര്‍ഷമായി കൊച്ചിയുടെ തിരക്കില്‍ വെയിലിലും തണുപ്പിലും വാഹനങ്ങളെ നിയന്ത്രിക്കുകയാണ് ഈ ട്രാഫിക് ഗാര്‍ഡ്. എത്ര വലിയ ട്രാഫിക് ബ്ലോക്കിലും ഈ ഒറ്റയാള്‍ പട്ടാളംതന്നെ മതി അത് നീക്കാന്‍. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടമാണ് ഇടപ്പള്ളി. അവിടെയാണ് ഷീന അനായാസം ജോലി ചെയ്യുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ഇടപ്പള്ളി പള്ളിക്ക് മുന്നില്‍. കൂറ്റന്‍ മെട്രോ പില്ലറുകളുടെ ഇടയിലൂടെ പള്ളിയിലേക്കും ലുലുവിലേക്കും വാഹനനിരയ്ക്ക് കടന്നുപോകണമെങ്കില്‍ പളളിക്കരക്കാരിയായ ഷീന പച്ചക്കൊടി വീശുകതന്നെ വേണം.

ജോലിയുടെ തുടക്കം

പത്രത്തില്‍ വന്ന പരസ്യം കണ്ടാണ് ട്രാഫിക് ജോലിക്ക് അപേക്ഷിച്ചത്. ആദ്യം തന്നെ ഇടപ്പള്ളി പള്ളിയുടെ മുമ്പിലായിരുന്നു പോസ്റ്റിങ്. ഇപ്പോള്‍ ആറ് വര്‍ഷത്തോളമായി ഇവിടെ. അതുകൊണ്ട് ഇടപ്പള്ളിയില്‍ ഒരില അനങ്ങിയാല്‍ താന്‍ അറിയുമെന്ന് ഷീന പറയുന്നു. ഇവിടെ എന്തു പ്രശ്‌നം വന്നാലും അത് എങ്ങനെ പരിഹരിക്കമെന്ന് കൃത്യമായി ഷീനയ്ക്ക് അറിയാം. രാവിലെ 8.30ന് ജോലിക്ക് കയറിയാല്‍ നാലുവരെ പൊടിക്കും തിരക്കിനുമിടയില്‍ത്തന്നെ. തിരുനാള്‍ പോലെയുള്ള വിശേഷദിവസങ്ങളിലും തിരക്ക് അനുസരിച്ച് ജോലിചെയ്യേണ്ടി വരും. മുന്നില്‍ വരുന്ന ആള്‍ ആരാണെങ്കിലും അവരുടെ സുരക്ഷിതത്വം നമ്മുടെയും ഉത്തരവാദിത്വമാണ്. ഈ ജോലി എന്നും അഭിമാനത്തോടും അന്തസോടും മാത്രമാണ് ചെയ്യുന്നതെന്ന് ഷീന പറയുന്നു.  

ആറുവര്‍ഷം ഒറ്റനില്‍പ്പ്

ജോലിക്കു പ്രവേശിച്ചപ്പോള്‍ ഒരിക്കലും പ്രതീക്ഷിരുന്നില്ല ഇത്രയും നാള്‍ ചെയ്യാനാകുമെന്ന്. ഈ പള്ളിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ പ്രത്യേക ഊര്‍ജം തന്നെയാണ് പുണ്യാളന്‍ തനിക്ക് തരുന്നതെന്ന് ഷീന പറയുന്നു. രാപകലില്ലാതെയുള്ള കഠിനാദ്ധ്വാനം ശ്രദ്ധയില്‍പ്പെട്ടതോടെ പള്ളിയിലെ കൈക്കാരന്‍മാരും പള്ളിവികാരിയും ചേര്‍ന്ന് പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി ഷീനയെ ഇടപ്പള്ളി പള്ളിയുടെ മുന്നില്‍ സ്ഥിരമാക്കുകയും ചെയ്തു. ഷീനയുടെ പേരില്‍ നാളിതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ല. തിരക്കുകളെല്ലാം നിസ്സാരമായി പരിഹരിക്കാന്‍ കഴിവുള്ളതുകൊണ്ട് 'ട്രാഫിക്കിലെ പുലിക്കുട്ടി' എന്നാണ് ഷീന അറിയപ്പെടുന്നത്. കുടുംബാംഗങ്ങളുടെ പിന്തുണകൊണ്ടാണ് ഈ പ്രായത്തിലും ജോലിക്ക് എത്താന്‍ കഴിയുന്നതെന്നാണ് ഷീന പറയുന്നത്. 

അനുഭവം

ഓരോ ദിവസവും കടന്നുപോകുന്നത് ഓരോ തരത്തിലുളള ജീവിതാനുഭവത്തിലൂടെയാണ്. ജോലിയില്‍ നല്ല ജാഗ്രതവേണം. കൂടാതെ, നല്ല നിരീക്ഷണവും പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് പെട്ടെന്ന് തീര്‍പ്പാക്കാനുള്ള കഴിവും വേണം. ജോലിക്കിടയിലെ മറക്കാന്‍ സാധിക്കാത്ത ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒരു ദിവസം വഴിയില്‍ നിന്ന് ഒരു പെണ്‍കുട്ടി പരുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു. ചോദിച്ചപ്പോള്‍ മരിക്കാനിറങ്ങിയതാണെന്നായിരുന്നു മറുപടി. കുട്ടിയോട് സമാധാനമായി കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി വീട്ടുകാരെ അറിയിക്കുകയും വീട്ടില്‍ സുരക്ഷിതയായി എത്തിക്കുകയും ചെയ്തു ഷീന പറയുന്നു. 
റോഡില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് അപകടകാരികളെന്നാണ് അനുഭവങ്ങളില്‍നിന്ന് ഷീന പറയുന്നത്.
 
നമ്മള്‍ ജീവന്‍ പണയംവച്ചാണ് റോഡില്‍ നില്ക്കുന്നതെന്ന ധാരണപോലുമില്ലാതെയുള്ള ചില പെരുമാറ്റങ്ങള്‍. മറ്റു ജോലികളെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഏറെ ബുദ്ധമുട്ടുള്ള ജോലിയാണിത്. വെയിലായാലും വെള്ളപ്പൊക്കമായാലും ജോലിക്കെത്തണം. കൂടാതെ, ശാരീരകമായി ഏറെ പ്രയാസങ്ങളും അനുഭവിക്കേണ്ടിവരും. എത്ര പ്രയാസഘട്ടമാണെങ്കിലും യാത്രക്കാരുടെ മുഖത്തേക്ക് നോക്കുമ്പോള്‍ പ്രതീക്ഷയുടെ മറ്റൊരു ലോകം കാണാന്‍ കഴിയും... അതാണ് തന്റെ ആത്മവിശ്വാസത്തിന്റെ രഹസ്യമെന്നും ഷീന പറയുന്നു.