മാതൃത്വം മനോഹരമായ അനുഭവമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ അതിനൊപ്പമുള്ള വെല്ലുവിളികളെ പറ്റി ആരും സംസാരിക്കാറില്ല. സാധാരണ അമ്മമാരായാലും പ്രസിദ്ധരായ അമ്മമാരായാലും മാതൃത്വത്തിലെത്തുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒന്നുതന്നെയാണ്. അമ്മമാര്‍ക്ക് മാനസികവും ശാരീരികവുമായ വലിയ പിന്തുണ ഇക്കാലത്ത് ആവശ്യമാണ്. 

അമേരിക്കന്‍ ഗായികയും എഴുത്തുകാരിയുമായ കാറ്റി പെറി തന്റെ അമ്മ അനുഭവത്തെ പറ്റിയും നേരിട്ട വെല്ലുവിളികളെ പറ്റിയും തുറന്നുപറയുകയാണ്. മെഡിറ്റേറ്റ് അമേരിക്ക എന്ന വെര്‍ച്വല്‍ ഇവന്റിലായിരുന്നു കാറ്റി പെറിയുടെ ഈ വെളിപ്പെടുത്തല്‍. തന്റെ മകള്‍ ഒരു സമ്മാനമാണെന്നും, എന്നാല്‍ അവള്‍ക്കൊപ്പം കിട്ടിയ ഉറക്കക്കുറവാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നുമാണ് താരം പറഞ്ഞത്. 

'ഞാന്‍ ഒരു പുതിയ അമ്മയാണ്. എന്റെ മകള്‍ എനിക്കു കിട്ടിയ നിധിയാണ്. എന്നാല്‍ എത്രയൊക്കെ പിന്തുണ ലഭിച്ചാലും ഉറക്കക്കുറവ് നിങ്ങളെ അലട്ടും. സാധാരണ എനിക്ക് ലഭിച്ചിരുന്ന ആറ് മണിക്കൂര്‍ ഉറക്കം ലഭിക്കാന്‍ ഞാന്‍ എവിടെ പോകും, ആ ഉറക്കം തന്നെ എവിടെയാണ് പോയ്ക്കളഞ്ഞത്' താരം ചോദിക്കുന്നു. 

'നന്നായി വിശ്രമം വേണമെന്ന് ശരീരം ആഗ്രഹിക്കുമ്പോള്‍, മനസ്സും തലച്ചോറുമെല്ലാം വിശ്രമിക്കൂ എന്ന് വാശിപിടിക്കുമ്പോള്‍ എന്റെ ക്ലോക്കിലെ രണ്ടോ മൂന്നോ മണിക്കൂര്‍ ഞാന്‍ കവര്‍ന്നെടുക്കും, ശരിക്കും മോഷണം പോലെ തന്നെ.' കാറ്റി പെറി തന്റെ ഉറക്കത്തെ പറ്റി പറയുന്നത് ഇങ്ങനെയാണ്. കാറ്റി പെറിക്കും പങ്കാളിയും ഹോളിവുഡ് താരവുമായ ഒര്‍ലാന്‍ഡോ ബ്ലൂമിനും ഓഗസ്റ്റിലാണ് മകള്‍ ഡെയ്‌സി ഡോവ് പിറന്നത്.

Content Highlights: Katy Perry says sleeping has been a ‘challenge’ since the birth of daughter