ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിന്റെ ഭാര്യ കേറ്റ് മിഡില്‍ടണിന്റെ 40-ാം പിറന്നാളായിരുന്നു ജനുവരി ഒന്‍പത് ഞായറാഴ്ച. കേറ്റിന്റെ പിറന്നാളിനോട് അനുബന്ധിച്ച് അവരുടെ മൂന്ന് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് കെന്‍സിങ്ടണ്‍ പാലസ്. ഇറ്റാലിയന്‍ വംശജനായ പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രഫര്‍ പൗലോ റേവേഴ്‌സിയാണ് കേറ്റിന്റെ മൂന്ന് ചിത്രങ്ങളും പകര്‍ത്തിയിരിക്കുന്നത്. യു.കെ.യിലെ ക്യു ഗാര്‍ഡനില്‍നിന്ന് കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളും നാഷണള്‍ പോട്രെയ്റ്റ് ഗാലറിയ്ക്ക് നല്‍കും. എന്‍.പി.ജിയുടെ രക്ഷാധികാരി കൂടിയാണ് കേറ്റ് എന്ന് കൊട്ടാരം ട്വീറ്റില്‍ അറിയിച്ചു. 

കേറ്റിന്റെ മൂന്നു ചിത്രങ്ങളും സ്വീകരിക്കാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്ന് എന്‍.പി.ജി. മറുപടി ട്വീറ്റില്‍ വ്യക്തമാക്കി. 

ബ്രിട്ടനിലെ ആഢംബര ഫാഷന്‍ ബ്രാന്‍ഡായ അലക്‌സാണ്ടര്‍ മക് ക്യൂനിന്റെ ഗൗണാണ് ചിത്രത്തില്‍ കേറ്റ് അണിഞ്ഞിരിക്കുന്നതെന്ന് വോഗ് റിപ്പോര്‍ട്ടു ചെയ്തു. വില്യം രാജകുമാരന്റെ അമ്മ ഡയാന രാജകുമാരിയുടെ കമ്മലുകളാണ് കേറ്റ് അണിഞ്ഞിരിക്കുന്നത്.

എന്‍.പി.ജി.യുടെ ഗാലറിയില്‍ 'കമിങ് ഹോം'  എന്ന സെക്ഷനിലായിരിക്കും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. അടുത്തവര്‍ഷം എന്‍.പി.ജി. വീണ്ടും തുറന്നു കൊടുക്കുമെന്നാണ് കരുതുന്നത്. കേറ്റിന് ഏറ്റവും പ്രിയപ്പെട്ട മൂന്ന് സ്ഥലങ്ങളില്‍ ഈ ചിത്രങ്ങള്‍ എന്‍.പി.ജി. പ്രദര്‍ശിപ്പിക്കും. കേറ്റിന്റെ ജന്മദേശമായ ബെര്‍ക്ക്‌ഷൈര്‍, കേറ്റ് പഠിച്ച സ്‌കോട്ട്‌ലന്‍ഡിലെ സെയ്ന്റ് ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റി, വിവാഹശേഷം കേറ്റും വില്യമും ഒന്നിച്ച് താമസിച്ച വെയില്‍സിലെ ഏഞ്ചല്‍സെ എന്നിവടങ്ങളിയാരിക്കും ചിത്രങ്ങള്‍ ഈ വര്‍ഷം മുഴുവന്‍ പ്രദര്‍ശിപ്പിക്കുക. 

കേറ്റിന്റെ ചിത്രങ്ങള്‍ക്ക് ട്വിറ്ററില്‍ വലിയതോതിലുള്ള പ്രതികരണമാണ് ലഭിച്ചത്. കെന്‍സിങ്ടണ്‍ പാലസ് പങ്കുവെച്ച ചിത്രത്തിന് ഇതുവരെ 79,000-ല്‍ പരം ലൈക്കുകളാണ് ലഭിച്ചത്.

Content highlights: kensington palace release 3 portrait of kate middileton, 40th birthday of kate middleton