നുവരി 30. സമയം ഉച്ചകഴിഞ്ഞ് മൂന്നര. സ്ഥലം തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി. അതുവരെ കാണാത്ത വിധം എല്ലാ ജീവനക്കാരും ജാഗ്രതയിലാണ്. ഒരു തമാശയോ വെറുതെ ഒരു ചിരിയോ പോലും കൈമാറാന്‍ നേരമില്ലാത്തവണ്ണം എല്ലാവരും തിരക്കിലാണ്. രാജ്യത്ത് ആദ്യമായി കൊറോണ സ്ഥിരീകരിച്ച രോഗി ഒരു  വിളിപ്പാടകലെയുണ്ട്. തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍. അവരെ മണിക്കൂറിനുള്ളില്‍ മെഡിക്കല്‍  കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റണം. ഉത്തരവ് വന്നുകഴിഞ്ഞു. 

ടെലിഫോണ്‍ അടക്കമുള്ള സംവിധാനങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാകണം. വാര്‍ഡില്‍ ജോലി ചെയ്യാനുള്ളവരെ കണ്ടെത്തുകയും വേണം. കൊറോണ എന്ന മഹാമാരിയെ നേരിടാനുള്ള ഒരുക്കങ്ങളാണ് ആശുപത്രിയില്‍ നടക്കുന്നത്. ഒരു വശത്ത് പേ വാര്‍ഡ്  ഒഴിപ്പിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു ഐസൊലേഷന്‍ വാര്‍ഡ് ഒരുങ്ങി. ഒരു വശത്ത് വാര്‍ഡില്‍ ജോലി ചെയ്യേണ്ടവരുടെ പട്ടികയും തയ്യാറാക്കുന്നതിന്റെ തിരക്കാണ്. പുതിയ ലിസ്റ്റിലേക്ക് ഡോക്ടര്‍മാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ വേണം. 

വൈകീട്ട് ഏഴോടെ ഐസൊലേഷന് വാര്‍ഡ് മാത്രമല്ല തയ്യാറായത്. 30 നേഴ്‌സുമാരും അത്രത്തോളം ഡോക്ടര്‍മാരും അനുബന്ധ സ്റ്റാഫും ഉള്‍പ്പെടുത്തിയുള്ള പ്രത്യേക മെഡിക്കല്‍ സംഘം തയ്യാര്‍. ഇനി രോഗിയെത്തിയാല്‍ മതി. ഇതിന്നിടയില്‍ ആശുപത്രിയില്‍ പല രംഗങ്ങളും അരങ്ങേറുന്നുണ്ടായിരുന്നു. പൊതുജനത്തിന്റെ വേവലാതി പല സീനുകളുമുണ്ടാക്കി. ചികിത്സയിലുള്ള ചിലരെല്ലാം കൊറോണ ഭീതിയില്‍ ചികിത്സ മതിയാക്കി വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. കൊറോണ രോഗി ഇവിടേക്ക് എത്തുന്ന വിവരമറിഞ്ഞ് ചിലര്‍ ആശുപത്രിയിലേക്കുള്ള പാതി വഴിയില്‍ മടങ്ങുന്നു. വൈകീട്ടോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒ.പി,ഐ.പി. സെന്ററുകളെല്ലാം ഏതാണ്ട് ആളൊഴിഞ്ഞ നിലയിലായി.

കൊറോണയ്ക്കായി രൂപീകരിക്കപ്പെട്ട കോര്‍ ടീമില്‍ അംഗമായ ഹെഡ് നേഴ്‌സിന്റെ അടുത്തേക്ക് ഒരാള്‍ ഓടിയെത്തി ചോദിച്ചു; '' കൊറോണ ചികിത്സാ സംഘത്തില്‍ എന്നേയും അംഗമാക്കുമോ? അതിന് ഞാന്‍ തയ്യാറാണ്.'' ചെസ്റ്റ് ആശുപത്രിയില് സ്റ്റാഫ് നേഴ്‌സായ സന്ധ്യാ ജലേഷ് ആയിരുന്നു അത്. ഹെഡ് നേഴ്‌സ് അവരെ തിരിച്ചയച്ചു. 15 ദിവസം അവധിയില്ലാതെ  തുടര്‍ച്ചയായി ചികിത്സയ്ക്ക് തയ്യാറായ 30 നേഴ്‌സുമാരെ കണ്ടെത്തിയെന്നും അടുത്ത സംഘത്തെ തിരഞ്ഞെടുക്കുമ്പോള്‍ ഉള്‍പ്പെടുത്താമെന്നുമായിരുന്നു ഹെഡ് നേഴ്‌സ് അറിയിച്ചത്. നിരാശയില്ലാതെയാണ് സന്ധ്യ  മടങ്ങിയത്. ടീമില്‍ കയറാമെന്നും വ്യത്യസ്തമായൊരു ചികിത്സാനുഭവം നേടാമെന്നും സന്ധ്യയ്ക്കുറപ്പുണ്ടായിരുന്നു. 2019ല്‍ സംസ്ഥാനത്ത്, തൃശ്ശൂരില്‍ വീണ്ടും നിപ്പ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മെഡിക്കല്‍ കോളേജിലെ ചികിത്സാ സംഘത്തില്‍ സന്ധ്യയുമുണ്ടായിരുന്നു. സന്ധ്യ പറയുന്നു: 

ഞാന്‍ തയ്യാറാണ്...

കൊറോണ ചികിത്സാ സംഘത്തില്‍ ഒരു വയസു പോലും പ്രായമാകാത്ത ഒരു കുഞ്ഞിന്റെ അമ്മയായ നേഴ്‌സ് ഉള്‍പ്പെട്ടിട്ടുണ്ടെന്നറിഞ്ഞു. ചെറിയ കുഞ്ഞിന്റെ അമ്മയായ നേഴ്‌സിനെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്നും പകരം ടീമില്‍ പ്രവേശിക്കാന്‍ തയ്യാറാണെന്നും ഞാന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ സംഘം എന്റെ അപേക്ഷ അംഗീകരിച്ചു. അപ്പോഴേക്കും മെഡിക്കല്‍ കോളേജിലേക്ക് രോഗിയെത്തി മൂന്നാല് ദിവസങ്ങള്‍ കഴിഞ്ഞിരുന്നു.
ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ പേര് അടക്കമുള്ള വിവരങ്ങള്‍ തിരക്കരുത്, ചികിത്സയെപ്പറ്റി ആര്‍ക്കും വിവരം കൈമാറരുത്, ഏത് സമയത്തും ഡ്യൂട്ടിയിലുണ്ടാകണം തുടങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങളാണ് കിട്ടിയത്. പ്രതീക്ഷിച്ചതിലും കര്‍ക്കശമായിരുന്നു വ്യവസ്ഥകള്‍.

ഐസൊലേഷന്‍ വാര്‍ഡിലേക്ക് കയറുമ്പോള്‍ പി.പി.ഇ.കിറ്റ് ധരിക്കണം. രോഗിയുടെ രക്തസമ്മര്‍ദ്ദവും മറ്റും പരിശോധിച്ച് മരുന്ന്  കൊടുത്ത ശേഷം ഇറങ്ങിയാലുടന്‍ പി.പി.ഇ.കിറ്റ് പ്രത്യേക ഇടത്തില്‍ കത്തിച്ച് കളയണം. അതിന് ശേഷം അണുനാശിനി ഉപയോഗിച്ച് അവിടെത്തന്നെ കുളിക്കണം.അതിനും ശേഷമേ താമസസ്ഥലത്തേക്ക് പോകാവൂ.

ഡ്യൂട്ടിയില്ലാത്ത ഇടവേളകളില്‍ ഡോക്ടര്‍മാരെത്തി എന്നെ ഇടയ്ക്കിടെ പരിശോധിച്ചു. കൊറോണ രോഗിയുമായി ഇടപഴകിയ എന്നിലേക്ക് വൈറസ്  പടര്‍ന്നോ എന്ന് അറിയാനായിരുന്നു അത്. അങ്ങനെ രോഗിയെ ചികിത്സിച്ച സംഘത്തിലുള്ള ഞാനും കൊറോണ നിരീക്ഷണത്തിലുള്ളയാളായി. 
ഐസോലേഷന് വാര്‍ഡുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തിലായിരുന്നുവെന്ന് ഞാന്‍ അപ്പോഴാണറിഞ്ഞത്. കൊറോണ രോഗത്തെ തുരത്തിയതിന് പിന്നില്‍ ഇത്തരമൊരു വലിയ നിരീക്ഷണ ചെയിനുണ്ടായിരുന്നു. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗാണു പകരാതിരിക്കാനുള്ള നിരീക്ഷണം. അത് ആശുപത്രിയിലും വീടുകളിലും നടത്തി. രോഗികളില്‍ നെഗറ്റീവ് റിപ്പോര്‍ട്ട് വന്ന ശേഷമാണ് ചികിത്സാ സംഘാംഗങ്ങള്‍ക്ക് വീടുകളില്‍ പോകാമെന്നായത്. എങ്കിലും ആരോഗ്യ വകുപ്പ് നിരീക്ഷണം അവസാനിപ്പിച്ചില്ല. ചികിത്സാ സംഘത്തിലെ ആരെല്ലാം വീടുകളില്‍ പോയോ ആ വീടുകളിലെ ഓരോ അംഗവും അവര്‍ അറിഞ്ഞും അറിയാതെയും നിരീക്ഷണത്തിലായി.

സ്വന്തം മകള്‍ക്ക് രോഗം വന്നാല്‍ മാറി നില്‍ക്കാനാകുമോ! ആ ചിന്തയായിരുന്നു എന്നെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ സേവനം നടത്തുന്നതിന് പ്രേരിപ്പിച്ചത്. ആദ്യ ഘട്ടങ്ങളില്‍ കൊറോണ  പോസറ്റീവ് റിപ്പോര്‍ട്ടുള്ള കുട്ടി മുഴുവന്‍ സമയം പി.പി.ഇ.കിറ്റ് ധരിച്ചാണ് ഇരുന്നത്. തുടര്‍ച്ചയായി രണ്ട് നെഗറ്റീവ് റിപ്പോര്‍ട്ട് കിട്ടിയ ശേഷമാണ് മാസ്‌ക് മാത്രമായി ധരിച്ചത്. ധാരാളം സംസാരിക്കുകയും വൈ ഫൈ കിട്ടിയില്ലെങ്കില്‍ ഉടന്‍ വിളിച്ച് പരാതിപ്പെടുകയും ചെയ്യുന്ന ഒരു നാട്ടിന്‍ പുറത്തുകാരി. അതായിരുന്നു കൊറോണ വാര്‍ഡിലെ ആദ്യ  പോസറ്റീവ് റിപ്പോര്‍ട്ട് വന്ന കുട്ടി.

എന്നേക്കാള്‍ നന്നായി വളരെ അര്‍പ്പണബോധത്തോടെ ജോലി നോക്കുന്ന എത്രയോ നേഴ്‌സുമാരാണ് ഇവിടെയുള്ളത്. അവരുടെ മുമ്പില്‍ ഞാന്‍ ഒന്നുമല്ല. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍ഭയത്തോടെ കാണുന്ന കൊറോണ ഭീതിയകറ്റാന്‍ ഒരു മോട്ടിവേഷന്‍. അത്രയേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളു.

( മൂന്നര വര്‍ഷമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സാണ് സന്ധ്യ ജലേഷ്. ജോലി കഴിഞ്ഞുള്ള സമയം സാഹിത്യരചനയാണ് സന്ധ്യയുടെ താല്‍പ്പര്യം. രണ്ട് നോവലുകളുടെ രചയിതാവാണ്. മഴ മേഘങ്ങളെ കാത്ത്,നീ എന്റെ സുകൃതം എന്നീ നോവലുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.  'മഴ മേഘങ്ങളെ കാത്ത്' എന്ന നോവലിന് ഉത്തര കേരള കവിതാ സാഹിത്യ വേദിയുടെ 2107ലെ  മാധവിക്കുട്ടി പുരസ്‌കാരം ലഭിച്ചു. ഭര്‍ത്താവ് ജലേഷ്. മക്കള്‍ ലക്ഷ്മി,അമര്‍നാഥ്.)

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: kerala Nurse who take care first corona patient in India