ചില ചെറിയ നന്മകള്‍ പലപ്പോഴും വലിയ സന്തോഷങ്ങള്‍ നല്‍കാറുണ്ട്. അത്തരമൊരു അനുഭവമാണ് യു,കെ സ്വദേശിനിയായ അമ്മയ്ക്കും അവരുടെ ഓട്ടിസം ബാധിച്ച മകള്‍ക്കും പങ്കു വയ്ക്കാനുള്ളത്. കെ.എഫ്.സി ഔട്ട്‌ലെറ്റിലെ ഒരു ജീവനക്കാരിയുടെ നന്മയാണ് ഈ അമ്മയുടെയും മകളുടെയും ഒരു ദിവസത്തെ സന്തോഷം നിറഞ്ഞതാക്കിയത്. സംഭവം അമ്മ തന്നെയാണ് ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.

ലോറന്‍ ക്ലെര്‍ക്കും അമ്മയും ഭിന്നശേഷിക്കാരിയായ മകള്‍ മാഡിസണും മാഞ്ചെസ്റ്ററിലെ ഒരു സൂപ്പര്‍മാര്‍ക്കെറ്റില്‍ ഷോപ്പിങ്ങിനായി എത്തിയതാണ്. മകള്‍ മാഡിസണിന് സംസാരശേഷിയില്ലെന്ന് മാത്രമല്ല ചെറിയകാര്യങ്ങള്‍ പോലും അവളെ വല്ലാതെ അസ്വസ്ഥമാക്കുമെന്ന് ലോറന്‍ തന്റെ അനുഭവക്കുറിപ്പില്‍ പറയുന്നു. കടയില്‍ സാധനങ്ങള്‍ വാങ്ങാനുള്ള നില്‍പ് മാഡിസണെ ബോറടിപ്പിക്കും എന്ന് തോന്നിയപ്പോള്‍ ലോറന്‍ കാര്യങ്ങള്‍ തന്റെ അമ്മയെ ഏല്‍പിച്ച് മകളുമായി പുറത്തിറങ്ങി. തൊട്ടടുത്ത കെ.എഫ്.സി ഔട്ട്‌ലെറ്റില്‍ നിന്ന് മാഡിസണ് ഭക്ഷണം വാങ്ങിനല്‍കാം എന്നാണ് ലോറന്‍ കരുതിയത്. പക്ഷേ അവിടെ ഡ്രൈവ്-ഇന്‍ സൗകര്യം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അമ്മ സൂപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കുന്നതിനാല്‍ അതിന് ലോറെന് കഴിയുമായിരുന്നില്ല. എന്നാല്‍ മാഡിസണെ സങ്കടപ്പെടുത്തി തിരികെ വരാനും പറ്റുമായിരുന്നില്ല. രണ്ടും കല്‍പിച്ച് ലോറെന്‍ കടയിലേക്ക് വിളിച്ച് തങ്ങളുടെ വിഷമാവസ്ഥ പറഞ്ഞു. 

'എമ്മ എന്ന് പേരായ യുവതി ഡ്രൈവ് വേയിലൂടെ ഞങ്ങളോട് നടന്ന് വരാന്‍ ആവശ്യപ്പെട്ടു. അവര്‍ ഞങ്ങളുടെ ഓര്‍ഡര്‍ എടുക്കുകയും മാഡിസണോട് സ്‌നേഹ രൂപേണ സംസാരിക്കുകയും ചെയ്തു.' ലോറന്‍ കുറിക്കുന്നു. എന്നാല്‍ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞപ്പോഴാണ് പണം നല്‍കാനുള്ള കാര്‍ഡ് തന്റെ കൈയിലല്ല എന്ന് ലോറന് ഓര്‍മവന്നത്. വീണ്ടും വിഷമത്തിലായ ലോറന്റെ രക്ഷയ്ക്ക് എമ്മയെത്തി. എമ്മ സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കി മാഡിസണ് ഭക്ഷണം നല്‍കുകയായിരുന്നുവെന്നും ലോറന്‍ പറയുന്നു.  എപ്പോഴെങ്കിലും എമ്മയുടെ ആ നന്മയ്ക്ക് പ്രതിഫലം നല്‍കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും, പ്രത്യേക പരിചരണം ആവശ്യമുള്ള ഒരു കുഞ്ഞിന്റെ  കാര്യങ്ങള്‍ മനസ്സിലാക്കുക എന്നത് വലിയ മനസ്സാണെന്നും ലോറന്‍ കുറിച്ചു. 

നിരവധിപ്പേരാണ് എമ്മയുടെ വലിയ മനസ്സിനെ അഭിനന്ദിച്ച് ലോറന്റെ പോസ്റ്റിന് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.

Content Highlights: KFC employee wins praise for to help mother with autistic daughter