കാട്ടൂർ(തൃശ്ശൂർ): 11 വർഷം മുമ്പ് കാട്ടൂർ പൈങ്കണ്ണിക്കാവ് ഭദ്രകാളി ക്ഷേത്രത്തിൽ മൂലബിംബപ്രതിഷ്ഠ നടത്തി കേരളത്തിലെ ആദ്യ വനിതാ തന്ത്രിയായി ചരിത്രം രചിച്ച ജ്യോത്സ്ന പദ്മനാഭന് സംസ്കൃതസാഹിത്യം ബിരുദാനന്തരബിരുദത്തിൽ ഒന്നാംറാങ്ക്. കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ നിന്ന് സംസ്കൃതം വേദാന്തത്തിൽ ജ്യോത്സ്ന ബിരുദത്തിന് രണ്ടാംറാങ്ക് നേടിയിരുന്നു. വേദപഠനത്തിൽ സ്ത്രീകൾ അപൂർവമല്ലെങ്കിലും തന്ത്രശാസ്ത്രത്തിൽ അങ്ങനെയാണ്. എന്നാൽ, പഠനത്തിലും തന്ത്രകാര്യങ്ങളിലും ഒരുപോലെ മികവു കാണിച്ചുകൊണ്ടാണ് ജ്യോത്സ്ന വ്യത്യസ്തയാകുന്നത്.

2010 മെയ് 23-ന് കാട്ടൂർ പൈങ്കണിക്കാവ് ക്ഷേത്രത്തിലെ ഉപദേവതയായ ഭദ്രകാളിയെ പ്രതിഷ്ഠിക്കുമ്പോൾ ഏഴാംക്ലാസ് വിദ്യാർഥിനിയായിരുന്നു. മാതാ അമൃതാനന്ദമയി ബ്രഹ്മസ്ഥാന പ്രതിഷ്ഠ നടത്തിയിട്ടുണ്ടെങ്കിലും മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ സ്ത്രീകൾ പൂജാരിണികളാണെങ്കിലും തന്ത്രി കുടുംബത്തിൽനിന്ന് താന്ത്രികവിധിപ്രകാരം പഠിച്ച് ഒരു പെൺകുട്ടി തന്ത്രിയായത് പുതിയ കാര്യമായിരുന്നു.

പൈങ്കണ്ണിക്കാവ് ക്ഷേത്രം തന്ത്രി തരണനെല്ലൂർ പദ്മനാഭൻ നമ്പൂതിരിയുടെയും അർച്ചന അന്തർജനത്തിന്റെയും രണ്ട് മക്കളിൽ മൂത്തയാളാണ് ജ്യോത്സ്ന. അനുജൻ ശ്രീശങ്കരൻ തന്ത്രശാസ്ത്രത്തിൽ ഉപരിപഠനം നടത്തുന്നു. കേരളത്തിലെ താന്ത്രികാചാര്യൻമാരിൽ അദ്വിതീയനായ തൃപ്രയാർ ശ്രീരാമക്ഷേത്രം തന്ത്രി പദ്മനാഭൻ നമ്പൂതിരിപ്പാടിന്റെ അരുമശിഷ്യയാണ്. പുറത്തുപോയി പഠിക്കാനുള്ള ആഗ്രഹത്തെത്തുടർന്ന് കാഞ്ചീവരം ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയ സർവകലാശാലയിലാണ് ബിരുദാനന്തര ബിരുദപഠനത്തിന് ചേർന്നതെന്ന് ജ്യോത്സ്ന പറഞ്ഞു.

താന്ത്രിക കാര്യങ്ങളിൽ കൂടുതൽ അറിവുനേടുന്നതോടൊപ്പം വേദാന്തത്തിൽ പി.എച്ച്.ഡി. എടുക്കാനാണ് ജ്യോത്സ്നയുടെ ആഗ്രഹം. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രമുൾപ്പടെയുള്ള മഹാക്ഷേത്രങ്ങളുടെ താന്ത്രികാവകാശം ഈ കുടുംബത്തിനാണ്.

Content Highlights:Kerala first women tantri Jyothsna Padmanabhan Rank Holder