കൊച്ചി, ഇടപ്പള്ളി സിഗ്നലില്‍ ചൂടും പൊടിയുമൊന്നും വകവയ്ക്കാതെ മൊബൈല്‍ ഹോള്‍ഡറുകള്‍ വിറ്റിരുന്ന രാജസ്ഥാനി പെണ്‍കുട്ടി, ആസ്മാന്‍ എന്നാണ് അവളുടെ പേര്. അവളിന്ന് പ്രൊഫഷണല്‍ മോഡലുകളെ പോലും ഞെട്ടിച്ച ഫോട്ടോഷൂട്ടിലെ താരമാണ്.
മോഡലുകളും സിനിമാതാരങ്ങളും മാത്രമാണ് ഫാഷന്റെയും ഫോട്ടോഷൂട്ടുകളുടെയും സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് ചേരുന്നവര്‍ എന്ന ചിന്തയെ പൊളിച്ചെഴുതുക, സാധാരണക്കാര്‍ക്കിടയിലും ഇവരേക്കാള്‍ സൗന്ദര്യമുള്ളവര്‍ ഏറെയുണ്ടെന്ന് കാണിക്കുക, ഒരാളുടെ മേക്കോവര്‍ എങ്ങനെയാണെന്ന് ലോകത്തെ അറിയിക്കുക... സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി ആസ്മാനെ തന്റെ ക്യാമറയില്‍ പകര്‍ത്തിയതിന്റെ ലക്ഷ്യം ഇതൊക്കെയായിരുന്നു.
വെയിലേറ്റ് മങ്ങിയ മുഖത്ത് മേക്കപ്പ് ഇട്ട് പുത്തന്‍ വസ്ത്രങ്ങളുമണിഞ്ഞ് ക്യാമറയ്ക്ക് മുന്നിലെത്തിയതോടെ ആസ്മാന്‍ വേറൊരാളാവുകയായിരുന്നു. പോസുകളൊക്കെ ആദ്യം പറഞ്ഞുകൊടുക്കേണ്ടി വന്നെങ്കിലും പിന്നീടുള്ള ചിത്രങ്ങളില്‍ ഒരു പരിഭ്രമമുമില്ലാതെയാണ് ആസ്മാന്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നതെന്ന് ഫോട്ടോഗ്രാഫര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മഹാദേവന്‍ തമ്പി പങ്കുവച്ച ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ആദ്യം ചെറിയ പേടി തോന്നിയെന്നും, എന്നാല്‍ ചിത്രങ്ങള്‍ കണ്ടതോടെ സന്തോഷമായെന്നും ആസ്മാന്‍ വീഡിയോയില്‍ പറയുന്നുണ്ട്. മേക്കപ്പ് ചെയ്തപ്പോള്‍ ആസ്മാനെ മാറ്റി മറിക്കുന്ന രീതിയില്‍ ചെയ്തില്ല, പകരം അവരുടെ സ്വഭാവിക സൗന്ദര്യത്തെ എടുത്തു കാണുന്ന രീതിയിലാണ് ചെയ്തതെന്ന് മേക്ക് ആര്‍ട്ടിസ്റ്റായ പ്രബിന്‍ തോമസ്. വസ്ത്രാലങ്കാരം അയനാ ഡിസൈന്‍സും സ്‌റ്റൈലിങ് ബബിത ബഷീറുമായിരുന്നു.
Content Highlights: Kerala photographer Mahadevan Thampi shoots Rajasthani street vendor to fame