ബിടൗണ്‍ മാത്രമല്ല തെന്നിന്ത്യയും നിറഞ്ഞാടിയ താരറാണി ശ്രീദേവിയുടെ മക്കള്‍ എന്ന രീതിയിലാണ് ജാന്‍വി കപൂറും ഖുഷി കപൂറും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നത്. ജാന്‍വി ധടക് എന്ന ചിത്രത്തിലൂടെ അമ്മയുടെ പാത പിന്തുടരുകയും ചെയ്തു. വെള്ളിത്തിരയില്‍ ഇല്ലെങ്കിലും ഖുഷിയുടെ വിശേഷങ്ങളും സമൂഹമാധ്യമത്തില്‍ നിറയാറുണ്ട്. ഇപ്പോഴിതാ സിനിമയിലെത്തും മുമ്പെ തനിക്ക് ലഭിച്ച സ്വീകാര്യതയെക്കുറിച്ചും നെഗറ്റീവ് കമന്റുകളെക്കുറിച്ചുമൊക്കെ പ്രതികരിക്കുകയാണ് ഖുഷി. 

പത്തൊമ്പതു വയസ്സുള്ള സാധാരണ പെണ്‍കുട്ടിയാണ് താന്‍. താനൊന്നും ചെയ്യാതിരുന്നിട്ടും ജനങ്ങളുടെ സ്വീകാര്യത കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ തന്നെ അലോസരപ്പെടുത്താറുണ്ടെന്നും ഖുഷി പറയുന്നു. 

ചെറിയ പ്രായത്തില്‍ തന്നെ ആളുകളുടെ വിമര്‍ശനം കേള്‍ക്കുന്നത് തന്നില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെന്നും ഖുഷി പറയുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ക്വാറന്റൈന്‍ ടേപ്‌സ് എന്ന വീഡിയോയിലൂടെയാണ് ഖുഷി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. 

'' അല്‍പം നാണംകുണുങ്ങിയായ വിമുഖതയുള്ള പെണ്‍കുട്ടിയാണ് ഞാന്‍. ചിലപ്പോഴൊക്കെ ആളുകളുടെ വെറുപ്പാണ് ലഭിക്കുന്നത്. ഇതാണ് ഞാന്‍ എന്ന് ജനങ്ങള്‍ അറിയണമെന്നുണ്ട്. പക്ഷേ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ല. അതില്‍ നിന്ന് എന്റെ അരക്ഷിതാവസ്ഥയും ആത്മാഭിമാന പ്രശ്‌നങ്ങളും ഉടലെടുക്കും. ഞാന്‍ എന്റെ അമ്മയെപ്പോലെയോ ചേച്ചിയേപ്പോലെയോ അല്ല കാണാന്‍. അതുകൊണ്ട് ചിലപ്പോഴൊക്കെ ആളുകള്‍ എന്നെ കളിയാക്കുന്നതുകാണാം.''- ഖുഷി പറയുന്നു. 

ജീവിതം നീട്ടിയ വെല്ലുവിളികളോട് പൊരുതുന്ന ആളുകളെ ചിരിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ് താന്‍. അവനവനില്‍ ആത്മാര്‍ഥമായി ഇരിക്കുക, നമ്മളായി തന്നെ ഇരിക്കുക എന്നതിലാണ് താന്‍ വിശ്വസിക്കുന്നതെന്നും ഖുഷി പറയുന്നു.

Content Highlights: Khushi Kapoor On Receiving Hate