റ്റൊരാളെ ശാരീരിക പ്രത്യേകതകളുടെ പേരില്‍ ഇകഴ്ത്തിക്കാണിക്കാനും പരിഹസിക്കാനും വ്യഗ്രത കാണിക്കുന്നവർ ഇന്നുമുണ്ട്. ബോഡിഷെയിമിങ്ങിനെക്കുറിച്ച് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തുറന്നുപറയുന്നുണ്ട്. ഇപ്പോഴിതാ ഹോളിവുഡ് താരവും ടൈറ്റാനിക് ചിത്രത്തിലെ നായികയുമായ കേറ്റ് വിന്‍സ്ലെറ്റും അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ്. പത്രക്കാര്‍ തന്റെ വണ്ണവും ഭാരവും വാര്‍ത്തയാക്കി വേട്ടയാടിയതിനേക്കുറിച്ചാണ് കേറ്റ് പറയുന്നത്. 

കരിയറിന്റെ തുടക്കക്കാലത്ത് വണ്ണത്തിന്റെ പേരില്‍ വളരെയധികം വിമര്‍ശിക്കപ്പെട്ടിരുന്നുവെന്ന് പറയുകയാണ് കേറ്റ്. ഇതുമൂലം ഇരുപതുകളില്‍തന്നെ തനിക്ക് ആത്മവിശ്വാസം നഷ്ടമായിരുന്നുവെന്നും അരക്ഷിതാവസ്ഥ രൂപപ്പെട്ടിരുന്നുവെന്നും താരം പറയുന്നു. ഗാര്‍ഡിയനു നല്‍കിയ അഭിമുഖത്തിലാണ് കേറ്റ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. 

ചില പത്രക്കാര്‍ തന്നോട് അങ്ങേയറ്റം ക്രൂരതയോടെയാണ് പെരുമാറിയിരുന്നതെന്ന് കേറ്റ്. തന്റെ വണ്ണത്തിന്‍മേല്‍ അഭിപ്രായം പറയുകയും ഭാരം എത്രയാണെന്ന് ഊഹിച്ച് പറയുകയും തന്റെ ഡയറ്റ് അച്ചടിക്കുകയും ചെയ്യുമായിരുന്നുവെന്ന് കേറ്റ് പറയുന്നു. അവ അസ്വസ്ഥവും ഭീതിപ്പെടുത്തുന്നതുമായിരുന്നുവെന്ന് കേറ്റ്. 

തന്റെ ശരീരപ്രകൃതിയെക്കുറിച്ച് തന്നോടുതന്നെ തുടര്‍ച്ചയായി അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നുവെന്നും കേറ്റ് പറയുന്നു. ഈ വേട്ടയാടല്‍ മൂലം ഒരുവേള ഹോളിവുഡ് സ്വപ്‌നങ്ങള്‍ പോലും താന്‍ മൂടിവച്ചുവെന്ന് കേറ്റ് പറയുന്നു, ഇംഗ്ലണ്ടില്‍ ഇങ്ങനെയാണ് പറയുന്നതെങ്കില്‍ ഹോളിവുഡില്‍ പ്രവേശിച്ചാല്‍ എന്തായിരിക്കുമെന്നോര്‍ത്താണ് ആകുലപ്പെട്ടത്. പിന്നീട് ഇരുപത്തിയഞ്ചാം വയസ്സില്‍ കുഞ്ഞു പിറന്നതോടെയാണ് താന്‍ ഈ ആകുലതകളെല്ലാം പെട്ടിയിലടച്ചു പൂട്ടിയതെന്നും കേറ്റ്. 

മകള്‍ മിയ വന്നതോടെ തന്റെ കാഴ്ചപ്പാടുകളാകെ മാറി. തന്റെ ശരീരത്തെക്കുറിച്ചും അവ എങ്ങനെയായിരിക്കണമെന്നും ഒക്കെയുള്ള കമന്റുകളെ വകവെക്കാതെയായി. ഒപ്പം ഹോളിവുഡിലെ വിഷലിപ്തമായ സെക്‌സിസ്റ്റ് സംസ്‌കാരത്തിനെതിരേ പോരാടിയ സ്ത്രീകളെ പ്രശംസിച്ച കേറ്റ് ഇന്ന് എത്രത്തോളം മാറ്റം സംഭവിച്ചുവെന്നും അംഗീകരിക്കുന്നു. 

Content Highlights: Kate Winslet opens up about tabloids body shaming her